ദുബൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രാമധ്യേ ഹൈദരാബാദ് വിമാനത്താവളത്തിൽ വെച്ച് പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു.
നെടുമ്പാശ്ശേരി: ഹൈദരാബാദ് വിമാനത്താവളത്തിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി മരിച്ചു. ദുബൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് മരണം സംഭവിച്ചത്. ചെങ്ങന്നൂർ സ്വദേശി സനീഷ് ബാബു (48) ആണ് മരിച്ചത്.
ദുബൈയിൽ നിന്ന് കണക്ഷൻ വിമാനത്തിൽ കൊച്ചിയിലേക്ക് വരുന്നതിനായി ഹൈദരാബാദ് വിമാനത്താവളത്തിൽ ഇറങ്ങിയപ്പോഴാണ് സനീഷ് ബാബുവിന് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ആശുപത്രിയിലേക്ക് മാറ്റുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചു. തുടർന്ന് മൃതദേഹം വിമാന മാർഗം കൊച്ചിയിലെത്തിച്ച് നാട്ടിലേക്ക് കൊണ്ടുപോയി.
പെരിങ്ങാല നന്ദനം വീട്ടിൽ രവീന്ദ്രന്റെയും ശാന്തമ്മയുടെയും മകനാണ് സനീഷ് ബാബു. ഭാര്യ: രൂപ. മകൾ: ദേവനന്ദ.
