12:02 PM (IST) Feb 11

ഒരു രൂപ പോലും സിഎസ്ആർ ഫണ്ടായി കിട്ടിയില്ലെന്ന് അനന്തു

പാതിവില തട്ടിപ്പ് കേസിലെ പ്രതിയായ പ്രതി അനന്തുകൃഷ്ണന്‍റെ കുറ്റസമ്മത മൊഴിയുടെ കൂടുതൽ വിശദാംശങ്ങള്‍ പുറത്ത്. സമാഹരിച്ച പണം മുഴുവൻ ആദ്യഘട്ടത്തിൽ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യാൻ ഉപയോഗിച്ചുവെന്നാണ് അനന്തു മൊഴി നൽകിയത്. ബാക്കി വന്ന തുക ഭൂമിയും വാഹനങ്ങളും വാങ്ങാൻ വിനിയോഗിച്ചുവെന്നും മൊഴി നൽകി. ജനപ്രതിനിധികളുടെയടക്കം പങ്ക് അന്വേഷിക്കണമെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.

12:02 PM (IST) Feb 11

പാലോട് 50 വയസുകാരൻ മരിച്ചത് കാട്ടാനയുടെ ആക്രമണത്തിലെന്ന് സ്ഥിരീകരണം

 തിരുവനന്തപുരം ജില്ലയിലെ പാലോട് 50 വയസുകാരൻ മരിച്ചത് കാട്ടാനയുടെ ആക്രമണത്തിലെന്ന് സ്ഥിരീകരണം. പാലോട് മാടത്തറ പുലിക്കോട് ചതുപ്പിൽ ബാബു (50) ആണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞ ബുധനാഴ്ച ജോലിക്കായി അടപ്പറമ്പിലെ ബന്ധുവീട്ടിൽ പോയശേഷം ബാബുവിനെക്കുറിച്ച് വിവരമില്ലായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിക്കുകയായിരുന്നു. അന്വേഷണത്തിൽ ബന്ധുവീട്ടിൽ ബാബു എത്തിയില്ലെന്ന് വ്യക്തമായി. തുടര്‍ന്ന് ഇന്നലെ വനമേഖലയിൽ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

12:02 PM (IST) Feb 11

മാർച്ച് 1 മുതൽ ആർസി ബുക്കുകൾ ഡിജിറ്റലാകും

സംസ്ഥാനത്ത് മാര്‍ച്ച് ഒന്ന് മുതൽ വാഹനങ്ങളുടെ ആര്‍സി ബുക്കുകള്‍ പൂര്‍ണമായും ഡിജിറ്റലാകും. ആര്‍സി ബുക്കുകള്‍ പ്രിന്‍റ് എടുത്ത് നൽകുന്നതിന് പകരമാണ് ഡിജിറ്റലായി നൽകുന്നത്. വാഹനം വാങ്ങി മണിക്കൂറുകള്‍ക്കുള്ളിൽ രജിസ്ട്രേഷൻ പൂര്‍ത്തിയാക്കി വാഹൻ വെബ്സൈറ്റിൽ നിന്നും ആര്‍സി ബുക്ക് ഡൗണ്‍ലോഡ് ചെയ്യാനാകും.

മാര്‍ച്ച് ഒന്ന് മുതൽ ആര്‍സി ബുക്കുകള്‍ ഡിജിറ്റലാകുന്നതോടെ പ്രത്യേക നിര്‍ദേശങ്ങളും ഗതാഗത വകുപ്പ് നൽകുന്നുണ്ട്. ഫെബ്രുവരി മാസത്തിനുള്ളിൽ എല്ലാ വാഹന ഉടമകളും ആര്‍സി ബുക്കുമായി ഫോണ്‍ നമ്പറുകള്‍ ബന്ധിപ്പിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തണമെന്ന് ഗതാഗത കമ്മീഷണര്‍ എച്ച് നാഗരാജു പറഞ്ഞു. ആധാറുമായി ലിങ്ക് ചെയ്തിരിക്കുന്ന ഫോണ്‍ നമ്പറുകളാണ് നൽകേണ്ടതെന്നും ഓൺലൈന വഴി സ്വന്തമായോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ നമ്പറുകല്‍ അപ്ഡേറ്റ് ചെയ്യാമെന്നും ഗതാഗത കമ്മീഷണര്‍ അറിയിച്ചു.

08:57 AM (IST) Feb 11

വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം

വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണത്തിൽ മരണം. വയനാട് സുൽത്താൻ ബത്തേരി നൂൽപ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. നൂൽപ്പുഴ കാപ്പാട് ഉന്നതിയിലെ മനു (45) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് മനുവിനെ കാട്ടാന ആക്രമിച്ചത്. കടയിൽ പോയി സാധനങ്ങള്‍ വാങ്ങി തിരികെ വരുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. വയനാട്ടിലെ അതിര്‍ത്തിയിലുള്ള പഞ്ചായത്താണ് നൂൽപ്പുഴ. വനാതിര്‍ത്തി മേഖലയിലാണ് സംഭവമെന്നാണ് വിവരം. പാടത്ത് മരിച്ച നിലയിലാണ് മനുവിനെ കണ്ടെത്തിയത്. കാട്ടാന ശല്യമുള്ള മേഖലയിലാണ് സംഭവം.