ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട 10 വാ‍ർത്തകൾ ഒറ്റനോട്ടത്തിലറിയാം... ചുവടെ

1'എഐ ക്യാമറ പദ്ധതി രണ്ടാം ലാവ്ലിൻ, ജുഡീഷ്യൽ അന്വേഷണം വേണം, പിണറായി മഹാ മൗനം വെടിയണം'

എഐ ക്യാമറ കരാർ ഇടപാടിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡ‍ി സതീശൻ രംഗത്ത്. രണ്ടാം എസ്എൻസി ലാവ്ലിനാണ് എഐ ക്യാമറ അഴിമതിയെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു. അന്വേഷണം നടത്തുമെന്ന് പറയുമ്പോഴും വ്യവസായ വകുപ്പ് മന്ത്രി കരാറിനെ ന്യായീകരിക്കുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി. സ്രിറ്റ് എന്ന കമ്പനിക്ക് കരാർ നൽകിയത് എന്തിന്റെ അടിസ്ഥാനത്തിലാണ്, കൺസ്ട്രക്ഷൻ കമ്പനി എങ്ങനെ യോഗ്യത നേടിയെന്നതടക്കം ഏഴ് ചോദ്യവും പ്രതിപക്ഷനേതാവ് ഉയർത്തി. സേഫ് കേരള പദ്ധതി വഴി നടക്കുന്നത് വൻ കൊള്ളയെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചു. കേരളം കണ്ട വലിയ അഴിമതി കൃത്യമായ ആസൂത്രണത്തോടെയാണ് നടത്തിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

2ആദ്യം ഒന്നാം ലാവ്ലിൻ എന്തെങ്കിലുമാകണ്ടെ? വിഡി സതീശന് മറുപടി നൽകി എം വി ഗോവിന്ദൻ

രണ്ടാം എസ്എൻസി ലാവ്ലിനാണ് എഐ ക്യാമറ അഴിമതിയെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണത്തിന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദന്‍റെ മറുപടി. എഐ ക്യാമറ ഇടപാട് രണ്ടാം ലാവലിന് ആകണമെങ്കിൽ ഒന്നാം ലാവലിൻ എന്തെങ്കിലും ആകണ്ടേയെന്നും ഒന്നാം ലാവലിന് എന്ത് സംഭവിച്ചുവെന്നും അദ്ദേഹം ചോദിച്ചു. ഈ ചോദ്യങ്ങൾക്ക് സതീശൻ മറുപടി പറയട്ടെ എന്നും എം വി ​ഗോവിന്ദൻ പറഞ്ഞു. ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷ ആവശ്യം. എന്നാൽ സിബിഐ, ഇഡി അന്വേഷണം വേണമെന്ന് പറയാത്തത് എന്തെന്നും എം വി ഗോവിന്ദൻ പരിഹസിച്ചു. എല്ലാ കരാറും പരിശോധിക്കട്ടെ, ഒന്നും മറച്ചുവയ്ക്കാനില്ല. സിപിഎമ്മിന് അഴിമതി നടത്തേണ്ട ആവശ്യമില്ല. ആരെയും അഴിമതി നടത്താൻ അനുവദിക്കുകയുമില്ലെന്നും എം വി ​ഗോവിന്ദൻ വ്യക്തമാക്കി.

3ഇരുചക്രവാഹനത്തില്‍ രണ്ടുപേർ മാത്രമെന്നത് കേന്ദ്ര നിയമം, ഇളവ് വേണമെന്ന് കേരളം ആവശ്യപ്പെടും; ആന്‍റണി രാജു

ഇരുചക്രവാഹനത്തില്‍ രണ്ട് പേർക്കേ യാത്ര ചെയ്യാനാകൂ എന്നത് കേന്ദ്ര നിയമമാമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞു. കേരളം പ്രത്യേക നിയമം കൊണ്ടുവന്നിട്ടില്ല. പക്ഷെ പൊതുവായ ആശങ്ക ഉയർന്നിട്ടുണ്ട്. കുട്ടികളെ കൂടി ബൈക്കിൽ അനുവദിക്കണം എന്നാണാവശ്യം. ഇത് സംബന്ധിച്ച് കേന്ദ്ര നിയമത്തിലാണ് മാറ്റം വരേണ്ടത്. ഇളവ് വേണം എന്ന ആവശ്യം കേരളം കേന്ദ്രത്തോട് ഉന്നയിക്കും. നിയമ ഭേദഗതി ആവശ്യപ്പെടാനുള്ള സാഹചര്യം പരിശോധിക്കും. വ്യക്തത വരുത്തേണ്ടത് കേന്ദ്രമാണ്. കേന്ദ്രത്തോട് ഇക്കാര്യം ആവശ്യപ്പെടുന്നത് ചർച്ച ചെയ്യാനായി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

4'സുരക്ഷാ ചെലവായി മാസം 20 ലക്ഷം', കര്‍ണാടക സര്‍ക്കാരിന്‍റെ ആവശ്യത്തിനെതിരെ മദനി സുപ്രീംകോടതിയില്‍

കര്‍ണാടക സര്‍ക്കാരിനെതിരെ മദനി വീണ്ടും സുപ്രീം കോടതിയിൽ. കേരളത്തിൽ സുരക്ഷ നൽകാൻ കർണാടക സർക്കാർ ഒരു മാസം 20 ലക്ഷം രൂപ ആവശ്യപ്പെട്ടതിനെതിരെയാണ് കോടതിയെ സമീപിച്ചത്. കർണാടക സർക്കാർ നടപടി കോടതി ഉത്തരവിനെ നീർവീര്യമാക്കുന്നതെന്ന് സുപ്രിം കോടതി നീരീക്ഷിച്ചു. കഴിഞ്ഞ തവണ നാല് ഉദ്യോഗസ്ഥർ വന്നിടത്ത് ഇത്തവണ ഇത് വർധിച്ചത് എങ്ങനെയെന്ന് കോടതി ചോദിച്ചു. വിഷയത്തിൽ മറുപടി സമർപിക്കാൻ കർണാടക സർക്കാരിന് നിർദേശം നല്‍കി. മദനിയുടെ ഹർജി തിങ്കളാഴ്ച്ച വീണ്ടും പരിഗണിക്കും.

5 ഷെയിനും അമ്മയും എഡിറ്റിം​ഗിൽ ഇടപെടുന്നു; നിർമ്മാതാവ് സോഫിയ പോളിന്‍റെ പരാതി

നടൻ ഷെയിൻ നിഗമിനെതിരെയുള്ള നിർമ്മാതാവ് സോഫിയ പോൾ നൽകിയ പരാതി പുറത്ത്. ഷെയിൻ ഷൂട്ട് ചെയ്ത ഭാഗങ്ങൾ കാണണമെന്ന് ആവശ്യപ്പെടുന്നുവെന്ന് പരാതിയിൽ പറയുന്നു. ഷെയിനിനെ കൂടാതെ അമ്മയും എഡിറ്റിംഗിൽ ഇടപെടുന്നു. ഷൂട്ട് ചെയ്ത ഭാഗങ്ങൾ കണ്ട് ഷെയിനും അമ്മയും കണ്ട ശേഷം സിനിമയിൽ ഉള്ള പ്രാധാന്യം ഉറപ്പ് വരുത്തിയ ശേഷമെ തുടർന്ന് അഭിനയിക്കു എന്ന് നിലപാട് എടുത്തുവെന്നും പരാതിയിൽ പറയുന്നു. ഷെയിനും അമ്മയും സിനിമ പ്രമോഷനിലും പോസ്റ്റർ തയ്യാറാക്കുന്നതിലും ഇടപെടുകയാണ്. സമയത്ത് ഷൂട്ടിംഗിന് എത്തിയിരുന്നില്ലെന്നും ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് കൊടുത്ത പരാതിയിൽ പറയുന്നു. ഈ പരാതിയുടെ കൂടെ അടിസ്ഥാനത്തിലാണ് ഷൈൻ നിഗത്തിന് മലയാള സിനിമയിൽ വിലക്കേർപ്പെടുത്തിയത്.

6നിർമാതാവിന്‍റെ പരാതി അടിസ്ഥാന രഹിതം, പരിഹാരം കാണണം; 'അമ്മ'യ്ക്ക് ഷെയിനിന്റെ കത്ത്

സിനിമാ സംഘടനകളുടെ വിലക്കിന് പിന്നാലെ താര സംഘടനയായ അമ്മയെ സമീപിച്ച് നടൻ ഷെയിന്‍ നി​ഗം. നിർമ്മാതാവ് സോഫിയ പോളിന്റെ പരാതിയിൽ തന്റെ ഭാ​ഗം വിശദീകരിച്ച് നടൻ സംഘടനയ്ക്ക് കത്ത് നൽകി. സോഫിയ പരാതിയിൽ പറയുന്ന കാര്യങ്ങൾ അടിസ്ഥാന രഹിതമെന്നാണ് ഷെയ്ൻ കത്തിൽ പറയുന്നത്. ആര്‍ഡിഎക്സ് സിനിമയുടെ സുപ്രധാന രംഗങ്ങളുടെ ഷൂട്ടിംഗ് മുടങ്ങിയതിന് കാരണം താനല്ലെന്നും ഷെയിന്‍ പറയുന്നു. സിനിമയുടെ എഡിറ്റിംഗിൽ ഇടപെട്ടിട്ടില്ല. താൻ ചില പരാതികൾ ഉന്നയിച്ചപ്പോൾ എഡിറ്റിംഗ് കാണാൻ ഇങ്ങോട്ട് ആവശ്യപ്പെട്ടത് നിർമ്മാതാവ് ആണെന്നും ഷെയിന്‍ പറഞ്ഞു. ശാരീരിക പ്രശ്നങ്ങള്‍ കാരണം ഒരു ദിവസം സെറ്റിലെത്താന്‍ വൈകിയത് കൊണ്ട് നിർമ്മാതാവിൻ്റെ ഭർത്താവ് പോൾ തൻ്റെ അമ്മയെ അപമാനിക്കുന്ന രീതിയിൽ പെരുമാറിയെന്നും നടൻ കത്തിൽ പറയുന്നു. താൻ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണാൻ സംഘടന ഇടപെടണമെന്നും ഷെയിൻ കത്തിൽ‌ ആവശ്യപ്പെടുന്നു.

7ചിരിയുടെ സുൽത്താന് യാത്രാമൊഴി; ഔദ്യോ​ഗിക ബഹുമതികളോടെ വിട നൽകി കേരളം, അ‌ർഹിച്ച ആദരവ് നൽകിയില്ലെന്നും വിമർശനം

മലയാളത്തിന്റെ പ്രിയ നടൻ മാമുക്കോയയുടെ സംസ്കാരം കോഴിക്കോട് കണ്ണംപറമ്പ് ഖബർസ്ഥാനിൽ നടന്നു. വീട്ടിൽ ഒൻപതര വരെ പൊതുദർശനത്തിന് വെച്ചശേഷമാണ് മൃതദേഹം പള്ളിയിലേക്ക് കൊണ്ടുപോയത്. മാമുക്കോയയുടെ ആ​ഗ്രഹപ്രകാരമാണ് കണ്ണംപറമ്പ് ഖബർ സ്ഥാനിൽ ഖബറടക്കിയത്. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം നടന്നത്. മൃതദേഹം പള്ളിയിലേക്ക് കൊണ്ടുപോകുന്നത് വരേയും മാമുക്കോയയെ അവസാനമായി ഒരു നോക്ക് കാണാനുള്ള ഒഴുക്കായിരുന്നു വീട്ടിലേക്ക്. അതേസമയം മാമൂക്കോയക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ പ്രമുഖരടക്കം പലരും വരാത്തതിൽ അനുസ്മരണ സമ്മേളനത്തിൽ വിമർശനം. പല പ്രമുഖരും വരാതിരുന്നത് മാമുക്കോയയോടുള്ള അനാദരവായെന്നും അനുസ്മരണ സമ്മേളനത്തിൽ വി എം വിനു പറഞ്ഞു. മാമുക്കോയ നൽകിയ സ്നേഹം മലയാള സിനിമാ ലോകത്തിന് തിരിച്ചു നൽകാൻ ആയില്ലെന്ന് ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.

8അരിക്കൊമ്പൻ ദൗത്യം നാളെ തന്നെ; പുലർച്ചെ 4 ന് ശ്രമം തുടങ്ങും, ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി വനംവകുപ്പ്

ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ മേഖലയിൽ നാശം വിതയ്ക്കുന്ന കാട്ടാന അരിക്കൊമ്പനെ പിടികൂടുന്നുള്ള ദൗത്യം നാളെ തന്നെ നടക്കും. നാളെ പുലർച്ചെ 4 ന് ദൗത്യം തുടങ്ങും. സി സി എഫിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. അതിനിടെ അരിക്കൊമ്പനെ പിടികൂടുന്നതിന്‍റെ ഭാഗമായുള്ള മോക്ക് ഡ്രിൽ തുടങ്ങിയിട്ടുണ്ട്. അരിക്കൊമ്പനെ പിടികൂടി എങ്ങോട്ട് മാറ്റണമെന്ന് ഹൈക്കോടതി നിയോഗിച്ച വിദഗ്ദ്ധ സമിതി സ‍ർക്കാരിനി റിപ്പോ‍ർട്ട് സമർ‍പ്പിച്ചതിന് പിന്നാലെയാണ് വനംവകുപ്പ് മോക്ക് ഡ്രിൽ നടത്തുന്നത്. ആനയെ പിടികൂടി എവിടേക്ക് മാറ്റുമെന്നത് വനം വകുപ്പ് രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. ആനയെ എത്തിക്കാൻ പരിഗണിക്കുന്ന പെരിയാർ കടുവ സങ്കേതം, വയനാട്, പാലക്കാട്, തിരുവനന്തപുരം എന്നീ ജില്ലകളിൽ പരിശോധന പൂർത്തിയാക്കി. ദൗത്യം നടത്താൻ തീരുമാനമായതോടെയാണ് മോക്ഡ്രിൽ നടത്താൻ തീരുമാനിച്ചത്.

9ആശ്വാസ മഴ; 3 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, നാളെ 2 ജില്ലകളിൽ മുന്നറിയിപ്പ്, സംസ്ഥാനത്ത് വേനൽ മഴ സജീവം

സംസ്ഥാനത്ത് വേനൽ മഴ സജീവമായി. മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെയും എറണാകുളത്തും ഇടുക്കിയിലും യെല്ലോ അലർട്ടായിരിക്കും. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കും. ഇടിയോട് കൂടിയ മഴയ്ക്കും പെട്ടെന്നുള്ള കാറ്റിനും സാധ്യതയുണ്ട്. അടുത്ത മണിക്കൂറുകളില്‍ തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

10സുഡാനിൽ സ്ഥിതി സങ്കീര്‍ണ്ണമെന്ന് വിദേശകാര്യമന്ത്രാലയം; രക്ഷാദൗത്യം തുടരുന്നു, മലയാളികളുടെ ആദ്യ സംഘം കേരളത്തിൽ

സുഡാനിലെ സ്ഥിതിഗതികള്‍ സങ്കീര്‍ണ്ണമെന്ന് വിദേശകാര്യമന്ത്രാലയം. 1095 ഇന്ത്യക്കാരെ ഇതുവരെ ഒഴിപ്പിച്ചെന്ന് മന്ത്രാലയം വ്യക്തമാക്കി. 19 മലയാളികളെ തിരികയെത്തിച്ചു. ഖാർത്തൂമിൽ കൊല്ലപ്പെട്ട മലയാളി ആൽബർട്ട് അ​ഗസ്റ്റിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണെന്നും വിദേശകാര്യ സെക്രട്ടറി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പലയിടത്തും വെടിനിർത്തൽ പാലിക്കപ്പെടുന്നില്ല. ഖാർത്തൂം കേന്ദ്രീകരിച്ചും, അംദുർമാൻ, അൽഫാഷർ, കസാല, പോർട്ട് സുഡാൻ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചും ഓപ്പറേഷൻ കാവേരി ദൗത്യം പുരോ​ഗമിക്കുകയാണ്. ഖാർത്തൂമിലെ ഇന്ത്യൻ എംബസി, പോർട്ട് സുഡാൻ, ജിദ്ദ എന്നിവിടങ്ങളിൽ മുഴുവൻ സമയ കണ്ട്രോൾ റൂം തുറന്നു. സുഡാനില്‍ 3100 പേരാണ് നാട്ടിലേക്ക് മടങ്ങാനായി ഓൺലൈനില്‍ രജിസ്റ്റർ ചെയ്തത്. അതിനിടെ സുഡാനിൽ നിന്നുള്ള മലയാളികളുടെ ആദ്യ സംഘത്തെ കേരളത്തിലെത്തിച്ചു.

YouTube video player