01:18 PM (IST) Dec 20

ഷഫീക്ക് വധശ്രമ കേസ്, രണ്ട് പ്രതികളും കുറ്റക്കാരെന്ന് കോടതി

ഇടുക്കി കുമളിയില്‍ അഞ്ചു വയസുകാരന്‍ ഷെഫീക്കിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പ്രതികളും കുറ്റക്കാരനെന്ന് കോടതി. ഷഫീക്കിന്‍റെ പിതാവായ ഷെരീഫ്, രണ്ടാനമ്മ അനീഷ എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. സംഭവം നടന്ന് 11 വര്‍ഷത്തിനുശേഷമാണ് നിര്‍ണായകമായ കോടതി വിധി വരുന്നത്.

06:23 AM (IST) Dec 20

ഷജീലിനെ നാട്ടിലെത്തിക്കാൻ ഊർജ്ജിത ശ്രമം

ചോറോട് വാഹനപകടക്കേസിലെ പ്രതി ഷജീലിനെ വിദേശത്ത് നിന്ന് നാട്ടിലെത്തിക്കാൻ ഊർജ്ജിത ശ്രമവുമായി പൊലീസ്. ഷജീലിന്റെ ജാമ്യാപേക്ഷ കോഴിക്കോട് പ്രിൻസിപ്പൾ സെഷൻസ് കോടതി ഇന്നലെ തള്ളിയിരുന്നു.

06:22 AM (IST) Dec 20

തൊണ്ടിമുതലിൽ കേസിൽ ഇന്ന് വിചാരണ തുടങ്ങുന്നു

തൊണ്ടിമുതലിൽ കേസിൽ എംഎൽഎ ആൻ്റണി രാജുവിനെകുറ്റപത്രം വായിച്ചു കേൾപ്പിക്കും. ഹൈക്കോടതി റദ്ദാക്കിയ വിചാരണ നടപടികൾ ഉടൻ ആരംഭിക്കണമെന്ന സുപ്രീംകോടതി ഉത്തരവിന് പിന്നാലെയാണ് വിചാരണ ആരംഭിക്കുന്നത്. നെടുമങ്ങാട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. മയക്കുമരുന്ന് കേസിൽ പ്രതിയായ വിദേശ പൗരനെ വിട്ടയക്കാൻ കോടതിയിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ അടിവസ്ത്രം വെട്ടി ചെറുതാക്കി തിരികെ വച്ചുവെന്നാണ് കേസ്.

06:21 AM (IST) Dec 20

6 വയസുകാരിയെ കൊന്ന രണ്ടാനമ്മയെ കോടതിയിൽ ഹാജരാക്കും

എറണാകുളം കോതമംഗലം നെല്ലിക്കുഴിയിൽ ആറു വയസുകാരിയെ കൊന്ന രണ്ടാനമ്മയെ പൊലീസ് ഇന്ന് കോടതിയിൽ ഹാജരാക്കും. നെല്ലിക്കുഴിയിൽ സ്ഥിര താമസമാക്കിയ ഉത്തർപ്രദേശ് സ്വദേശി അജാസ് ഖാൻ്റെ ആറു വയസുകാരിയായ മകൾ മുസ്കാനെ ഇന്നലെ രാവിലെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

06:21 AM (IST) Dec 20

എം എസ് സൊല്യൂഷൻസ് ഉടമകളുടെ മൊഴിയെടുക്കും

ചോദ്യപേപ്പർ ചോർച്ചയിൽ എം എസ് സൊല്യൂഷൻസ് അധികൃതരെ നോട്ടീസ് നൽകി വിളിപ്പിക്കാൻ ക്രൈം ബ്രാഞ്ച് സംഘം. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെയും നേരത്തെ പരാതി നൽകിയ അധ്യാപകരുടെയും മൊഴി എടുപ്പ് പൂർത്തിയായതിനു പിന്നാലെയാണ് നീക്കം.മറ്റു സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.