ഇസ്രായേലിലേക്കും തിരിച്ചും വിമാനടിക്കറ്റിന്  55,000 രൂപ സ്വയം മുടക്കിയാണ് ബിജു സംഘത്തോടൊപ്പം കൂടിയത്. സന്ദര്‍ശനത്തിനിടയിലും യാത്രയിലും ബിജു ഇസ്രായേലിലെ മലയാളി സുഹൃത്തുക്കളുമായി നിരന്തരം ഫോണിൽ സംസാരിക്കാറുണ്ടായിരുന്നെന്നാണ് കൂടെയുണ്ടായിരുന്ന കര്‍ഷകര്‍ പറയുന്നത്.

കണ്ണൂർ: ഇസ്രായേലിലെ കൃഷിരീതികൾ പഠിക്കാൻ സംസ്ഥാനത്തുനിന്ന് പോയ കർഷക സംഘത്തിൽ നിന്ന് മുങ്ങിയ ബിജു കുര്യനെ മടങ്ങുന്നതിന്റെ തൊട്ടുതലേന്നാണ് കാണാതായതെന്ന് കൂടെ ഉണ്ടായിരുന്നവർ. ആസൂത്രണം ചെയ്താണ് ബിജു കുര്യൻ സംഘത്തിൽ നിന്ന് മുങ്ങിയതെന്ന് സഹയാത്രികർ പറയുന്നു. ഇസ്രായേലിൽ ശുചീകരണ ജോലി ചെയ്താൽ തന്നെ ദിവസം 15,000 രൂപ ലഭിക്കും. കൃഷിപ്പണിക്ക് ഇരട്ടിയാണ് കൂലിയെന്നും ബിജു ഒപ്പമുള്ളവരോട് പറ‍ഞ്ഞിരുന്നു. ഇതെല്ലാമറിഞ്ഞ് വളരെ ആസൂത്രിതമായാണ് ബിജു മുങ്ങിയതെന്ന് സഹയാത്രികനായ സുജിത് മാധ്യമങ്ങളോട് പറഞ്ഞു. അതിനിടെ ഇസ്രായേലിൽ തങ്ങുക എന്ന ലക്ഷ്യത്തോടെ വളരെ മുന്നൊരുക്കത്തോടെയും ആസൂത്രണത്തോടെയുമാണ് ബിജു സംഘത്തിനൊപ്പം ചേർന്നതെന്നാണ് അധികൃതരുടെ നി​ഗമനം.

ഇസ്രായേലിലേക്കും തിരിച്ചും വിമാനടിക്കറ്റിന് 55,000 രൂപ സ്വയം മുടക്കിയാണ് ബിജു സംഘത്തോടൊപ്പം കൂടിയത്. സന്ദര്‍ശനത്തിനിടയിലും യാത്രയിലും ബിജു ഇസ്രായേലിലെ മലയാളി സുഹൃത്തുക്കളുമായി നിരന്തരം ഫോണിൽ സംസാരിക്കാറുണ്ടായിരുന്നെന്നാണ് കൂടെയുണ്ടായിരുന്ന കര്‍ഷകര്‍ പറയുന്നത്. കർഷക സംഘത്തെ അയയ്ക്കാനുള്ള തീരുമാനം വന്നയുടൻ ബിജു നീക്കങ്ങൾ തുടങ്ങി. പായം കൃഷി ഓഫിസിലാണ് ബിജു കുര്യൻ അപേക്ഷ നൽകിയത്. ഒന്നാന്തരം കർഷകനായ ബിജുവിന്റെ കൃഷിയിടം കൃഷി ഓഫിസർ പരിശോധിച്ച് ഉറപ്പ് വരുത്തിയാണ് ബിജുവിനെ തെരഞ്ഞെടുത്തത്. എല്ലാ പരിശോധനകളും കഴിഞ്ഞ് യോ​ഗ്യത ഉറപ്പുവരുത്തിയാണ് ബിജുവിനെ തെര‍ഞ്ഞെടുത്തതെന്നും കൃഷി ഓഫിസർ വ്യക്തമാക്കി. 

അതേസമയം, കേരളത്തില്‍ നിന്നും ഇസ്രായേലില്‍ പോയ കര്‍ഷകര്‍ തിരിച്ചെത്തി. 26 പേരടങ്ങുന്ന സംഘം കഴിഞ്ഞ ദിവസമാണ് കൊച്ചിയിൽ തിരിച്ചെത്തിയത്. സംഘത്തിലുണ്ടായിരുന്ന കണ്ണൂർ സ്വദേശി ബിജു കുര്യനെ വ്യാഴാഴ്ച ഭക്ഷണത്തിന് ശേഷമാണ് കാണാതായതെന്ന് മടങ്ങിയെത്തിയവർ പറഞ്ഞു. തലവേദനക്ക് മരുന്ന് വാങ്ങണമെന്ന് പറഞ്ഞാണ് ബിജു പുറത്തിറങ്ങിയത്. ഇസ്രായേൽ പൊലീസ് അന്വേഷണം തുടങ്ങിയെന്നും സംഘാംഗങ്ങൾ പറഞ്ഞു.

കേരളത്തിൽ നിന്ന് ഇസ്രായേലിൽ പോയ കർഷകർ തിരിച്ചെത്തി; കാണാതായ കര്‍ഷകനായി അന്വേഷണം തുടരുന്നു

ആധുനിക കൃഷി രീതികള്‍ നേരിട്ട് കണ്ട് പഠിക്കാൻ കൃഷി വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി ഡോ. ബി അശോകിന്‍റെ നേതൃത്വത്തില്‍ 27 കര്‍ഷകരാണ് ഈ മാസം 12 ന് ഇസ്രായേലിലേക്ക് പോയത്. ഇവരില്‍ കണ്ണൂര്‍ സ്വദേശിയായ ബിജു കുര്യൻ (48) എന്ന കര്‍ഷകൻ വ്യാഴാഴ്ച്ച സംഘത്തില്‍ നിന്നും മുങ്ങിയിരുന്നു. തിരച്ചിലിനിടെ ബിജു കുര്യൻ വീട്ടിലേക്ക് വിളിച്ച് താൻ സുരക്ഷിതനാണെന്നും അന്വേഷിക്കേണ്ടെന്നും അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ബിജു കുര്യനില്ലാതെയാണ് കര്‍ഷക സംഘം മടങ്ങിയത്. ബിജുവിന്‍റെ വിസയ്ക്ക് മെയ് 8 വരെ കാലാവധിയുണ്ടെങ്കിലും സംഘത്തില്‍ നിന്ന് മുങ്ങിയതിനെതിരെ സര്‍ക്കാര്‍ നിയമ നടപടികളുമായി മുന്നോട്ട് പോവുകയാണ്.

 സംഭവത്തില്‍ ഇസ്രായേൽ പൊലീസിലും എംബസിയിലും ബി അശോക് പരാതി നൽകി. ബിജുവിന് അപകടം ഒന്നും സംഭവിച്ചിട്ടില്ലെന്നാണ് വിവരമെന്ന് കൃഷി മന്ത്രി ഇന്നലെ അറിയിച്ചിരുന്നു. എംബസിയിലും പൊലീസിലും പരാതി നൽകിയിട്ടുണ്ടെന്നും മന്ത്രി പി പ്രസാദ് പറഞ്ഞു.