യുവത്വത്തിന്‍റെ കലാമേളയായ കലോത്സവത്തിലേക്ക് തന്നെ ക്ഷണിച്ച വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ കമന്‍റ് എടുത്തുപറഞ്ഞായിരുന്നു മമ്മൂട്ടി പ്രസംഗം തുടങ്ങിയത്

കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ സമാപന വേദിയിൽ നിറഞ്ഞ കയ്യടി നേടിയാണ് മുഖ്യാതിഥിയായെത്തിയ മമ്മൂട്ടി മടങ്ങിയത്. കൊല്ലത്ത് ആ‍ർത്തലച്ച കടലുപോലെ ഇരമ്പിയെത്തിയ സമാപന വേദിയെ അക്ഷരാർത്ഥത്തിൽ ത്രസിപ്പിക്കുകയായിരുന്നു മമ്മൂട്ടി. ആശ്രാമം മൈതാനത്ത് നിറഞ്ഞുകവിഞ്ഞ സദസിൽ കലാകിരീടം കണ്ണൂർ ജില്ലയ്ക്ക് സമ്മാനിച്ച മെഗാസ്റ്റാർ, പ്രസംഗത്തിലുടനീളം കയ്യടി നേടി.

ഒരുങ്ങുന്നത് ബമ്പർ ഹിറ്റോ? ഷൈൻ ടോം ചാക്കോ - കമൽ ചിത്രം 'വിവേകാനന്ദൻ വൈറലാണ്' റിലീസ് തിയതി പ്രഖ്യാപിച്ചു

യുവത്വത്തിന്‍റെ കലാമേളയായ കലോത്സവത്തിലേക്ക് തന്നെ ക്ഷണിച്ച വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ കമന്‍റ് എടുത്തുപറഞ്ഞായിരുന്നു മമ്മൂട്ടി പ്രസംഗം തുടങ്ങിയത്. എന്നെപ്പോലൊരാൾക്ക് സ്കൂൾ യുവജനോത്സവത്തിൽ എന്തുകാര്യം എന്നാണ് സമാപന സമ്മേളനത്തിന് മന്ത്രി ക്ഷണിച്ചപ്പോൾ ചിന്തിച്ചതെന്ന് മമ്മൂട്ടി വ്യക്തമാക്കി. നിങ്ങളാണ് ഈ പരിപാടിക്ക് യോഗ്യനെന്നായിരുന്നു മന്ത്രി വി ശിവൻകുട്ടി പറഞ്ഞതെന്നും അദ്ദേഹം വിവരിച്ചു. ഞാനിപ്പോഴും യുവാവാണെന്നാണ് മന്ത്രി കരുതുന്നതെന്ന്. കാഴ്ചയിലേ അങ്ങനെയുള്ളു, എനിക്കു വയസ്സ് പത്തുതൊണ്ണൂറായെന്നും മലയാളത്തിന്‍റെ മഹാനടൻ പറഞ്ഞപ്പോൾ കലോത്സവത്തിന്‍റെ സമാപന വേദിയിൽ കയ്യടിമേളം നിറയുകയായിരുന്നു.

വീഡിയോ കാണാം

YouTube video player

എന്തായാലും വരാമെന്നു തീരുമാനിച്ച് പുതിയ ഉടുപ്പും കൂളിങ് ഗ്ലാസുമൊക്കെ റെഡിയാക്കി വച്ചപ്പോൾ ഒരു വിഡിയോ കണ്ടെന്നും അത് പ്രകാരമാണ് മുണ്ടും വെള്ള ഷർട്ടും ധരിച്ചെത്തിയതെന്നും മമ്മൂട്ടി വ്യക്തമാക്കി. കലോത്സവ വേദിയിൽ മമ്മൂട്ടി ഏത് വേഷമിട്ടാകും വരികയെന്നായിരുന്നു വീഡിയോയിൽ ഉണ്ടായിരുന്നത്. മുണ്ടും വെള്ള ഷർട്ടും ധരിച്ചാകും എത്തുകയെന്ന മറുപടികൾ കണ്ടിട്ടാണ് അതുപോലെ അണിഞ്ഞൊരുങ്ങി വന്നതെന്നും അദ്ദേഹം വിവരിച്ചു. മൈക്കിനു മുന്നിൽനിന്നും മാറി വേഷം സദസ്സിനെ കാണിക്കുകയും ചെയ്തു മലയാളത്തിന്‍റെ മെഗാസ്റ്റാർ.

യാതൊരു വിവേചനവുമില്ലാതെ പലതരം കലകളുടെ സമ്മേളനമാണു സംസ്ഥാന സ്കൂൾ കലോത്സവമെന്നും ഇതു തുടരണമെന്നും മമ്മൂട്ടി ഓർമ്മിപ്പിച്ചു. ജയപരാജയങ്ങൾ ഒരിക്കലും കലാപ്രവർത്തനത്തെ ബാധിക്കരുതെന്നും സമ്മാന വിതരണ ചടങ്ങിൽ മുഖ്യാതിഥിയായെത്തിയ നടൻ മമ്മൂട്ടി കുട്ടികളോട് പറഞ്ഞു. മത്സരത്തിൽ വിജയിച്ചവർക്കും പരാജയപ്പെട്ടവർക്കും കലാലോകത്ത് അവസരങ്ങൾ ഒരുപോലെയാണെന്നും അദ്ദേഹം വിവരിച്ചപ്പോൾ നിറഞ്ഞ കയ്യടിയാണ് ഉയർന്നത്.

അതേസമയം ഇഞ്ചോടിഞ്ചുള്ള പോരാട്ടത്തിൽ 3 പോയിന്‍റ് വ്യത്യാസത്തിലാണ് കണ്ണൂ‍ർ കലാകിരീടം സ്വന്തമാക്കിയത്. 952 പോയിന്റ് നേടിയ കണ്ണൂര്‍ ജില്ല ഒന്നാമതെത്തിയപ്പോൾ 949 പോയിന്‍റ് നേടിയ കോഴിക്കോടിനാണ് രണ്ടാം സ്ഥാനം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം