01:26 PM (IST) Dec 18

ലോറൻസിന്റെ മകളുടെ ഹർജി ഹൈക്കോടതി തള്ളി

അന്തരിച്ച സിപിഎം നേതാവ് എംഎം ലോറൻസിൻ്റെ മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കാൻ വിട്ട് നൽകണമെന്ന പെൺമക്കളുടെ ഹർജി ഹൈക്കോടതി തള്ളി. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജ് ഏറ്റെടുത്ത നടപടി ഹൈക്കോടതി ശരിവച്ചു. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഹർജിയിൽ വിധി പറഞ്ഞത്. നേരത്തെ സിം​ഗിൾ ബെഞ്ചും ഈ ഹർജി തള്ളിയിരുന്നു. പെൺമക്കളായ സുജാതയും, ആശയുമാണ് ഹർജിയുമായി ഹൈക്കോടതിയിലെത്തിയത്. 

09:05 AM (IST) Dec 18

വിമത വൈദികർക്കെതിരെ നടപടി

എറണാകുളം അങ്കമാലി അതിരൂപതയിലെ നാല് വിമത വൈദികർക്കെതിരെ നടപടി. വൈദികരെ ചുമതലകളിൽ നിന്നും നീക്കി. ബസിലിക്കയിലെ അഡ്മിനിസ്ട്രേറ്റർ ആയിരുന്ന ഫാദർ വർഗീസ് മണവാളന് പ്രീസ്റ്റ് ഹോമിലേക്ക് മാറാൻ നിർദേശം. ഫാ ജോഷി വേഴപ്പറമ്പിൽ, Fr തോമസ് വാളൂക്കാരൻ, Fr ബെന്നി പാലാട്ടി എന്നിവർക്കെതിരെയും നടപടി. തൃപ്പൂണിത്തുറ, പാലാരിവട്ടം, മാതാനഗർ എന്നീ പള്ളികളിലെ വികാരിമാരായിരുന്ന മൂന്ന് പേരെയും വിമത പ്രവർത്തനത്തിന്റെ പേരിലാണ് നീക്കിയത്.

09:04 AM (IST) Dec 18

മലപ്പുറത്ത് യുവാവിന് നേരെ ആൾക്കൂട്ട ആക്രമണം

മലപ്പുറത്ത് യുവാവിന് നേരെ ആൾക്കൂട്ട ആക്രമണം. കരുവാരകുണ്ട് സ്വദേശി ഷംസുദ്ദീൻ്റെ ഇടത് കണ്ണിന് ഗുരുതര പരിക്കേറ്റു. വാഹനം നടുറോഡിൽ നിർത്തിയത് ചോദ്യം ചെയ്തതിന്‍റെ പേരിലായിരുന്നു ക്രൂരമർദനം.

09:03 AM (IST) Dec 18

ട്രൈബല്‍ പ്രമോട്ടറെ പിരിച്ചുവിട്ടു

വയനാട് മാനന്തവാടിയിൽ ആദിവാസി സ്ത്രീയുടെ മൃതദേഹം ഓട്ടോറിക്ഷയിൽ കൊണ്ടുപോകേണ്ടി വന്ന സംഭവത്തിൽ ട്രൈബൽ പ്രമോട്ടറെ ബലിയാടാക്കി അധികൃതർ. സംഭവത്തിൽ ട്രൈബൽ പ്രമോട്ടർ മഹേഷ് കുമാറിനെ പിരിച്ചുവിട്ട് ഉത്തരവിറങ്ങി.

09:03 AM (IST) Dec 18

പൊള്ളലേറ്റ നിലയിൽ കണ്ട സ്ത്രീ മരിച്ചു

തീ പൊളളലേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. എറണാകുളം ആലുവ പട്ടേരിപ്പുറം സ്വദേശി കാഞ്ചനയാണ് (54) മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെയാണ് കാഞ്ചനയെ വീട്ടിൽ വച്ച് തീപൊളളലേറ്റ നിലയിൽ കണ്ടെത്തിയത്. 

09:03 AM (IST) Dec 18

രണ്ട് പ്രതികൾക്കായി തെരച്ചിൽ തുടരുന്നു

വയനാട്ടിൽ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ ഒളിവിലുള്ള രണ്ട് പ്രതികൾക്കായി തെരച്ചിൽ തുടരുന്നു. വിഷ്ണു, നബീൽ എന്നിവരെയാണ് പിടികൂടാനുള്ളത്. ഇവർ വയനാട് ജില്ലയ്ക്ക് പുറത്ത് ഒളിവിൽ കഴിയുകയാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇന്നലെ അറസ്റ്റ് ചെയ്ത ഹർഷിദ്, അഭിറാം എന്നിവർ 26 വരെ റിമാൻഡിലാണ്.

09:02 AM (IST) Dec 18

എംഎസ് സൊലൂഷ്യൻസ് സിഇഒയെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്തേക്കും

ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ ആരോപണ വിധേയരായ എംഎസ് സൊലൂഷ്യൻസ് സിഇഒ ഷുഹൈബ് ഉൾപ്പെടെയുള്ളവരെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്തേക്കും. വീഡിയോ തയ്യാറാക്കിയ അധ്യാപകരെയും ചോദ്യം ചെയ്യും. കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്പി കെ.കെ. മൊയ്തീൻകുട്ടിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം.