വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ എന്നിവരുടെ പേരുകൾ ഉയരുമ്പോൾ, പരസ്യ പ്രതികരണങ്ങൾ വിലക്കി ഹൈക്കമാൻഡ് രംഗത്തെത്തിയിട്ടുണ്ട്. 

ദില്ലി: കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെ യു.ഡി.എഫ് ക്യാമ്പിൽ തുടങ്ങിയ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും വടംവലികളും നിരീക്ഷിച്ച് ഹൈക്കമാൻഡ്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ കേരളത്തിലെ മുതിർന്ന നേതാക്കളുമായി ഫോണിൽ സംസാരിക്കുകയും നിലവിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് വിവരം തേടുകയും ചെയ്തു. നേതാക്കൾ മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി ചരടുവലികൾ തുടങ്ങിയതോടെ ഹൈക്കമാൻഡ് അതീവ ജാഗ്രതയിലാണ്.

Add Asianetnews as a Preferred SourcegooglePreferred

മുഖ്യമന്ത്രി സ്ഥാനത്തിനായി വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ എന്നിവരുടെ പേരുകളാണ് സജീവമായി ഉയർന്നു കേൾക്കുന്നത്. വോട്ടെണ്ണലിന് മുൻപേ തന്നെ സോഷ്യൽ മീഡിയയിൽ നേതാക്കളുടെ അനുയായികൾ തമ്മിലുള്ള 'പോസ്റ്റർ, കമന്റ് യുദ്ധം' പാർട്ടിക്ക് അവമതിപ്പുണ്ടാക്കുമെന്നാണ് ചില മുതിർന്ന നേതാക്കളുടെ വിലയിരുത്തൽ.

തെരഞ്ഞെടുപ്പ് ഫലം വരുന്നതുവരെ മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് പരസ്യ പ്രതികരണം പാടില്ലെന്ന് എ. ഐ. സി. സി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും കേരളത്തിന്റെ ചുമതലയുള്ള ദീപാദാസ് മുൻഷിയും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഡൽഹി കേന്ദ്രീകരിച്ചും ചില നേതാക്കൾ ചർച്ചകൾ ആരംഭിച്ചതായാണ് സൂചന. എന്നാൽ ഹൈക്കമാൻഡ് തീരുമാനത്തിന് വിരുദ്ധമായി ആരും നീങ്ങരുതെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. മെയ് 4-ന് ഫലം പുറത്തുവന്ന ശേഷം ഹൈക്കമാൻഡ് പ്രതിനിധികൾ കേരളത്തിലെത്തി എം.എൽ. എമാരുടെ അഭിപ്രായം തേടും. അതിനുശേഷം മാത്രമേ അന്തിമ പ്രഖ്യാപനം ഉണ്ടാവുകയുള്ളൂ.

ചെന്നിത്തല ദില്ലിയിൽ

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരും മുൻപേ മുഖ്യമന്ത്രി പദത്തിനായി കോൺഗ്രസിൽ അസാധാരണ മുറവിളിയാണ് നടക്കുന്നത്. തന്നെ ഉയർത്തിക്കാട്ടിയുള്ള കെ സുധാകരൻ്റെ അടക്കം പരസ്യ പ്രതികരണങ്ങൾ തള്ളിക്കളയാതെയായിരുന്നു കെസി വേണുഗോപാൽ പ്രതികരിച്ചത്. നയിക്കാൻ കെസി വരണമെന്നുള്ള ക്യാമ്പയിനും അതിനെ തള്ളി വിഡി സതീശന് വേണ്ടിയുള്ള നീക്കങ്ങളും കൃത്യമായ ആസൂത്രണത്തിൻറെ അടിസ്ഥാനത്തിലാണെന്നാണ് വിലയിരുത്തൽ. കെസിക്കും വിഡിക്കുമായുള്ള പോരിനിടെ വിവാദങ്ങൾക്കില്ലാതെ മാറി നിൽക്കുകയാണ് രമേശ് ചെന്നിത്തല. ദില്ലിയിലെത്തിയ രമേശ് ചെന്നിത്തല ഇന്ന് പാർട്ടി അധ്യക്ഷൻ മല്ലികാർജുന ഖാർഗെയും രാഹുൽഗാന്ധിയെയും കാണും.