മഞ്ചേരി മേലാക്കത്ത് നിന്നും മുനവ്വിർ, മിൻഹാജ്, മുഹമ്മദ് ഫാദിൽ, ഫാത്തിമ നിദ എന്നീ നാലു കുട്ടികളും കാണാനെത്തിയപ്പോള്‍ പി കെ കുഞ്ഞാലിക്കുട്ടി നാല് പേര്‍ക്കും സൈക്കിളുകള്‍ സമ്മാനമായി നല്‍കി
മലപ്പുറം: മലപ്പുറം ലോക്സഭാ തെരെഞ്ഞെടുപ്പില്‍ മലപ്പുറത്ത് പി കെ കുഞ്ഞാലിക്കുട്ടിയ്ക്ക് വേണ്ടി ഏറെ കഷ്ടപ്പെട്ട് പോസ്റ്ററൊട്ടിച്ച കുട്ടികള്‍ക്ക് എംപിയുടെ വക സൈക്കിൾ സമ്മാനം. ഉയരം എത്താത്തതിനാല്‍ ഒരു കുട്ടിയുടെ പുറത്ത് കയറി മറ്റൊരു കുട്ടി മതിലില്‍ പോസ്റ്ററൊട്ടിച്ച ചിത്രം വൈറലായിരുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലെ ചിത്രമാണ് കുട്ടികള്‍ക്ക് സമ്മാനത്തിന് വകയൊരുക്കിയത്. ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതോടെ ശ്രദ്ധയില്‍പെട്ട പി കെ കുഞ്ഞാലിക്കുട്ടി കുട്ടികളെ കാണാൻ താത്പര്യം പ്രകടപ്പിക്കുകയായിരുന്നു. മഞ്ചേരി മേലാക്കത്ത് നിന്നും മുനവ്വിർ, മിൻഹാജ്, മുഹമ്മദ് ഫാദിൽ, ഫാത്തിമ നിദ എന്നീ നാലു കുട്ടികളും കാണാനെത്തിയപ്പോള്‍ പി കെ കുഞ്ഞാലിക്കുട്ടിക്കുവേണ്ടി മക്കാ കെഎംസിസി നാല് പേര്‍ക്കും സൈക്കിളുകള്‍ സമ്മാനമായി നല്‍കി.
അപ്രതീക്ഷിതമായി കിട്ടിയ സമ്മാനത്തില്‍ കുട്ടികള്‍ക്കും ഏറെ സന്തോഷം. ബന്ധുക്കള്‍ക്കൊപ്പം മഞ്ചേരിയിലെ മുസ്ലീം ലീഗ് പ്രവര്‍ത്തരും കുട്ടികള്‍ക്കൊപ്പം പി കെ കുഞ്ഞാലിക്കുട്ടിയുടെ വീട്ടിലെത്തിയിരുന്നു.
