12:36 PM (IST) Aug 21

തസ്മിദ് കാണാമറയത്ത്; കന്യാകുമാരിയിലെ സിസിടിവി പരിശോധനയും വിഫലം

കഴക്കൂട്ടത്ത് നിന്ന് കാണാതായ 13കാരിയെ കണ്ടെത്താനായി കന്യാകുമാരി റെയില്‍വെ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുള്ള അന്വേഷണം വിഫലം. ദൃശ്യങ്ങളില്‍ കുട്ടിയെ കണ്ടെത്താനായിട്ടില്ല. തിരുവനന്തപുരത്ത് നിന്ന് കന്യാകുമാരിയിലേക്ക് ട്രെയിൻ കയറിയ കുട്ടി പാറശ്ശാലയ്ക്കുശേഷം എങ്ങോട്ട് പോയെന്നതില്‍ വ്യക്തമായ തെളിവ് ലഭിച്ചിട്ടില്ല. ഇതിനിടെ അന്വേഷണം ചെന്നൈയിലേക്കും വ്യാപിപ്പിച്ചിട്ടുണട്. ചെന്നൈ റെയില്‍വെ സ്റ്റേഷൻ കേന്ദ്രീകരിച്ചും അന്വേഷിക്കാൻ കേരള പൊലീസ് ആവശ്യപ്പെട്ടു.

08:04 AM (IST) Aug 21

കാണാതായ പെണ്‍കുട്ടി കന്യാകുമാരിയിലെത്തി, തെരച്ചില്‍ വ്യാപിപ്പിച്ച് പൊലീസ്

കഴക്കൂട്ടത്തുനിന്ന് കാണാതായ 13കാരി തസ്മിദ് തംസം കന്യാകുമാരിയിലെത്തിയതായി സ്ഥിരീകരണം. ബാംഗ്ലൂര്‍-കന്യാകുമാരി എക്സ്പ്രസില്‍ യാത്ര ചെയ്യുന്ന കുട്ടിയുടെ ഫോട്ടോ കന്യാകുമാരി റെയില്‍വെ സ്റ്റേഷന് സമീപത്തുള്ള ഓട്ടോ ഡ്രൈവര്‍മാര്‍ തിരിച്ചറിഞ്ഞു. കുട്ടിയെ കണ്ടിരുന്നതായി ഓട്ടോ ഡ്രൈവര്‍മാര്‍ പറഞ്ഞുവെന്നും ഇതിന്‍റെ അടിസ്ഥാനത്തിലാണ് കന്യാകുമാരിയില്‍ തെരച്ചില്‍ നടത്തുന്നതെന്നും സ്ഥലത്തെത്തിയ കഴക്കൂട്ടം എസ്ഐ ശരത്ത് പറഞ്ഞു.

06:34 AM (IST) Aug 21

കുട്ടി കരയുന്നത് കണ്ടാണ് ഫോട്ടോയെടുത്തതെന്ന് യാത്രക്കാരി ബബിത

ട്രെയിനില്‍ വെച്ച് കുട്ടി കരയുന്നത് കണ്ടാണ് ഫോട്ടോ എടുത്തതെന്ന് യാത്രക്കാരി ബബിത ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ബബിത എടുത്ത ഫോട്ടോ തിരിച്ചറിഞ്ഞാണ് കുട്ടി കന്യാകുമാരിയിലേക്ക് പോയിരിക്കാമെന്ന നിര്‍ണായക വിവരം പൊലീസിന് ലഭിച്ചത്. 

തമ്പാനൂരിൽ നിന്നാണ് ട്രെയിനില്‍ കയറിയതെന്ന് ബബിത പറഞ്ഞു. നെയ്യാറ്റിൻകരയില്‍ വെച്ചാണ് ഫോട്ടോയെടുത്തത്. കുട്ടി കരയുന്നുണ്ടായിരുന്നുവെങ്കിലും ധൈര്യത്തോടെയായിരുന്നു ഇരുന്നത്. വീട്ടിലിടുന്ന വസ്ത്രമാണ് ധരിച്ചിരുന്നത്. ഇതും സംശയം തോന്നി. കുട്ടി കരയുന്നത് കണ്ടാണ് ഫോട്ടോയെടുത്തത്. അങ്ങനെ എടുക്കാൻ തോന്നി. വീട്ടില്‍ നിന്ന് പിണങ്ങി വന്നതായിരിക്കുമോയെന്ന് കരുതി. പെണ്‍കുട്ടിയുമായി സംസാരിക്കാൻ കഴിഞ്ഞില്ലെന്നും ബബിത പറഞ്ഞു.

05:38 AM (IST) Aug 21

കേരള പൊലീസ് തമിഴ്നാട്ടിലേക്ക്

തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ 13കാരിയെ തേടി കേരള പൊലീസ് സംഘം തമിഴ്നാട്ടിലേക്ക് പുറപ്പെട്ടു. വനിത എസ്ഐ ഉള്‍പ്പെടെയുള്ള സംഘമാണ് കന്യാകുമാരിയിലേക്ക് പുറപ്പെട്ടത്. പെണ്‍കുട്ടി ബാംഗ്ലൂര്‍-കന്യാകുമാരി എക്സ്പ്രസില്‍ യാത്ര ചെയ്തത് സംബന്ധിച്ച് സ്ഥിരീകരിച്ചിരുന്നു. പാറശ്ശാല വരെ കുട്ടി ട്രെയിനിലുണ്ടായിരുന്നുവെന്ന വിവരും പൊലീസിന് ലഭിച്ചിട്ടുണ്ടെന്ന് ഡിസിപി അറിയിച്ചു.

05:06 AM (IST) Aug 21

ട്രെയിനിൽ കയറിയത് തമ്പാനൂരിൽ നിന്ന്

കഴക്കൂട്ടത്ത് നിന്ന് കുട്ടി തമ്പാനൂരിൽ എത്തിയ ശേഷം അവിടെ നിന്ന് ട്രെയിനിൽ കയറിയെന്നാണ് ലഭിക്കുന്ന വിവരം. കഴക്കൂട്ടം വരെ കുട്ടി നടന്നുപോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ കണ്ടെത്തിയിരുന്നു. അതിന് ശേഷമുള്ള ദൃശ്യങ്ങളിൽ കുട്ടിയെ കണ്ടിരുന്നില്ല.

05:05 AM (IST) Aug 21

കുട്ടിയുടെ കൈയിലുണ്ടായിരുന്നത് 40 രൂപ

തിരുവനന്തപുരത്തു നിന്ന് കുട്ടി ട്രെയിൻ കയറിയെന്നാണ് സഹയാത്രിക പൊലീസിനെ അറിയിച്ചത്. ട്രെയിനിൽ ഇരുന്ന് കുട്ടി കരയുന്നതു കണ്ട യാത്രക്കാരി കുട്ടിയുടെ ഫോട്ടോ എടുത്തു. ഈ ഫോട്ടോയാണ് പൊലീസിന് ലഭിച്ചത്. കുട്ടിയുടെ കൈയിൽ 40 രൂപ മാത്രമാണ് ഉണ്ടായിരുന്നതെന്നും ഫോട്ടോ എടുത്ത ബബിത എന്ന യാത്രക്കാരി പൊലീസിനെ അറിയിച്ചു. കുട്ടി 50 രൂപയുമായാണ് വീട്ടിൽ നിന്ന് പോയതെന്ന് മാതാപിതാക്കളും പൊലീസിനോട് പറഞ്ഞിരുന്നു. 

05:01 AM (IST) Aug 21

ചിത്രം മകളുടേത് തന്നെയെന്ന് സ്ഥിരീകരിച്ചു

ട്രെയിനിൽ നിന്ന് യാത്രക്കാരി പകർത്തിയ ചിത്രം തന്റെ മകളുടേത് തന്നെയാണെന്ന് പിതാവ് സ്ഥിരീകരിച്ചു. മകളെ കാണാതാവുമ്പോൾ ധരിച്ചിരുന്ന വസ്ത്രം തന്നെയാണ് ഫോട്ടോയിലും ഉള്ളതെന്നും സ്ഥിരീകരണം.

04:59 AM (IST) Aug 21

പൊലീസ് കന്യാകുമാരിയിലേക്ക് പോകും

കാണാതായ കുട്ടി ബംഗ്ലൂർ - കന്യാകുമാരി എക്സ്പ്രസിൽ കയറി തമിഴ്നാട്ടിലേക്ക് യാത്ര ചെയ്തുവെന്ന് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ അന്വേഷണ സംഘം കന്യാകുമാരിയിലേക്ക് പോകും. ഇതിനോടകം തന്നെ കന്യാകുമാരി പൊലീസിനും റെയിൽവെ സംരക്ഷണ സേനയ്ക്കും പൊലീസ് വിവരം കൈമാറി

04:58 AM (IST) Aug 21

നിർണായക വിവരം ലഭിച്ചു

കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 വയസുകാരി തസ്മിത് തംസുമിയെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെ നിർണായക വിവരം പൊലീസിന് വിവരം ലഭിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് കുട്ടി തിരുവനന്തപുരത്ത് നിന്ന് ബാംഗ്ലൂർ - കന്യാകുമാരി എക്സ്പ്രസ് ട്രെയിനിൽ കയറിയതായാണ് ബുധനാഴ്ച പുലർ‍ച്ചെ നാല് മണിയോടെ പൊലീസിന് വിവരം ലഭിച്ചത്.