കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കാന്‍ അധികാരമില്ലെന്നാണ് കോടതി വ്യക്തമാക്കിയത്

തിരുവനന്തപുരം: കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിക്കാതിരിക്കാൻ ബിജെപി ആസൂത്രിതമായ നീക്കം നടത്തുന്നു എന്ന് എംഎൽഎ സജീവ് ജോസഫ്. ബജ്റംഗ്ദൾ പ്രവര്‍ത്തകരെ അടക്കം ഇളക്കി വിടുന്നത് സർക്കാരും ബിജെപിയുമാണെന്നും, ഒരുവശത്ത് ജാമ്യം ഇപ്പൊ ശരിയാക്കാം എന്ന് പറയുന്ന ബിജെപി എന്ത് നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കണം. കോടതിയിൽ പ്രതീക്ഷയുണ്ട്. ഉത്തരവ് ഇറങ്ങിയാൽ ഉടൻ മേൽ കോടതിയെ സമീപിക്കുമെന്നും സജീവ് ജോസഫ് പറഞ്ഞു.

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കാന്‍ അധികാരമില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരി​ഗണിക്കാതിരുന്ന ചത്തീസ്​ഗഡ് സെഷൻസ് കോടതി, അപേക്ഷ ബിലാസ്പൂർ എൻഐഎ കോടതിയിലേക്ക് മാറ്റുകയായിരുന്നു. ഇതോടെ കന്യാസ്ത്രീകൾ ജയിലിൽ തുടരുമെന്ന് വ്യക്തമായി. അഞ്ചു ദിവസം മുമ്പാണ് ചത്തീസ്​ഗഡിൽ വെച്ച് മലയാളികളായ കന്യാസ്ത്രീകൾ അറസ്റ്റിലാവുന്നത്.

അതിനിടെ, അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി ബജ്രം​ഗ്ദൾ പ്രവർത്തകർ രംഗത്തെത്തി. കോടതിക്ക് മുന്നില്‍ നാടകീയരംഗങ്ങളാണ് അരങ്ങേറിയത്. ഛത്തീസ്​ഗഡ് സെഷൻസ് കോടതി ജാമ്യാപേക്ഷ പരി​ഗണിക്കുന്ന സാഹചര്യത്തിലായിരുന്നു കോടതിക്ക് മുന്നിൽ പ്രതിഷേധവുമായി ബജ്രം​ഗ്ദൾ പ്രവർത്തകർ എത്തിച്ചേർന്നത്. ജ്യോതി ശർമയുൾപ്പെടെയുള്ള നേതാക്കൾ മുദ്രാവാക്യം വിളികളോ‌ടെയാണ് കോടതിക്ക് മുന്നിലെത്തിയത്. കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്യുന്ന സമയത്ത് ബജ്രം​ഗ്ദൾ പ്രവർത്തകർ അവരെ തട‌ഞ്ഞുവെച്ച് ചോദ്യം ചെയ്യുന്നതുൾപ്പെ‌ടെയുള്ള ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. യാതൊരു കാരണവശാലും കന്യാസ്ത്രീകള്‍ക്ക് ജാമ്യം നല്‍കരുതെന്ന് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

YouTube video player