11:19 PM (IST) Jun 25

മുഖ്യമന്ത്രിക്ക് പുതിയ കാര്‍; കറുത്ത ഇന്നോവയില്‍ നിന്ന് കിയ കാര്‍ണിവലിലേക്ക്

മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടിയും എസ്കോർട്ടിനായും വീണ്ടും വാഹനങ്ങൾ വാങ്ങുന്നു. മുഖ്യമന്ത്രിക്ക് കിയയും എസ്കോർട്ടിന് മൂന്ന് ഇന്നോവയുമാണ് വാങ്ങുന്നത്. ഇതിനായി 88,69,841 രൂപ അനുവദിച്ച് ഉത്തരവായി. ഒരു കിയ കാര്‍ണിവലിന് 33,31,000 രൂപ വില വരും. നിലവിൽ മുഖ്യമന്ത്രിക്ക് എസ്കോർട്ട് പോകുന്ന രണ്ട് കറുത്ത ഇന്നോവകൾ വടക്കൻ ജില്ലയിൽ ഉപയോഗിക്കും. 

11:18 PM (IST) Jun 25

എംപി ഓഫീസ് ആക്രമണം; നാല് എസ്എഫ്ഐ പ്രവർത്തകർ കൂടി 14 ദിവസം റിമാൻഡിൽ

ഇതോടെ ആകെ റിമാൻഡിലായവരുടെ എണ്ണം 29 ആയി. പിടിയിലായ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തിയില്ല

09:45 PM (IST) Jun 25

സംസ്ഥാനത്തെ എല്ലാ മദ്യവിൽപനശാലകളും ബാറുകളും നാളെ അടച്ചിടും

സംസ്ഥാനത്തെ നാളെ സമ്പൂര്‍ണ ഡ്രേ ഡേ ആയിരിക്കും. ബിവറേജസ് കോര്‍പ്പറേഷൻ്റേയോ കണ്‍സ്യൂമര്‍ ഫെഡിൻ്റേയോ മദ്യവിൽപന ശാലകളും പ്രീമിയം മദ്യവിൽപനശാലകളും നാളെ തുറക്കില്ല. സംസ്ഥാനത്തെ സ്വകാര്യ ബാറുകൾക്കും നാളെ അവധി ബാധകമായിരിക്കും. READ MORE

09:44 PM (IST) Jun 25

എസ്എഫ്ഐ വയനാട് ജില്ലാ കമ്മറ്റി ചൊവ്വാഴ്ച യോഗം ചേരും

രാഹുൽ ഗാന്ധിയുടെ കൽപ്പറ്റയിലെ എംപി ഓഫീസ് ആക്രമിച്ച സംഭവത്തിന് പ്രതിഷേധം വ്യാപകമായി തുടരു ന്നതിനിടെ എസ്എഫ്ഐ വയനാട് ജില്ലാ കമ്മറ്റി ചൊവ്വാഴ്ച യോഗം ചേരും. യോഗത്തിൽ സംസ്ഥാന സെൻറർ അംഗങ്ങൾ പങ്കെടുക്കും. 

08:12 PM (IST) Jun 25

ബഫർ സോൺ : കേന്ദ്ര വനം പരിസ്ഥിതി മന്ത്രിക്ക് മന്ത്രി എ.കെ ശശീന്ദ്രൻ കത്തയച്ചു

ബഫർ സോൺ വിഷയത്തില്‍ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രിക്ക് വനം മന്ത്രി എ.കെ ശശീന്ദ്രൻ കത്തയച്ചു. ഒരു കിലോമീറ്റർ പരിധി നിശ്ചയിച്ചതിനെതിരെ നിയമനിർമ്മാണം നടത്തണം. ജനവാസ മേഖല ബഫര്‍സോണില്‍ നിന്ന് ഒഴിവാക്കണം. വന്യജീവി സങ്കേതങ്ങളേയും ദേശീയോദ്യാനങ്ങളേയും പരിധിയിൽ നിന്ന് ഒഴിവാക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

07:56 PM (IST) Jun 25

'ടീസ്ത സെതൽവാദിനെ വിട്ടയക്കണം': നടപടിയെ അപലപിച്ച് സിപിഎം

സാമൂഹിക പ്രവർത്തക ടീസ്ത സെതൽവാദിനെ കസ്റ്റഡിയിലെടുത്ത ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ നടപടിയെ അപലപിച്ച് സിപിഎം. മനുഷ്യാവകാശങ്ങൾക്ക് വേണ്ടി എക്കാലവും നിലകൊണ്ട വ്യക്തിയാണ് ടീസ്ത സെതൽവാദെന്നും 
കള്ള കേസ് പിൻവലിച്ച് ടീസ്തയെ വിട്ടയക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു. 

07:07 PM (IST) Jun 25

കോട്ടയത്ത് കോൺഗ്രസ് മാർച്ചിനിടെ സംഘർഷം, പൊലീസിന് നേരെ കല്ലേറ്

കോട്ടയത്ത് കളക്ട്രേറ്റിലേക്കുള്ള കോൺഗ്രസ് മാർച്ചിനിടെ സംഘർഷം. മാർച്ച് ഉദ്ഘാടനം ചെയ്ത് പിസി വിഷണുനാഥ് അടക്കമുള്ള നേതാക്കൾ മടങ്ങിയതിന് പിന്നാലെയാണ് സംഘർഷമുണ്ടായത്. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ മറികടന്ന് പ്രവർത്തകർ കളക്ട്രേറ്റിലേക്ക് കയറാൻ ശ്രമിച്ചു. ഇത് പൊലീസ് സംഘം തടഞ്ഞു. പിന്നാലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കലക്ടറേറ്റിലേക്ക് മരക്കഷ്ണവും കല്ലുകളുമെറിഞ്ഞു. പൊലീസുമായി ഉന്തും തള്ളുമുണ്ടായി.

07:05 PM (IST) Jun 25

ബഫർസോൺ പ്രശ്നത്തിൽ മുഖ്യ പ്രതി സംസ്ഥാന സർക്കാരെന്ന് പി ജെ ജോസഫ്

രാഹുൽ ഗാന്ധി എംപിയുടെ ഓഫിസിനു നേരെയുണ്ടായ എസ്എഫ്ഐ അക്രമം നിന്ദ്യമായ നടപടിയെന്ന് കേരളാ കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫ്. അക്രമം ബഫർ സോൺ വിഷയത്തിൽ സർക്കാരിന്റെ വീഴ്ച്ച മറയ്ക്കാനുള്ള ശ്രമമാണ്. ബഫർസോൺ പ്രശ്നത്തിൽ മുഖ്യ പ്രതി സംസ്ഥാന സർക്കാരാണ് എന്നും പി ജെ ജോസഫ് ആരോപിച്ചു.

07:04 PM (IST) Jun 25

ടീസ്റ്റ സെതൽവാദിനെ കസ്റ്റഡിയിലെടുത്ത് ഗുജറാത്ത് പൊലീസ്

സാമൂഹിക പ്രവർത്തക ടീസ്റ്റ സെതൽവാദിനെ കസ്റ്റഡിയിലെടുത്ത് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്). ശനിയാഴ്ചയാണ് ടീസ്റ്റയെ മുംബൈയിലെ വീട്ടിലെത്തിയ സംഘം കസ്റ്റഡിയിലെടുത്തത്. ഉച്ചയോടെ സെതൽവാദിന്റെ മുംബൈയിലെ വീട്ടിൽ എത്തിയ സംഘം അവരെ സാന്താക്രൂസ് പൊലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷം അഹമ്മാദാബാദിലേക്ക് കൊണ്ടുപോയതായും എഎൻഐ റിപ്പോർട്ട് ചെയ്തു.

07:03 PM (IST) Jun 25

തൃക്കാക്കര തോൽവി; അന്വേഷിക്കാൻ സിപിഎം കമ്മീഷൻ

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കുണ്ടായ പരാജയം പരിശോധിക്കാൻ സിപിഎം കമ്മീഷനെ നിയോഗിച്ചു. എ കെ ബാലനും ടിപി രാമകൃഷ്ണനും ആണ് കമ്മീഷനംഗങ്ങള്‍. വോട്ട് ചോർച്ചയടക്കമുള്ള കാര്യങ്ങള്‍ രണ്ടംഗ കമ്മീഷന്‍ അന്വേഷിക്കും.

07:03 PM (IST) Jun 25

ഇന്ന് അര്‍ധരാത്രി മുതൽ വൈദ്യുതി നിരക്ക് വര്‍ധന നിലവിൽ വരും

സംസ്ഥാനത്ത് ഇന്ന് അര്‍ദ്ധരാത്രിമുതൽ വൈദ്യുതി നിരക്ക് കൂടും. മാസം 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് താരിഫ് വ്യത്യാസം ഇല്ല. 100 മുതൽ 150 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കൾ യൂണിറ്റിന് 25 പൈസ അധികം നൽകണം. കൊവിഡ് കാല ബുദ്ധിമുട്ടുകൾ കൂടി പരിഗണിച്ചാണ് നിരക്ക് വര്‍ദ്ധനയെന്ന് റഗുലേറ്ററി കമ്മീഷൻ അറിയിച്ചു.

07:03 PM (IST) Jun 25

പുറങ്കടലില്‍ നിന്ന് കോടികളുടെ ഹെറോയിന്‍ പിടികൂടിയ സംഭവം; പ്രധാന പ്രതി അറസ്റ്റില്‍

ലക്ഷദ്വീപ് തീരത്തെ 1500 കോടി രൂപയുടെ ലഹരിമരുന്ന് കടത്ത് കേസിൽ പ്രധാന പ്രതി അറസ്റ്റിലായി. ശ്രീലങ്കൻ വംശജനായ ചെന്നൈ സ്വദേശി ബാലകൃഷ്ണൻ പെരിയ സാമി പിള്ളയെ ചെന്നൈയിൽ നിന്നാണ് ഡിആർഐ പിടികൂടിയത്.

07:02 PM (IST) Jun 25

എസ്എഫ്ഐക്ക് മുഖ്യമന്ത്രി ക്വട്ടേഷൻ കൊടുത്തതെന്ന് കെ സി വേണുഗോപാല്‍

രാഹുല്‍ ഗാന്ധി എംപിയുടെ വയനാട്ടിലെ ഓഫീസിന് നേരെ നടന്ന എസ്എഫ്ഐ അക്രമം മുഖ്യമന്ത്രി പിണറായി വിജയന്‍റെ അറിവോടെ നടന്നതാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ആരോപിച്ചു. രാഹുലിനെ വേട്ടയാടുന്ന കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നിർത്തിയ ഇടത്ത് നിന്ന് പിണറായി തുടങ്ങുന്നു. മോദിയെ സുഖിപ്പിക്കാൻ പിണറായി എസ്എഫ്ഐ ക്ക് കൊട്ടേഷൻ കൊടുത്തതാണെന്നും അദ്ദേഹം ആരോപിച്ചു.

07:01 PM (IST) Jun 25

കൽപ്പറ്റയിൽ ആയിരത്തിലേറെ പേരെ അണിനിരത്തി കോൺഗ്രസിന്റെ വൻ റാലി

രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമണത്തിൽ പ്രതിഷേധിച്ച് കൽപ്പറ്റയിൽ വൻ കോൺഗ്രസ് റാലി. പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കെ മുരളീധരൻ, കെസി വേണുഗോപാൽ, എംകെ രാഘവൻ അടക്കമുള്ള മുതിർന്ന നേതാക്കളെ പങ്കെടുപ്പിച്ച് കൊണ്ട് ആയിരത്തിയഞ്ഞൂറിലേറെ പേരെ അണിനിരത്തിയായിരുന്നു റാലി.

06:59 PM (IST) Jun 25

എംപി ഓഫീസ് ആക്രമണം: പൊലീസ് അന്വേഷണം വിശ്വാസയോഗ്യമല്ലെന്ന് കെ.സുധാകരൻ

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ചുത്തകര്‍ത്ത എസ്എഫ്ഐ പ്രവര്‍ത്തകരെ രക്ഷിക്കാനുള്ള ചരടുവലി അണിയറയില്‍ നടത്തിയ ശേഷം പോലീസ് നടത്തുന്ന അന്വേഷണം വിശ്വാസയോഗ്യമല്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. അക്രമത്തില്‍ ആരോഗ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ സാന്നിധ്യം കേസിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നതാണ്. സിപിഎം നേതൃത്വത്തിന്റെ ആശിര്‍വാദത്തോടെയാണ് എസ്എഫ് ഐ അക്രമം നടത്തിയത്. 

03:45 PM (IST) Jun 25

വൈദ്യുതി നിരക്കിൽ വ‍ര്‍ധനവ് പ്രഖ്യാപിച്ചു

സംസ്ഥാനത്തെ വൈദ്യുതി നിരക്കിൽ വ‍ര്‍ധനവ് പ്രഖ്യാപിച്ചു. ഗാര്‍ഹിക വൈദ്യുതി നിരക്കില്‍ 18 ശതമാനം വര്‍ദ്ധനവാണ് വൈദ്യുതി ബോർഡ് ആവശ്യപ്പെട്ടതെങ്കിലും ഇക്കാര്യം റഗുലേറ്ററി കമ്മീഷൻ അതേ പടി അംഗീകരിച്ചില്ല.ശരാശരി 6.6 ശതമാനം വര്‍ധനയാണ് വരുത്തിയതെന്നാണ് കമ്മീഷൻ പറയുന്നത്. അഞ്ച് വർഷത്തേക്കുള്ള വർദ്ധനവാണ് വൈദ്യുതി ബോർഡ് ആവശ്യപ്പെട്ടതെങ്കിലും ഒരു വർഷത്തെ പുതിയ നിരക്കാണ് റഗുലേറ്ററി കമ്മീഷൻ പ്രഖ്യാപിച്ചത്. READ MORE 

01:14 PM (IST) Jun 25

പൊലീസിനെതിരെ ആക്രമണക്കേസ് പ്രതി അവിഷിത്ത്

പൊലീസിനെ വിമര്‍ശിച്ച് എസ്എഫ്ഐ മുൻ ജില്ലാ വൈസ് പ്രസിഡന്‍റ് അവിഷിത്ത് കെ ആർ. കേരളത്തിലെ പൊലീസ് കോൺഗ്രസ് പ്രവർത്തകരുടെ പണിയാണ് എടുക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ പ്രതിരോധം തീർക്കുമെന്ന് അവിഷിത്ത് ഫേസ്ബുക്കില്‍ കുറിച്ചു. 

01:13 PM (IST) Jun 25

അവിഷിത്ത് ഇപ്പോൾ തന്‍റെ സ്റ്റാഫംഗമല്ലെന്ന് വീണാ ജോർജ്

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തില്‍ പൊലീസ് പ്രതി ചേര്‍ത്ത അവിഷിത്ത് ഇപ്പോള്‍ തന്‍റെ സ്റ്റാഫംഗം അല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഈ മാസം ആദ്യമാണ് വ്യക്തിപരമായ കാരണങ്ങളാൽ അവിഷിത്ത് ഒഴിവായത് എന്നാണ് ആരോഗ്യമന്ത്രിയുടെ വിശദീകരണം.

01:13 PM (IST) Jun 25

കാര്യക്ഷമവും നിഷ്പക്ഷവുമായ അന്വേഷണം നടക്കുമെന്ന് ഡിഐജി

വയനാട്ടിലെ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ചത് ഗുരുതരമായ സംഭവമെന്ന് കണ്ണൂര്‍ റേഞ്ച് ഡിഐജി. കാര്യക്ഷമമവും നിഷ്പക്ഷവുമായ അന്വേഷണം നടക്കും. പൊലീസിന് വീഴ്ച പറ്റിയോ എന്നത് അന്വേഷിച്ചെന്നും ഡിഐജി രാഹുല്‍ ആര്‍ നായര്‍ പറഞ്ഞു. 

01:12 PM (IST) Jun 25

അക്രമി സംഘത്തില്‍ ആരോഗ്യമന്ത്രിയുടെ സ്റ്റാഫും

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തില്‍ സംഘത്തില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജിന്‍റെ സ്റ്റാഫും. വീണ ജോര്‍ജിന്‍റെ പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്ന അവിഷിത്ത് കെ ആറിനെയാണ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്.