കോഴിക്കോട്: കേരളത്തെയൊന്നാകെ നടുക്കി ദുരന്തങ്ങള്‍ പെയ്തിറങ്ങിയ ദിവസമായിരുന്നു  വെള്ളിയാഴ്ച. ഇടുക്കി രാജമലയിലെ മണ്ണിടിച്ചിലില്‍ നിരവധി ജീവനുകള്‍ മണ്ണിനടിയില്‍പ്പെട്ട് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെയാണ് രാത്രി 7.45ഓടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ ദുരന്തം സംഭവിച്ചത്. വെള്ളിയാഴ്ച രാത്രി കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങുന്നതിനിടെ എയര്‍ഇന്ത്യ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി  താഴേക്കുപതിച്ച് രണ്ടായി മുറിഞ്ഞു. 

പിന്നെ നടന്നത് ഒരു നാടിന്‍റെ കരുതലും സമയോചിതമായ ഇടപെടലും വ്യക്തമാക്കുന്ന സംഭവങ്ങളാണ്. കനത്ത മഴയെയും കൊവിഡിനെയും അവഗണിച്ച് നാട്ടുകാര്‍ വിമാനത്താവളത്തിലേക്ക് ഓടിക്കൂടി. രക്ഷാപ്രവര്‍ത്തനത്തിന് ആളെത്തും മുമ്പ് അപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടങ്ങി. മണിക്കൂറുള്‍‌ നീണ്ട പ്രയ്തനത്തിലൂടെ നിരവധി പേരെ രക്ഷപ്പെടുത്തി. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ 1996 ൽ രാജ്യത്തെ നടുക്കിയ ഹരിയാനയിലെ ചര്‍ഖി ദാദ്രിയിൽ  നടന്ന വിമാന അപകടത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് പ്രശസ്ത ഫോട്ടോഗ്രാഫര്‍ പി മുസ്തഫ പീടികക്കല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പും ഫോട്ടോയും ശ്രദ്ധേയമാവുകയാണ്.

1996 ൽ ഹരിയാനയിലെ ചര്‍ഖി ദാദ്രിയിൽ രണ്ട് വിദേശ യാത്രാ വിമാനങ്ങൾ കൂട്ടിയിടിച്ചതാണ് ഇതുവരെ ഇന്ത്യയിലുണ്ടായ വിമാനാപകടങ്ങളിൽ  ഏറ്റവും വലുത്. ദില്ലിയിൽ നിന്ന് ജിദ്ദയിലേക്ക് പോയ സൗദി അറേബ്യൻ വിമാനവും കസാഖിസ്ഥാനിൽ നിന്നും ദില്ലിയിലേക്ക് വന്ന വിമാനവും  1996 നവംബര്‍ 12ന് ആകാശത്ത് വെച്ച് കൂട്ടിയിടിച്ചു. രണ്ട് വിമാനങ്ങളിലുമായി 349 പേരാണ് മരിച്ചത്. രാജ്യത്തുണ്ടായ ഏറ്റവും വലിയ വിമാനാപകടമായിരുന്നു അത്. ഏയര്‍ ട്രാഫിക് കണ്‍ട്രോൾ റൂമിൽ നിന്നും ഉണ്ടായ സന്ദേശങ്ങളിലെ ആശയകുഴപ്പമായിരുന്നു ആ അപകടത്തിലേക്ക് നയിച്ചത്. അന്ന് മൃതദേഹങ്ങളോട് കാട്ടിയ അനാദരവും രക്ഷാപ്രവര്‍ത്തനത്തെക്കുറിച്ചുമെല്ലാം പങ്കുവയ്ക്കുയാണ് പി മുസ്തഫ.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം

മൃതദേഹം ഒന്നിനു മുകളിൽ ഒന്നായി...
ലോകത്തിലെ ഏറ്റവും വലിയ വിമാനാപകടം .ഹരിയാനയിലെ ചാർഖി ദാദ്രിയിൽ ഡൽഹിയിൽനിന്ന് 85 കിലോമീറ്റർ അകലെ. ഡൽഹിയിൽ നിന്ന് സൗദി അറേബ്യയിലേക്ക് 312 യാത്രക്കാരുമായി പോകുന്ന വിമാനവും, കസാഖിസ്ഥാനിൽ നിന്ന് 39 യാത്രക്കാരുമായി ഡൽഹിയിലേക്ക് വരുന്ന വിമാനവും തമ്മിൽ ചാർഖി ദാദ്രി ഗ്രാമത്തിനു മുകളിൽ വെച്ച് കൂട്ടിയിടിച്ചു 351 പേര് മരിച്ചു . മരിച്ചവരിൽ 15 മലയാളികളും. വൈകിയിട്ട് 6.40 നാണ് സംഭവം നടന്നത്. 1996 നവംബർ 12ന്. 

ഞാനും റിപ്പോട്ടർ എൻ.വി മോഹനനും രണ്ട് മണിക്കൂർ എടുത്തു സംഭവ സ്ഥലത്തെത്താൻ. നമുക്ക് മുൻപേ റോയിട്ടേഴ്‌സ് ഏജൻസി മാത്രമാണ് എത്തിയത്. ഇരുട്ടിൽ വിമാനത്തിൻറെ ഒരുഭാഗം കത്തുന്ന വെളിച്ചത്തിലാണ് ഫോട്ടോകൾ എടുത്തത്ത് ഒരു ടോർച്ച് എടുക്കാമായിരുന്നു എന്ന് തോന്നിപോയി. മൊബൈൽ ഫോൺ ഇല്ലാത്തകാലം . എന്നാലും ഇരുട്ടിൽ കിട്ടാവുന്നതെല്ലാം എടുത്തു . വാർത്ത അന്ന് രാത്രി മനോരമക്ക് അയച്ചു. ഫോട്ടോ ട്രാൻസ് മിറ്റർ കൊണ്ടുപോയിരുന്നു പടം അയക്കാൻ പറ്റിയില്ല. 

രാത്രിയിൽ ബോഡികൾ കൊണ്ടുപോയ ആശുപത്രിയിൽ പോയി. ട്രാക്റ്ററിൽ മൃതദേഹങ്ങൾ കൂട്ടിയിട്ടാണ് കൊണ്ടുവന്നിരുന്നത്. പലതിനും വസ്ത്രങ്ങൾ ഇല്ലായിരുന്നു. ജീവിതത്തിലെ ഏറ്റവും ഭീകരമായ കാഴ്ച്ചയായി ഇന്നും ഓർക്കുന്നു. അന്ന് ഞങൾ രണ്ട് മണിക്കൂർ കാറിൽ ഉറങ്ങികാണും. പുലർച്ച വീണ്ടും സംഭവ സ്ഥലത്തേക്ക് പോയി. മൃതദേഹത്തോട് ഒരുബഹുമാനവും കാണിച്ചില്ല. രാവിലെയും വാഹനങ്ങളിൽ അട്ടിയിട്ടാണ് കൊണ്ടുപോയത്.  

ഇനി ഇങ്ങിനെ ഒരു ഫോട്ടോ എന്തുകൊണ്ട് ഇട്ടു എന്ന് ചോദിച്ചാൽ നമ്മുടെ നാടിന്റെ നന്മ എന്താണെന്ന് മനസിലാക്കാൻ വേണ്ടിയാണ്. വെള്ളപ്പൊക്കത്തിനും, ഉരുൾപൊട്ടലിനും ഏതൊരു അപകടതിനും നമ്മുടെ യുവാക്കൾ സഹായത്തിനായി മുന്പന്തിയിലുണ്ട്. ആരും പ്രതിഫലം വാങ്ങിയിട്ടല്ല . കടലുണ്ടി ട്രെയിൻ അപകടം ഫോട്ടോയെടുക്കാൻ പോയിരുന്നു. അന്നും നാട്ടുകാരാണ് ആദ്യം മുന്നിട്ടിറങ്ങിയത്. ഇനി ഇന്നലത്തെ വിമാനാപകടം, ഒന്നര മണിക്കൂറിനുള്ളിൽ എല്ലാവരും കൂടെ ഒന്നിച്ചു നിന്ന് ഈ കൊറോണ കാലത്ത് മഴകൊണ്ട് 190 പേരെ രക്ഷാപ്രവർത്തനം നടത്തി, രക്തം വേണമെന്ന് പറഞ്ഞപ്പോൾ എത്ര പേരാണ് ക്യുവിൽ.... സല്യൂട്ട് കേരള.