03:45 PM (IST) Sep 19

ഹൈക്കോടതി അഭിഭാഷകർ നാളെ ജോലിയിൽ നിന്ന് വിട്ടു നില്കും

കൊല്ലത്ത് അഭിഭാഷകനെ പോലീസ് മർദ്ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ചാണിത്.. കേരള ഹൈക്കോർട്ട് അഡ്വക്കേറ്റ് അസോസിയേഷന്റെതാണ് തീരുമാനം

03:34 PM (IST) Sep 19

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് എംഎം മണി എംഎൽഎ

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് എംഎം മണി എംഎൽഎ. കെകെ രാകേഷിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരായ ആരോപണങ്ങൾ വിഡ്ഢിത്തമാണെന്നും ഗവർണർ വിഡ്ഢിത്തം പുലമ്പുന്ന പമ്പര വിഡ്ഢിയായി മാറിയെന്നും മണി പരിഹസിച്ചു. ഇത്രയും ബുദ്ധിശൂന്യനെ ഗവർണറായി കേന്ദ്രം അടിച്ചേൽപ്പിച്ചത് മര്യാദകേടാണ്. ആർ എസ് എസ് നേതാവ് മോഹൻ ഭാഗവതിനെ കാണാൻ പോയതോടെ ഗവർണറാരാണെന്ന് വ്യക്തമായതാണെന്നും എംഎം മണി പറഞ്ഞു. 

02:45 PM (IST) Sep 19

'മുഖ്യമന്ത്രിയുടെ ഇടപെടൽ ഞെട്ടിക്കുന്നത്': ചെന്നിത്തല

കണ്ണൂർ വിസിയുടെ നിയമനത്തിൽ മുഖ്യമന്ത്രി അധികാര ദുർവിനിയോഗം നടത്തിയെന്ന ഗവർണറുടെ ആരോപണം ആവർത്തിച്ച് രമേശ് ചെന്നിത്തല. 'നിയമനങ്ങളിലടക്കമുളള മുഖ്യമന്ത്രിയുടെ ഇടപെടൽ ഞെട്ടിക്കുന്നതാണ്. ഗവർണറുമായി ചേർന്ന് മുഖ്യമന്ത്രി രണ്ട് വർഷം നടത്തിയത് നിയമ വിരുദ്ധ പ്രവർത്തനങ്ങളാണെന്ന് ഇതോടെ വ്യക്തമായി'. ഇന്ന് പുറത്ത് വന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നാണ് മനസിലാക്കാൻ കഴിയുന്നതെന്ന് രമേശ് ചെന്നിത്തല.

02:04 PM (IST) Sep 19

ഗവര്‍ണര്‍ക്ക് മാനസിക വിഭ്രാന്തിയെന്ന് ഇ പി ജയരാജന്‍

അസാധാരണ വാര്‍ത്താസമ്മേളനം നടത്തി മുഖ്യമന്ത്രിക്കും, സര്‍ക്കാരിനും , സിപിഎമ്മിനുമെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച ഗവര്‍ണര്‍ക്കെതിരെ ഇടതുമുന്നണി നേതാക്കള്‍ രംഗത്ത്.സ്വമേധയാ ഗവർണർ പദവിയിൽ നിന്ന് രാജി വച്ച് പോകുന്നതാണ് ഉചിതമെന്ന് കണ്‍വീനര്‍ ഇ പി ജയരാജന്‍ പറഞ്ഞു.ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത നടപടിയാണ് ആരിഫ് മുഹമ്മദ് ഖാന്‍റെ ഭാഗത്തു നിന്ന് ഉണ്ടായത്. വ്യക്തിവിരോധം വച്ചു പുലർത്തുന്നയാളായി ഗവർണർ അധിപതിച്ചു.ഗവർണറായി ഇരിക്കുന്നത് പരിഹാസ്യതയാവും.

02:00 PM (IST) Sep 19

'ഈ നാടകത്തില്‍ ഞങ്ങളില്ല': വിഡി സതീശന്‍

ഇഷ്ടക്കാരനായ വൈസ് ചാന്‍സലറെ നിയമിക്കാന്‍ ഗവര്‍ണറെ സമീപിച്ചത് കേരള ചരിത്രത്തില്‍ ഉണ്ടാകാത്ത സംഭവമാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. രണ്ട് ബില്ലുകള്‍ ഒപ്പിടില്ലെന്ന ഗവര്‍ണറുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്നും സതീശന്‍ പറഞ്ഞു. ലോകായുക്ത ബില്ല് നിയമവിരുദ്ധമാണെന്നും ഒപ്പിടരുതെന്നും പ്രതിപക്ഷം നേരത്തെ ആവശ്യപ്പെട്ടതാണെന്നും ഓര്‍ഡിനന്‍സില്‍ അദ്ദേഹം ഒപ്പിട്ടുവെന്നും സതീശന്‍ പറഞ്ഞു. കണ്ണൂര്‍ സര്‍വകലാശാലയില്‍ മുഖ്യമന്ത്രിയുടെ ഇഷ്ടക്കാരനെ നിയമിക്കാന്‍ തെറ്റാണെന്നറിഞ്ഞിട്ടും ഗവര്‍ണര്‍ കൂട്ടുനിന്നെന്നും സതീശന്‍ കുറ്റപ്പെടുത്തി.

01:56 PM (IST) Sep 19

ഗവര്‍ണര്‍ രാജിവയ്ക്കണം, ഗവര്‍ണര്‍ക്ക് മാനസിക വിഭ്രാന്തി: ഇ പി ജയരാജന്‍

പ്രതീക്ഷക്കനുസരിച്ച് RSS നെ തൃപ്തിപ്പെടുത്താൻ കഴിയാത്തത് കൊണ്ട് സ്ഥാനമാനങ്ങൾ കിട്ടാതായി എന്ന തോന്നൽ ഗവർണർക്കുണ്ട്.ഗവർണർ ആ പദവി പൂർണമായും ദുരുപയോഗം ചെയ്യുന്നു.പ്രായത്തിനനുസരിച്ച പക്വതയോ വിദ്യാഭ്യാസത്തിനനുസൃതമായ പാകതയോ ഇല്ലാതെ വികാര ജീവിയായി എന്തെല്ലാമോ വിളിച്ച് പറയുകയാണെന്നും ഇടതുമുന്നണി കണ്‍വീനര്‍

01:55 PM (IST) Sep 19

'എംഎല്‍എ രാജ്യത്തിന്‍റെ അഖണ്ഡതയെ ചോദ്യം ചെയ്തു': കെടി ജലീലിനെതിരെയും ഗവര്‍ണര്‍

ഇടത് സ്വതന്ത്ര എംഎല്‍എ കെ ടി ജലീലിനെതിരെ ഗവര്‍ണര്‍. ഒരു എംഎല്‍എ രാജ്യത്തിന്‍റെ അഖണ്ഡതയെ ചോദ്യം ചെയ്തെന്നാണ് ഗവര്‍ണര്‍ പറഞ്ഞത്. ജലിലീന്‍റെ ആസാദി കശ്മീര്‍ പരമാര്‍ശം ഉദ്ദേശിച്ചായിരുന്നു ഗവര്‍ണറുടെ പരാമര്‍ശം. 

01:54 PM (IST) Sep 19

'സ്വന്തം കേസില്‍ ആരും വിധി പറയണ്ട', 2 ബില്ലുകളിലും ഒപ്പിടില്ലെന്ന് ഗവര്‍ണര്‍

ലോകായുക്ത, സര്‍വ്വകലാശാല നിയമഭേദഗതി ബില്ലുകളില്‍ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സ്വന്തം കേസില്‍ വിധി പറയാന്‍ ആരെയും അനുവദിക്കില്ലെന്നും താന്‍ ചാന്‍സലറായിരിക്കെ സര്‍വ്വകലാശാലകളില്‍ ഇടപെടല്‍ അനുവദിക്കില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. 

01:05 PM (IST) Sep 19

'ആര്‍എസ്എസ് മേധാവിയെ കണ്ടതില്‍ അസ്വഭാവികതയില്ല': ഗവര്‍ണര്‍

ആര്‍എസ്എസ് മേധാവിയെ കണ്ടതില്‍ അസ്വഭാവികതയില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. 1986 മുതല്‍ ആര്‍എസ്‍എസുമായി ബന്ധമുണ്ട്. 

12:54 PM (IST) Sep 19

കണ്ണൂര്‍ വിസി പുനര്‍നിയമനം, മുഖ്യമന്ത്രി കത്തയച്ചു, രാജ്ഭവനിലെത്തി: ഗവര്‍ണര്‍

കണ്ണൂര്‍ വിസി പുനര്‍നിയമനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പുനര്‍നിയമനത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടെന്നാണ് ഗവര്‍ണറുടെ ആരോപണം. ഇതുസംബന്ധിച്ച് ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രി അയച്ച കത്തുകള്‍ പുറത്തുവിട്ടു. 

12:14 PM (IST) Sep 19

തുറന്ന പോരുമായി ഗവര്‍ണര്‍, ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു

ചരിത്ര കോണ്‍ഗ്രസിനിടെയുണ്ടായ പ്രതിഷേധ ദൃശ്യങ്ങള്‍ സ്ക്രീനില്‍ പ്രദര്‍ശിപ്പിച്ച് ഗവര്‍ണര്‍. കണ്ണൂരില്‍ പൊലീസിനെ തടഞ്ഞത് ഇന്ന് സര്‍ക്കാരിലെ ഉന്നതെന്നാണ് ഗവര്‍ണറുടെ ആരോപണം. 

11:53 AM (IST) Sep 19

ഗവര്‍ണറുടെ കയ്യിലെന്ത്? വാര്‍ത്താസമ്മേളനം ഉടന്‍

മുഖ്യമന്ത്രിക്കെതിരായ ഗവര്‍ണറുടെ വാര്‍ത്താസമ്മേളനം ഉടന്‍. സര്‍ക്കാരിനെതിരെ രാജ്ഭവനില്‍ ആദ്യമായാണ് വാര്‍ത്താസമ്മേളനം നടക്കുന്നത്. 

11:35 AM (IST) Sep 19

പാലക്കാട് ശ്രീനിവാസൻ വധക്കേസ്, പോപ്പുലർ ഫ്രണ്ട് ജില്ലാ സെക്രട്ടറി പിടിയിൽ

പാലക്കാട് ശ്രീനിവാസൻ വധക്കേസില്‍ പോപ്പുലർ ഫ്രണ്ട് ജില്ലാ സെക്രട്ടറി പിടിയിൽ. അബൂബർ സിദ്ദിഖാണ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്യുന്നു. ഇയാൾക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കെന്നാണ് പൊലീസ് പറയുന്നത്. 

11:26 AM (IST) Sep 19

വിചാരണക്കോടതി മാറ്റിയതിനെതിരെ അതിജീവിതയുടെ ഹര്‍ജി, ഹൈക്കോടതി വിധി വ്യാഴാഴ്ച

നടി കേസിലെ വിചാരണക്കോടതി മാറ്റിയതിനെതിരെ അതിജീവിത നൽകിയ ഹർജിയിൽ ഹൈക്കോടതി വ്യാഴാഴ്ച വിധി പറയും.ജസ്റ്റിസ് സിയാദ് റഹ്മാൻ ആണ് ഹർജി പരിഗണിച്ചത്. എറണാകുളം പ്രത്യേക സിബിഐ കോടതിയിൽ നിന്നും പ്രിൻസിപ്പൽ സെഷൻസിലേക്ക് വിചാരണ മാറ്റിയതിനെതിരെയാണ് ഹർജി. 

11:13 AM (IST) Sep 19

കാട്ടാനക്കുട്ടിയുടെ ജഡം കണ്ടെത്തി

അട്ടപ്പാടി ചുരത്തിൽ ഒൻപതാം വളവിന് സമീപം കാട്ടാനക്കുട്ടിയുടെ ജഡം കണ്ടെത്തി. റോഡിനോട് ചേർന്ന് പുൽപ്പടർപ്പിനിടയിലായിരുന്നു ജഡം. പാറക്കൂട്ടത്തിൽ നിന്ന് കാൽവഴുതി താഴ്ചയിലേക്ക് വീണുണ്ടായ അപകടമെന്നാണ് നിഗമനം .

11:09 AM (IST) Sep 19

കര്‍ണാടക കോണ്‍ഗ്രസില്‍ ഭിന്നതരൂക്ഷം

കര്‍ണാടക കോണ്‍ഗ്രസില്‍ ഭിന്നതരൂക്ഷം. ഭാരത് ജോഡോ യാത്രയുടെ സംഘാടനത്തെ ചൊല്ലിയാണ് തര്‍ക്കം. സിദ്ധരാമയ്യ പക്ഷം സഹകരിക്കുന്നില്ലെന്നാണ് ഡി കെ ശിവകുമാര്‍ പറയുന്നത്. 

11:05 AM (IST) Sep 19

സിപിഐ വിമർശനത്തിനെതിരെ കെ ടി ജലീൽ

സിപിഐ മലപ്പുറം ജില്ലാ സമ്മേളനത്തില്‍ എല്‍ഡിഎഫ് സ്വതന്ത്ര എംഎല്‍എമാര്‍ക്കെതിരെ ഉയര്‍ന്ന വിമര്‍ശനത്തില്‍ മറുപടിയുമായി കെ ടി ജലീല്‍ എംഎല്‍എ. എല്ലാവർക്കും കൊട്ടാനുള്ള ചെണ്ടയല്ല സ്വതന്ത്ര എം.എൽ.എമാരെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. 

11:05 AM (IST) Sep 19

യുവ അഭിഭാഷകയുടെ ആത്മഹത്യ: ഭര്‍ത്താവ് അറസ്റ്റില്‍

 കൊല്ലം ചടയമംഗലത്ത് അഭിഭാഷക ആത്മഹത്യ സംഭവത്തില്‍ ഭർത്താവിനെ ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. അഭിഭാഷകനായ കണ്ണൻ നായർ ആണ് അറസ്റ്റിലായത്. ഭർതൃപീഡനത്തെ തുടർന്നാണ് അഭിഭാഷക ആത്മഹത്യ ചെയ്തതെന്നു പൊലീസ് കണ്ടെത്തൽ

11:04 AM (IST) Sep 19

ബില്ലുകള്‍ ഒപ്പിടാതെ അനന്തമായി നീട്ടിക്കൊണ്ടുപോകാനാകില്ല' മന്ത്രി പി രാജീവ്

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കടുത്ത വിമര്‍ശനവുമായി നിയമമന്ത്രി പി രാജീവ് രംഗത്ത്.വഹിക്കുന്ന സ്ഥാനത്തിന് അനുസരിച്ചു ഗവര്‍ണര്‍ പ്രവർത്തിക്കണം.ഗവർണരുടേത് അസാധാരണ നടപടിയാണ്.ബില്ലുകള്‍ ഒപ്പിടാതെ അനന്തമായി നീട്ടിക്കൊണ്ടുപോകാനാകില്ല. സംസ്ഥാന നിയമസഭ പാസാക്കിയ അധികാരം മാത്രമേ ചാൻസലർക്കുള്ളൂവെന്നും പി രാജീവ് പറഞ്ഞു

10:59 AM (IST) Sep 19

'മദ്യപിച്ച് വാഹനം ഓടിച്ചതിന് തെളിവില്ല', വിടുതല്‍ ഹര്‍ജിയുമായി ശ്രീറാം വെങ്കിട്ടരാമന്‍

മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനം ഇടിച്ചുകൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമന്‍ വിടുതല്‍ ഹര്‍ജിയുമായി കോടതിയെ സമീപിച്ചു. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചത്. മദ്യപിച്ച് വാഹനം ഓടിച്ചതിന് തെളിവില്ലെന്നും സാധാരണ അപകടമെന്ന നിലയിലുള്ള കേസ് മാത്രമേ നിലനില്‍ക്കു എന്നുമാണ് ഹര്‍ജിയിലെ വാദം.