കടൽത്തീരത്തെ പാറക്കെട്ടുകളിലൂടെ നടക്കുന്നതിനിടെ വിദ്യാ‌‌ർത്ഥികൾ കാൽതെറ്റി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. 

കോട്ടയം: കോട്ടയത്ത് നിന്ന് ക‌‌ർണ്ണാടകയിലേക്ക് വിനോദയാത്രയ്ക്ക് പോയ മൂന്ന് കോളേജ് വിദ്യാർത്ഥികൾ കടലിൽ മുങ്ങി മരിച്ചു. കടൽത്തിട്ടയിൽ ഇരിക്കുമ്പോൾ കല്ലിളകി മൂവരും കടലിൽ പതിക്കുകയായിരുന്നു. കോട്ടയം മംഗളം കോളേജിൽ നിന്ന് പോയ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. കർണാടകയിലെ ഉടുപ്പിയിലെ സെന്റ് മേരീസ് ഐലന്റിൽ വച്ചാണ് അപകടം.

കോട്ടയം മം​ഗളം കോളേജിലെ അവസാന വ‌‌‌ർഷ ബി ടെക് വിദ്യാ‌ർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. അവസാന വര്‍ഷ ബിടെക് കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥികളായ കോട്ടയം കുഴിമറ്റം ചേപ്പാട്ടുപറമ്പില്‍ അമല്‍ സി.അനില്‍, ഉദയംപേരൂര്‍ ചിറമേല്‍ ആന്റണി ഷിനോയി, പാമ്പാടി വെള്ളൂര്‍ എല്ലിമുള്ളില്‍ അലന്‍ റെജി എന്നിവരാണ് മരിച്ചത്.

രണ്ട് ബസുകളിലായി ഇന്നലെ വൈകിട്ടാണ് കോളേജിൽ നിന്നുള്ള വിനോദയാത്രാ സംഘം കർണാടകയിലേക്ക് പോയത്. ഇന്ന് ഉച്ച കഴിഞ്ഞ് രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. വിദ്യാ‌ർത്ഥികളും അധ്യാപകരും അടക്കം എൺപതോളം പേ‌ർ വിനോദയാത്ര സംഘത്തിലുണ്ടായിരുന്നു. മറ്റ് വിദ്യാർത്ഥികളിൽ നിന്ന് അൽപം മാറി മൂവരും കടൽത്തിട്ടയിൽ ഇരിക്കുമ്പോൾ ശക്തമായ തിരയിൽ തിട്ടയിലെ കല്ലിളകി കടലിൽ പതിക്കുകയായിരുന്നുവെന്നാണ് വിവരം. സുരക്ഷാ സംഘം രക്ഷിക്കാൻ നോക്കിയെങ്കിലും ആഴമേറെയുള്ള കടൽ പ്രദേശത്ത് പരിശ്രമം വിജയിച്ചില്ല. പിന്നീട് അമലിന്‍റേയും അലന്‍റെ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. അഗ്നിരക്ഷാ സേനയെത്തി നടത്തിയ തെരച്ചിലിലാണ് ആന്‍റണിയുടെ മൃതദേഹം കിട്ടിയത്.

അപകടത്തിൽപ്പെട്ട വിദ്യാ‌ർത്ഥികളുടെ ബന്ധുക്കൾ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ മണിപ്പാൽ കിംസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.