03:37 PM (IST) Dec 10

കടുവയെ മയക്കുവെടി വെച്ച് പിടികൂടാൻ ഉത്തരവ്

വയനാട്ടിൽ യുവാവിനെ കൊന്ന കടുവയെ ആവശ്യമെങ്കിൽ വെടിവച്ച് കൊല്ലാൻ ഉത്തരവ്. ആളെ കൊന്ന കടുവയെന്ന് ഉറപ്പിച്ച് മാത്രം വെടിവയ്ക്കണമെന്നാണ് ചീഫ്‌ വൈൽഡ് ലൈഫ് വാർഡന്‍റെ ഉത്തരവില്‍ പറയുന്നത്. ഉത്തരവിറക്കിയതോടെ നാട്ടുകാർ സമരം അവസാനിപ്പിച്ചു. മരിച്ച പ്രജീഷിന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി.

03:37 PM (IST) Dec 10

ശബരിമല ദർശന സമയം നീട്ടും

ശബരിമല ദർശന സമയം ഒരു മണിക്കൂർ നീട്ടാന്‍ തീരുമാനം. ശബരിമലയിൽ തിരക്ക് തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. ദർശന സമയം നീട്ടാന്‍ തന്ത്രി അനുമതി നൽകി. ഉച്ചയ്ക്ക് മൂന്ന് മണിക്ക് നട തുറക്കും. 

03:37 PM (IST) Dec 10

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; കൂടുതൽ തെളിവുകൾ കണ്ടെത്തി

കൊല്ലം ഓയൂരിൽ 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ കൂടുതൽ തെളിവുകൾ കണ്ടെത്തി അന്വേഷണ സംഘം. പ്രതികള്‍ കത്തിച്ച കുട്ടിയുടെ സ്കൂൾ ബാഗിന്റെ ഭാഗങ്ങളും പെൻസിൽ ബോക്സും അന്വേഷണ സംഘം കണ്ടെടുത്തു. ഒന്നാംപ്രതി പത്മകുമാറിന്‍റെ പോളച്ചിറയിലെ ഫാം ഹൗസിൽ നടത്തിയ പരിശോധനയിലാണ് തെളിവുകൾ കണ്ടെടുത്തത്. Read More

03:36 PM (IST) Dec 10

ഭക്ഷണവും വെള്ളവുമില്ല, എരുമേലി-നിലക്കൽ പാതയിൽ 5 മണിക്കൂറായി ശബരിമല തീർത്ഥാടകർ കുടുങ്ങിക്കിടക്കുന്നു

ശബരിമലയിൽ തിരക്ക് കൂടിയതോടെ തീർത്ഥാടകർക്ക് ദുരിതം. തുലാപ്പള്ളി മുതൽ ഇലവുങ്കൽ വരെ എരുമേലി റൂട്ടിലും, പ്ലാപ്പള്ളി മുതൽ ഇലവുങ്കൽ വരെ പത്തനംതിട്ട റൂട്ടിലും തീർത്ഥാടകർ കുടുങ്ങിക്കിടക്കുകയാണ്. അഞ്ചുമണിക്കൂറായി എരുമേലി-നിലക്കൽ റൂട്ടിലും തീർത്ഥാടകർ കുടുങ്ങി കിടക്കുകയാണ്. 

02:55 PM (IST) Dec 10

'2 ആശുപത്രികളിലെത്തിച്ചു, മഞ്ഞപ്പിത്തമായിരുന്നു, പക്ഷേ ചികിത്സ വൈകി'

മഞ്ഞപ്പിത്തം ബാധിച്ച ആദിവാസി യുവാവ് മരിച്ചത് ചികിത്സ വൈകിയതിനെ തുടർന്നെന്നാരോപിച്ച് ബന്ധുക്കൾ രംഗത്ത്. കണ്ണൂർ അയ്യൻകുന്ന് കുട്ടുകപ്പാറയിലെ രാജേഷ് (22) ആണ് മരിച്ചത്. ഇരിട്ടി താലൂക്ക് ആശുപത്രിയിലും പരിയാരം മെഡിക്കൽ കോളേജിലും ചികിത്സ വൈകിയെന്നാണ് ആരോപണം. വെളളിയാഴ്ച ഇരിട്ടി താലൂക്ക് ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയത്. 

12:48 PM (IST) Dec 10

പ്രജീഷിനെ കടിച്ച് കൊന്നയിടത്ത് കടുവ ഇന്നുമെത്തി; കടുവയെ പിടിക്കാതെ ബോഡി വാങ്ങില്ലെന്ന് ബന്ധുക്കൾ

സുൽത്താൻ ബത്തേരി വാകേരിയിൽ കടുവയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സ്ഥലത്ത് കടുവ വീണ്ടും എത്തി. ഇന്ന് രാവിലെ പ്രദേശത്ത് കണ്ട കാൽപാടുകൾ കടുവയുടേതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. വനം വകുപ്പ് നടത്തിയ പരിശോധനയിലാണ് കാൽപ്പാടുകൾ കടുവയുടേതെന്ന് സ്ഥിരീകരിച്ചത്. പ്രജീഷിന്റെ പോസ്റ്റുമോർട്ടം പൂർത്തിയായി. കടുവയെ പിടിക്കാനുള്ള ഉത്തരവ് ഇറങ്ങാതെ ബോഡി വാങ്ങില്ലെന്ന നിലപാടിലാണ് നാട്ടുകാരും ബന്ധുക്കളും. 

12:47 PM (IST) Dec 10

കോഴിമുട്ട കയറ്റി വന്ന മിനി ലോറി അപകടത്തിൽപെട്ടു

താമരശ്ശേരി ചുരം ഒന്നാം വളവിനടുത്ത് കോഴിമുട്ട കയറ്റി വന്ന മിനി ലോറി അപകടത്തിൽപെട്ടു. ഡ്രൈവർ മാത്രമാണ് ലോറിയിൽ ഉണ്ടായിരുന്നത്. പരിക്കേൽക്കാതെ ഡ്രൈവർ രക്ഷപെട്ടു. എന്നാൽ ലോറി മറിഞ്ഞതോടെ കോഴിമുട്ട പൊട്ടി റോഡിൽ ഒലിച്ചിറങ്ങി. ഇരുചക്രവാഹന യാത്രികർ തെന്നി വീഴുന്ന സാഹചര്യമൊഴിവാക്കാൻ ഫയർ ആൻഡ് റെസ്ക്യു ഫോഴ്‌സെത്തി വെള്ളമടിച്ച് റോഡ് വൃത്തിയാക്കി.

12:47 PM (IST) Dec 10

നാലര വയസ്സുകാരിയെ പീഡിപ്പിച്ചു, എടപ്പാളിൽ ഡ്രൈവർ അറസ്റ്റിൽ

സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​നിയെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ വ​ട്ടം​കു​ളം സ്വ​ദേ​ശി​യായ ഓ​ട്ടോ ഡ്രൈ​വ​ര്‍ അറസ്റ്റില്‍. കാ​മ്പ​ല വ​ള​പ്പി​ൽ മു​ഹ​മ്മ​ദ്‌ അ​ഷ്‌​റ​ഫി​നെ (56) യാണ് ച​ങ്ങ​രം​കു​ളം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തത്. പതിവായി വി​ദ്യാ​ർ​ത്ഥികളെ കൊ​ണ്ടു​പോ​കു​ന്ന ഓ​ട്ടോ ഡ്രൈ​വറാണ് പി​ടി​യി​ലാ​യ​ത്.

12:47 PM (IST) Dec 10

പൂപ്പാറയിൽ തമിഴ്നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസ് അപകടത്തിൽപ്പെട്ട് 15 പേർക്ക് പരിക്ക്

ഇടുക്കി: പൂപ്പാറയിൽ തമിഴ്നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസ് അപകടത്തിൽപ്പെട്ട് 15 പേർക്ക് പരിക്ക്. രണ്ടു പേരുടെ നില ഗുരുതരമാണ്. തമിഴ്നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസ് പൂപ്പാറ തലക്കുളത്ത് വെച്ചാണ് അപകടത്തിൽപ്പെട്ടത്. ബ്രേക്ക് നഷ്ടപ്പെട്ട ബസ് തിട്ടയിൽ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. പരിക്കേറ്റവരെ തേനി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

12:46 PM (IST) Dec 10

'മുഖ്യമന്ത്രിക്ക് അകമ്പടി ഗുണ്ടകള്‍, കൊച്ചിയില്‍ സിപിഎമ്മുകാര്‍ക്കെതിരെയും രക്ഷാപ്രവര്‍ത്തനം'; വിഡി സതീശന്‍

വകേരള സദസ്സുമായി ബന്ധപ്പെട്ട അക്രമങ്ങളിലെ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു. കലാപത്തിന് ആഹ്വാനം ചെയ്തത് മുഖ്യമന്ത്രിയാണെന്നും മാരകായുധങ്ങള്‍ പുറത്ത് ഇട്ടാണ് മുഖ്യമന്ത്രിക്ക് പൊലീസ് എസ്കോര്‍ട്ട് പോവുന്നതെന്നും വിഡി സതീശന്‍ ആരോപിച്ചു. ക്രിമിനൽ ഗുണ്ടകളാണ് മുഖ്യമന്ത്രിക്ക് കൂട്ട്. ഗുണ്ടകൾ വാഹനത്തിൽ മുഖ്യമന്ത്രിക്ക് അകമ്പടി പോവുകയാണ്. അക്രമങ്ങളില്‍ മുഖ്യമന്ത്രിയെ ഒന്നാം പ്രതിയാക്കി കേസെടുക്കണം.

12:45 PM (IST) Dec 10

സ്വിമ്മിങ് പൂളില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

സ്വിമ്മിങ് പൂളില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. മലപ്പുറം വണ്ടൂരിലാണ് സ്വിമ്മിംഗ് പൂളിൽ വിദ്യാർത്ഥി മുങ്ങി മരിച്ച ദാരുണ സംഭവമുണ്ടായത്. വണ്ടൂർ ബോയ്സ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി മുഹമ്മദ്‌ കെൻസ(18)യാണ് മരിച്ചത്. ജ്യേഷ്ഠനൊപ്പം നീന്തൽ പരിശീലനത്തിനായി പോയതായിരുന്നു. നീന്തല്‍ പരിശീലനത്തിനിടെയാണ് അപകടം. വിദ്യാര്‍ത്ഥിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നടുവത്ത് തിരുവമ്പാടിയിലുള്ള സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഓര്‍ക്ക എന്ന നീന്തല്‍ പരിശീലനം നല്‍കുന്ന സ്ഥലത്താണ് ഇന്ന് രാവിലെ അപകടമുണ്ടായത്.

10:53 AM (IST) Dec 10

കരിന്തളം കോളേജ് വ്യാജരേഖ കേസ്: അന്വേഷണം പൂർത്തിയായിട്ടും കുറ്റപത്രം സമര്‍പ്പിക്കാതെ നീലേശ്വരം പൊലീസ്

അന്വേഷണം പൂര്‍ത്തിയായിട്ടു കരിന്തളം ഗവണ്‍മെന്‍റ് കോളേജ് വ്യാജരേഖ കേസിൽ കുറ്റപത്രം സമര്‍പ്പിക്കാതെ നീലേശ്വരം പൊലീസ്. മണ്ണാര്‍ക്കാട് കോടതിയില്‍ നിന്നുള്ള ചില രേഖകള്‍ക്കായി കാത്തിരിക്കുകയാണെന്നാണ് പൊലീസിന്‍റെ വിശദീകരണം. എസ്എഫ്ഐ മുന്‍ നേതാവ് കെ.വിദ്യയാണ് കേസിലെ പ്രതി. 

10:53 AM (IST) Dec 10

മലയാളി കുടുംബം കർണാടകയിലെ റിസോർട്ടിൽ മരിച്ച നിലയിൽ, മകളെ കൊന്ന് ജീവനൊടുക്കിയെന്ന് പൊലീസ്

കർണാടകയിലെ കുടകിൽ മലയാളി കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശി വിനോദ് ബാബുസേനൻ (43), ഭാര്യ ജിബി അബ്രഹാം (37) മകൾ ജെയ്ൻ മരിയ ജേക്കബ് (11) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തികപ്രശ്നങ്ങളെ തുടർന്ന് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ ഉച്ചയോടെയാണ് കുടുംബത്തെ മരിച്ച നിലയിൽ റിസോർട്ട് ജീവനക്കാർ കണ്ടത്.

10:52 AM (IST) Dec 10

കേരളത്തിൽ സോഷ്യൽമീഡിയ പ്രചാരണത്തിൽ അഴിച്ചുപണിക്കൊരുങ്ങി ബിജെപി ദേശീയ നേതൃത്വം

സാമൂഹിക മാധ്യമ പ്രചാരണത്തിൽ കേരളത്തിൽ കാര്യമായ അഴിച്ചുപണിക്കൊരുങ്ങി ബിജെപി ദേശീയ നേതൃത്വം. കൂടുതൽ പ്രൊഫഷണലായ സംഘത്തെ ചുമതലയേൽപിച്ചേക്കും. സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണത്തിൽ കേരളം ഏറെ പിന്നിലാണെന്ന് നേരത്തെ സംസ്ഥാനത്തിന്റെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി രാധാ മോഹൻദാസ് അ​ഗർവാൾ പരസ്യമായി വിമർശിച്ചിരുന്നു.

10:52 AM (IST) Dec 10

കടുവയെ കണ്ടാലുടൻ കൊല്ലണമെന്ന് ജോസ് കെ മാണി

സുൽത്താൻ ബത്തേരിയിൽ ഒരാളെ കൊല്ലുകയും മനുഷ്യ മാംസം ഭക്ഷിക്കുകയും മനുഷ്യച്ചോര രുചിക്കുകയും ചെയ്ത നരഭോജിയായ കടുവയെ കണ്ടാലുടൻ വെടിവെച്ചു കൊല്ലണമെന്ന് കേരള കോണ്‍ഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. ഈ കടുവയെ മയക്കുവെടി വെച്ച് പിടിച്ച് മറ്റൊരു വനമേഖലയിൽ വിട്ടാൽ തൊട്ടടുത്ത ജനവാസ മേഖലയിൽ മനുഷ്യ മാംസം തേടി വീണ്ടുമെത്തുമെന്നും ജോസ് കെ മാണി ചൂണ്ടിക്കാട്ടി

10:51 AM (IST) Dec 10

യുവാവിനെ ആക്രമിച്ച് കൊന്ന കടുവയ്ക്കായി വൻ തെരച്ചിൽ

സുല്‍ത്താന്‍ ബത്തേരി വാകേരിയില്‍ യുവാവിനെ കടിച്ചു കൊന്ന കടുവയെ കണ്ടെത്തുന്നതിനായി തെരച്ചില്‍ ഊര്‍ജിതമാക്കി വനം വകുപ്പ്. മൂന്ന് സംഘങ്ങളായാണ് പ്രദേശത്ത് വനം വകുപ്പ് തെരച്ചില്‍ നടത്തുന്നത്. കടുവ പ്രജീഷിനെ ആക്രമിച്ച് കൊന്ന സ്ഥലം കേന്ദ്രീകരിച്ചാണ് പരിശോധന. കടുവയക്കായി വലിയ രീതിയിലുള്ള തെരച്ചിലാണ് ആരംഭിച്ചിരിക്കുന്നത്. കടുവ അധിക ദൂരം പോയില്ലെന്നാണ് നിഗമനം. എന്തിനും സജ്ജമായിട്ടാണ് വനംവകുപ്പ് സ്ഥലത്തെത്തിയിരിക്കുന്നത്. കടുവയെ മയക്കുവെടിവെക്കുന്നതിനുള്ള ടീമും സജ്ജമാണ്. വെറ്ററിനറി ടീമും സുല്‍ത്താന്‍ ബത്തേരിയില്‍ ഒരുങ്ങിനില്‍ക്കുകയാണ്.

09:24 AM (IST) Dec 10

തിരുവനന്തപുരത്തെ വധശ്രമം: 2 പേർ കസ്റ്റഡിയിൽ

കീഴാറ്റിൻങ്ങലിൽ അഞ്ച് പേരെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ രണ്ട് പേർ കസ്റ്റഡിയിൽ. മുഖ്യപ്രതി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പവൻ പ്രകാശ് എന്നയാളുടെ സുഹ്യത്തുക്കളാണ് പിടിയിലായത്. ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് നാടിനെയാകെ ഭീതിയിലാക്കി മൂന്നംഗ ഗുണ്ടാ സംഘത്തിന്റെ ആക്രമണമുണ്ടായത്.

09:23 AM (IST) Dec 10

സിറോ മലബാർ സഭാ പുതിയ അധ്യക്ഷനെ ജനുവരിയിൽ തിരഞ്ഞെടുക്കും

സിറോ മലബാർ സഭ അധ്യക്ഷൻ കർദിനാൾ ജോർജ് ആലഞ്ചേരി സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തിൽ പുതിയ സഭാധ്യക്ഷനെ ജനുവരിയിലെ സിനഡിൽ തിരുമാനിക്കും. ജനുവരി 8 മുതൽ 13 വരെ സിനഡ് ചേർന്നാകും പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുക. തെരഞ്ഞെടുക്കപ്പെടുന്ന മേജർ ആർച്ച് ബിഷപ്പിനെ മാർപ്പാപ്പ അംഗീകരിക്കണം. അംഗീകാരം കിട്ടിയാൽ ഉടൻ പ്രഖ്യാപനവും സ്ഥാനാരോഹണവും ഉണ്ടാകും. സഭാ നേതൃത്വം സർക്കുലറിലൂടെയാണ് ഇക്കാര്യം വിശ്വാസികളെ അറിയിച്ചത്. 

07:09 AM (IST) Dec 10

കടുവയെ പിടികൂടാന്‍ വനംവകുപ്പ്; ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്‍റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്

സുൽത്താൻ ബത്തേരി വാകേരിയിൽ കടുവയുടെ ആക്രമണത്തിൽ മരിച്ച കൂടല്ലൂർ സ്വദേശി പ്രജീഷിന്‍റെ മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടം ചെയ്യും. സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലാണ് പോസ്റ്റുമോർട്ടത്തിനുള്ള ക്രമീകരണം ഒരുക്കിയിട്ടുള്ളത്. അതിനുശേഷമാകും സംസ്കാരം അടക്കമുള്ള കാര്യങ്ങളിൽ തീരുമാനം ഉണ്ടാവുക. ഇന്നലെ രാവിലെ 11 മണിയോടെയാണ് പാടത്ത് പുല്ലരിയാന്‍ പ്രജീഷ് പോയത്. എന്നാല്‍, വൈകിട്ട് പാലളക്കുന്ന സമയമായിട്ടും പ്രജീഷ് തിരിച്ചെത്തിയില്ല. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കടുവ ഭക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

07:09 AM (IST) Dec 10

ജീവനെടുത്ത് കടുവ; വയനാട്ടിൽ എട്ടുവര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് ഏഴുപേര്‍, ഈ വര്‍ഷം മാത്രം രണ്ടുപേര്‍

കല്‍പ്പറ്റ: വയനാട്ടില്‍ എട്ടുവർഷത്തിനിടെ ഏഴുപേരാണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഈ വർഷം മാത്രം രണ്ട് മനുഷ്യ ജീവനുകൾ കടുവയെടുത്തു. ഇന്നലെയാണ് ഒടുവിലായി വാകേരി സ്വദേശി പ്രജീഷ് കടുവയുടെ ആക്രമണത്തില്‍ ദാരുണമായി കൊല്ലപ്പെട്ടത്. 2015 മുതലാണ് കടുവയെടുത്ത മനുഷ്യ ജീവിന്‍റെ കണക്ക്, രേഖകൾ സഹിതം വനംവകുപ്പ് സൂക്ഷിക്കാൻ തുടങ്ങിയത്. 2015ന് മുമ്പും കടുവ ആക്രമണത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ടാകാമെങ്കിലും ഇതിന്‍റെ കൃത്യമായ കണക്കുകള്‍ ലഭ്യമല്ല.2015ൽ മാത്രം വയനാട്ടില്‍ മൂന്നുപേർ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു