മലയിടംതുരുത്ത് ഭൂമി തർക്കത്തിൽ സർക്കാർ വീണ്ടും ചർച്ചയ്ക്ക് ഒരുങ്ങുന്നു. കുടിയൊഴിപ്പിക്കപ്പെടുന്നവർക്ക് സ്ഥലവും വീടും നൽകാമെന്ന നിർദ്ദേശമാണ് സർക്കാർ മുന്നോട്ട് വെക്കുന്നത്. എന്നാൽ, താമസിക്കുന്ന സ്ഥലത്ത് നിന്ന് ഇറങ്ങില്ലെന്ന നിലപാടിലാണ് ദളിത് കുടുംബങ്ങൾ.

കൊച്ചി: എറണാകുളം മലയിടംതുരുത്ത് ഭൂമി തർക്കത്തിൽ വീണ്ടും ചർച്ചയ്ക്ക് സംസ്ഥാന സർക്കാർ. കുടിയൊഴിപ്പിക്കപ്പെടുന്നവർക്ക് സ്ഥലവും വീടും നൽകാമെന്ന ഫോർമുല മാത്രമാണ് മുന്നിലുള്ളതെന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്. ഇക്കാര്യം കുടിയൊഴുപ്പിക്കപ്പെടുന്നവരെ അറിയിക്കും. കുടിയൊഴിപ്പക്കണമെന്ന ഹൈക്കോടതി ഉത്തരവ് ഉള്ളതിനാൽ ഒഴിപ്പിക്കൽ അല്ലാതെ മറ്റ് മാർഗങ്ങൾ മുന്നിലില്ലെന്ന് ദളിത് കുടുംബങ്ങളെ ബോധ്യപ്പെടുത്താനാണ് ശ്രമം. രണ്ടുദിവസത്തിനകം ചർച്ച നടത്തും. താമസിക്കുന്ന സ്ഥലത്ത് നിന്ന് ഇറങ്ങില്ലെന്ന് ദളിത് കുടുംബങ്ങൾ നിലപാട് എടുത്തിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഭരണത്തിലേറി മണിക്കൂറുകൾക്കകം സർക്കാരിന് മുന്നിൽ വെല്ലുവിളിയായ മലയിടംതുരുത്തിൽ പ്രശ്ന പരിഹാരത്തിന് രണ്ടാഴ്ചയുടെ സാവകാശമാണ് ഹൈക്കോടതി നല്‍കിയിരിക്കുന്നത്. മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കലിൽ വിധി നടപ്പാക്കുകയല്ലാതെ സംസ്ഥാന സര്‍ക്കാരിന് മറ്റ് മാര്‍ഗ്ഗങ്ങളില്ലെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ ആലുവ റൂറൽ എസ് പി യുടെ ഹർജി പരിഗണിച്ച കോടതി പ്രശ്നം പരിഹരിക്കാൻ സർക്കാരിന് രണ്ടാഴ്ചയാണ് സാവകാശം നൽകിയത്. കോടതി ഉത്തരവ് നടപ്പാക്കിയാൽ കുടുംബങ്ങൾക്ക് പുനരധിവാസം ഒരുക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ ഉറപ്പ് നൽകി.

15ആം തവണ കുടിയൊഴിപ്പിക്കലിനിടെ നടന്ന പൊലീസ് നടപടി എൽഡിഎഫ് രാഷ്ട്രീയ ആയുധമാക്കുമ്പോഴാണ് ഹൈക്കോടതി നിലപാട് വ്യക്തമാക്കുന്നത്. 8 കുടുംബങ്ങൾ താമസിക്കുന്ന ഭൂമിയുടെ രേഖകളടക്കം പരിശോധിച്ച പെരുമ്പാവൂർ മുൻസിഫ് കോടതി മുതൽ സുപ്രീംകോടതി വരെ കുടിയൊഴിപ്പിക്കൽ ശരിവെച്ചതാണ്. സാങ്കേതിക പറയാതെ വിധി അനുസരിക്കുകയാണ് വേണ്ടതെന്ന് ഹൈക്കോടതി സിംഗിൽ ബെഞ്ച് പറഞ്ഞു. കോടതി വിധിയുടെ ശക്തിയെ ഇല്ലാതാക്കുന്ന നടപടി അംഗീകരിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഭൂമിയുടെ അവകാശം സ്ഥാപിച്ചെടുക്കാന്‍ താമസക്കാര്‍ ഒന്നും ചെയ്തിട്ടില്ലെന്നും നിരീക്ഷിച്ചു. കോടതി നിരീക്ഷണത്തിന് പിന്നാലെ ഉത്തരവ് നടപ്പാക്കിയാൽ കുടുംബങ്ങൾ വഴിയാധാരമാകില്ലെന്നും സർക്കാർ അവരെ പുനരധിവസിപ്പിക്കുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ ഉറപ്പ്. എന്നാൽ, പുനരധിവാസമല്ല, താമസിക്കുന്ന അതേ സ്ഥലത്ത് തുടരാനാകണമെന്നാണ് കുടുംബങ്ങളുടെ ആവശ്യം.

YouTube video player