കോഴിക്കോട് കടപ്പുറത്ത്  24 വർഷംമുമ്പ്  1999 ഫെബ്രുവരി ഏഴിന് രാത്രി 9.15-ന് ആയിരുന്നു കേസിന്നാസ്പദമായ സംഭവം നടക്കുന്നത്. 

കോഴിക്കോട്: യേശുദാസിനും ചിത്രയ്ക്കും നേരെ കല്ലെറിഞ്ഞ കേസിലെ പ്രതിയെ 24 വര്‍ഷങ്ങള്‍ക്ക് ശേഷം അറസ്റ്റ് ചെയ്ത് പൊലീസ്. ബേപ്പൂർ മാത്തോട്ടം സ്വദേശി പണിക്കർമഠം എൻ.വി. അസീസിനെ (56) ആണ് നടക്കാവ് പൊലീസ് പിടികൂടിയത്. 
1999 ല്‍ കോഴിക്കോട് നടന്ന മലബാർ മഹോത്സവത്തിലെ ഗാനമേളയ്ക്കിടെയാണ് ഗായകരായ യേശുദാസിനെയും ചിത്രയെയും അസീസ് കല്ലെറിഞ്ഞത്. വഴിയോരത്ത് പഴക്കച്ചവടം നടത്തുന്ന ആളാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. 

കോഴിക്കോട് കടപ്പുറത്ത് 24 വർഷംമുമ്പ് 1999 ഫെബ്രുവരി ഏഴിന് രാത്രി 9.15-ന് ആയിരുന്നു കേസിന്നാസ്പദമായ സംഭവം നടക്കുന്നത്. ഗാനമേള പുരോഗമിക്കവെ ബീച്ചിലെ നഴ്സസ് ഹോസ്റ്റലിന് മുൻവശത്തുനിന്ന് ഗായകരായ ചിത്രക്കും യേസുദാസിനും നേരെ കല്ലേറുണ്ടാവുകയായിരുന്നു. ഗായകരെ കല്ലെറിഞ്ഞ സംഘത്തിൽ ചില പ്രതികളെ പൊലീസ് പിന്നീട് പിടികൂടിയിരുന്നു. കേസില്‍ പിടിയിലാകാനുള്ള ആളായിരുന്നു അസീസെന്ന് അന്വേഷണസംഘം പറഞ്ഞു. 

1999 കാലഘട്ടത്തില്‍ മാത്തോട്ടത്ത് താമസിച്ചിരുന്ന അസീസ് സ്ഥലം മാറി മലപ്പുറം ജില്ലയിലെ മുതുവല്ലൂരിൽ പുളിക്കൽകുന്നത്ത് വീട്ടിൽ താമസിക്കുന്നതിനിടയിലാണ് ഇയാളെ പിടികൂടുന്നത്. മാത്തോട്ടത്തുള്ള പരിസരവാസി നൽകിയ സൂചനയിലാണ് പോലീസ് മലപ്പുറം ജില്ലയിൽ അന്വേഷണം ശക്തമാക്കുന്നതും ഇയാളെ പിടികൂടുന്നതും. നടക്കാവ് സി.ഐ.യായിരുന്ന കെ. ശ്രീനിവാസൻ ആയിരുന്നു അന്നത്തെ അന്വേഷണോദ്യോഗസ്ഥൻ. കേസിൽ കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.

നടക്കാവ് ഇൻസ്പെക്ടർ പി.കെ. ജിജീഷിന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എം.വി. ശ്രീകാന്ത്, സി. ഹരീഷ്കുമാർ, പി.കെ. ബൈജു, പി.എം. ലെനീഷ് എന്നിവരുൾപ്പെട്ട പ്രത്യേക അന്വേഷണസംഘമാണ് അസീസിനെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ അസീസിനെ ജാമ്യത്തിൽ വിട്ടിരിക്കുകയാണ്. 

Read More : പൂജാ സാധനങ്ങള്‍ക്ക് ഗുണനിലവാരമില്ല, യഥാര്‍ഥ ചന്ദനമല്ല; സുപ്രീം കോടതിക്ക് ജ. ശങ്കരന്‍റെ റിപ്പോര്‍ട്ട്

Asianet News Malayalam Live News | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | | Kerala Live TV News HD