വിഷ്ണുജിത്ത് എവിടെപ്പോയി? കൈവശം പണമുണ്ടായിരുന്നുവെന്ന് വിവരം, കണ്ണീര്‍ തോരാതെ അമ്മ, അന്വേഷിക്കുന്നതായി പൊലീസ്
ഇന്ന് വിവാഹം നടക്കേണ്ടിയിരുന്ന വിഷ്ണുജിത്തിനെയാണ് കാണാതായത്. ഈ മാസം നാലിന് പാലക്കാട് പോയ വിഷ്ണുജിത്ത് പിന്നെ തിരിച്ചെത്തിയിട്ടില്ല.വീട്ടുകാരുടെ പരാതിയിലാണ് പൊലീസ് അന്വേഷണം നടക്കുന്നത്.
മലപ്പുറം : മലപ്പുറം പള്ളിപ്പുറത്ത് നിന്നും കാണാതായ വിഷ്ണുജിത്തിന്റെ കൈവശം പണമുണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരമെന്ന് എസ് പി എസ് ശശിധരൻ. തിരോധാനത്തിലെ അന്വേഷണത്തിനായി രണ്ടംഗ സംഘത്തെ നിയോഗിച്ചുവെന്നും പൊലീസ് വ്യക്തമാക്കി. ഇന്ന് വിവാഹം നടക്കേണ്ടിയിരുന്ന വിഷ്ണുജിത്തിനെയാണ് നാല് ദിവസമായി കാണാതായത്. ഈ മാസം നാലിന് പാലക്കാട് പോയ വിഷ്ണുജിത്ത് പിന്നെ തിരിച്ചെത്തിയിട്ടില്ല. വീട്ടുകാരുടെ പരാതിയിലാണ് പൊലീസ് അന്വേഷണം നടക്കുന്നത്.
നാലു ദിവസമായി വിഷ്ണുജിത്തിന്റെ അമ്മയുടെ കണ്ണീര്‍ തോര്‍ന്നിട്ടില്ല. വ്യക്തിപരമായ എന്തെങ്കിലും പ്രയാസം കൊണ്ട് മാറി നിന്നതാണെങ്കില്‍ ഇന്ന് വിവാഹ ദിവസമായതിനാല്‍ ഇന്നെലയെങ്കിലും മകൻ തിരിച്ചെത്തുമെന്നായിരുന്നു അമ്മയുടെ പ്രതീക്ഷ. അതുകൂടി ഇല്ലാതായതോടെയാണ് വിഷ്ണുജിത്തിനെ കണ്ടെത്താൻ വീട്ടുകാര്‍ എല്ലാവരുടേയും സഹായം തേടിയത്.
പാലക്കാട് കഞ്ചിക്കോട് ഐസ്ക്രീം കമ്പനിയില്‍ ജോലിക്കാരനാണ് വിഷ്ണുജിത്ത്. കുറച്ച് പണം കിട്ടാനുണ്ടെന്ന് പറഞ്ഞാണ് വിഷ്ണുജിത്ത് പാലക്കാട്ടേക്ക് പോയത്.
മൂന്ന് ദിവസമായി ഫോൺ സ്വിച്ചിഡ് ഓഫ് ആണ്. കഞ്ചിക്കോടാണ് മൊബൈല്‍ ഫോണിന്‍റെ അവസാന ലൊക്കേഷൻ കാണിക്കുന്നത്.നാലു വര്‍ഷമായി സൗഹൃത്തിലുള്ള പെൺകുട്ടിയുമായാണ് വിവാഹം നിശ്ചയിച്ചിട്ടുള്ളത്. മലപ്പുറം പൊലീസ് എഫ് ഐ ആര്‍ ഇട്ട് അന്വേഷണം നടത്തുന്നുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുള്ളതൊഴിച്ചാല്‍ മറ്റ് പ്രശ്നങ്ങളൊന്നും ഉള്ളതായി വിഷ്ണുജിത്ത് വീട്ടുകാരോടോ സുഹൃത്തുക്കളോടെ പറഞ്ഞിട്ടില്ല.