02:34 PM (IST) Jun 20

വീട്ടിൽ കഞ്ചാവ് ചെടികള്‍ നട്ടുവളർത്തി; യുവാവ് അറസ്റ്റിൽ

നെടുമങ്ങാട് പനവൂരിൽ നിന്നും കഞ്ചാവ് ചെടികളുമായി യുവാവ് അറസ്റ്റിൽ. പനവൂർ കരിക്കുഴിയിൽ താമസിക്കുന്ന മുഹമ്മദ്‌ ഷെഹീനെ (23) ആണ് കഞ്ചാവ് ചെടികൾ വളർത്തിയതിന് പിടികൂടിയത്. പോളിത്തീൻ കവറിൽ നട്ടുവളർത്തിയ അഞ്ച് കഞ്ചാവ് ചെടികൾ കണ്ടെത്തി.

02:33 PM (IST) Jun 20

മൂന്നാറിൽ കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി

മൂന്നാറിൽ കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി സിപിഐ ലോക്കൽ സെക്രട്ടറി. സിപിഐ ദേവികുളം ലോക്കൽ സെക്രട്ടറി ആരോഗ്യദാസാണ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയത്. ഷെഡ് പൊളിക്കാൻ നേതൃത്വം നൽകിയ തഹസിൽദാറെ വീട്ടിലിരുത്തുമെന്നാണ് ഭീഷണി.

01:09 PM (IST) Jun 20

മലപ്പുറം മുട്ടിപ്പടിയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് രണ്ട് പേര് മരിച്ചു

മലപ്പുറം മുട്ടിപ്പടിയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് രണ്ട് പേര് മരിച്ചു. ഓട്ടോറിക്ഷയായികരായ മഞ്ചേരി പുൽപറ്റ സ്വദേശികളാണ് മരിച്ചത്.

01:08 PM (IST) Jun 20

ജാർഖണ്ഡിൽ ജാതിസർവേ നടത്താൻ തീരുമാനം

ജാർഖണ്ഡിൽ ജാതിസർവേ നടത്താൻ തീരുമാനം. മുഖ്യമന്ത്രി ചംപയ് സോറന്‍റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന മന്ത്രിസഭാ യോ​ഗത്തിലാണ് തീരുമാനം

01:05 PM (IST) Jun 20

കണ്ണൂർ എരഞ്ഞോളി ബോംബ് സ്ഫോടനം

കണ്ണൂർ എരഞ്ഞോളി ബോംബ് സ്ഫോടനം.സ്ഫോടനം നടന്ന വീട്ട് പറമ്പിലും പരിസരത്തും കാടുവെട്ടി തളിച്ച് പരിശോധന.ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സംയുക്തമായാണ് പരിശോധന.തലശ്ശേരി എഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം.തലശ്ശേരിയിലെ വിവിധ പ്രദേശങ്ങളിലും പരിശോധന നടത്തിയിട്ടുണ്ട്.

01:04 PM (IST) Jun 20

കുവൈത്ത് ദുരന്തം; മരിച്ച ബിനോയ് തോമസിന്‍റെ കുടുംബത്തിന് 'ലൈഫിൽ വീട്

കുവൈത്ത് തീപിടിത്ത ദുരന്തത്തില്‍ മരിച്ച ചാവക്കാട് സ്വദേശി ബിനോയ് തോമസിന് ലൈഫ് പദ്ധതിയിൽ വീട് നൽകാൻ ചാവക്കാട് നഗരസഭ തീരുമാനമെടുത്തു. നഗരസഭയുടെ അടിയന്തിര കൗൺസിൽ ചേർന്നാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. നഗരസഭ തീരുമാനം തദ്ദേശ സ്വയം ഭരണ വകുപ്പിന് കൈമാറുമെന്നും ചാവക്കാട് നഗരസഭ അറിയിച്ചു. 

01:04 PM (IST) Jun 20

ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറുടെ ആത്മഹത്യ; അറസ്റ്റിലായ യുവാവിനെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

തിരുവനന്തപുരത്ത് ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പോക്സോ വകുപ്പ് പ്രകാരം അറസ്റ്റിലായ ആണ്‍ സുഹൃത്തിനെ മൂന്ന് ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടുനൽകി. പൂജപ്പുര പൊലീസിന്റെ ആവശ്യപ്രകാരമാണ് കോടതി മൂന്ന് ദിവസത്തെ കസ്റ്റഡി അനുവദിച്ചത്. നെടുമങ്ങാട് സ്വദേശി ബിനോയിയെ (21) കഴ‍ിഞ്ഞ ദിവസമാണ് പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ അമ്മ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇൻഫ്ലുവൻസർ കുടിയായ യുവാവിനെതിരെ കേസെടുത്തത്. 

01:03 PM (IST) Jun 20

അടിസ്ഥാന സൗകര്യം പോലുമില്ലാത്ത സ്ഥലങ്ങളെ 'ഉന്നതി' എന്ന് വിളിക്കുന്നത് പരിഹാസ്യം: കോവിൽമല രാജാവ്

'ഊര്' എന്ന പേരുമാറ്റി പട്ടികവർഗ്ഗ വിഭാഗക്കാർ താമസിക്കുന്ന സ്ഥലത്തെ 'ഉന്നതി' എന്ന് വിളിക്കാനുള്ള ഉത്തരവിനെതിരെ കോവിൽമല രാജാവ് രാമൻ രാജമന്നാൻ. പേരു മാറ്റിയത് കൊണ്ട് കാര്യമില്ല. പട്ടികവർഗ്ഗ വിഭാഗക്കാരുടെ ജീവിത സാഹചര്യം കൂടി സർക്കാർ മനസ്സിലാക്കണം. അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാത്ത ഊരുകൾ കേരളത്തിലുണ്ട്. ആ സ്ഥലങ്ങളെ 'ഉന്നതി' എന്നു വിളിക്കുന്നത് പരിഹാസ്യമായിരിക്കുമെന്നും കോവിൽമല രാജാവ് വ്യക്തമാക്കി. 

01:02 PM (IST) Jun 20

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലൽ യെല്ലോ അലർട്ട് ആണ്. നാളെ മുതൽ വടക്കൻ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.

01:02 PM (IST) Jun 20

എസ്എഫ്ഐ അംഗത്വ വിതരണത്തിന് സ്കൂളില്‍ വേദി, വിവാദം

എസ്എഫ്ഐ ജില്ലാ തല അംഗത്വ വിതരണത്തിന് അനുമതിയില്ലാതെ സ്കൂളില്‍ വേദിയൊരുക്കി. പത്തനംതിട്ട വയ്യാറ്റുപുഴ വികെഎന്‍എം സ്കൂളിലാണ് എസ്എഫ്ഐ അംഗത്വ വിതരണ പരിപാടി നടത്താൻ തീരുമാനിച്ചത്. എന്നാല്‍, സംഭവം വിവാദമാകുകയും എതിര്‍പ്പുയരുകയും ചെയ്തതോടെ സ്കൂളില്‍ നടക്കാനിരുന്ന പരിപാടി മാറ്റി. ഇന്നലെയാണ് ജില്ലാതല മെമ്പര്‍ഷിപ്പ് വിതരണത്തിന് സ്കൂളില്‍ ക്രമീകരണം ഒരുക്കിയത്.

01:01 PM (IST) Jun 20

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം; യുവാവ് പിടിയിൽ

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ യുവാവ് പിടിയില്‍. ഇടുക്കി തൊടുപുഴ പുത്തൻപുരക്കല്‍ ഫൈസലിനെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ബെംഗളൂരുവില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതി കെഎസ്ആര്‍ടിസി ബസില്‍ കോഴിക്കോട്ടേക്ക് വരുന്നതിനിടെയാണ് സംഭവം.

01:00 PM (IST) Jun 20

അന്തർ സംസ്ഥാന ബസ് സർവീസിൽ അനിശ്ചിതത്വം തുടരുന്നു

കേരളത്തില്‍ നിന്ന് തമിഴ് നാട് വഴിയുളള അന്തര്‍ സംസ്ഥാന ബസ് സര്‍വീസ് പ്രതിസന്ധി തുടരുന്നു. സുപ്രീംകോടതി ഉത്തരവ് പോലും ലംഘിച്ച് തമിഴ് നാട് മോട്ടോര്‍ വാഹന വകുപ്പ് കേരളത്തില്‍ നിന്നുളള ബസുകള്‍ അകാരണമായി തടയുകയാണെന്നാണ് ബസ് ഉടമകളുടെ വാദം. എന്നാല്‍, സ്റ്റേജ് കാരേജ് പെര്‍മിറ്റ് ഇല്ലാതെ സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ മാത്രമാണ് തടയുന്നതെന്നാണ് തമിഴ് നാട് മോട്ടോര്‍ വാഹന വകുപ്പ് വിശദീകരണം. ഇന്നലെ രാത്രി തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട രണ്ടു ബസുകൾ നാഗര്‍കോവിലില്‍ വെച്ച് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. ബസ് തമിഴ് നാട് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തതോടെ വിദ്യാര്‍ഥികളടക്കം യാത്രക്കാര്‍ പാതിരാവില്‍ പെരുവഴിയിലായി