തിരുവനന്തപുരം കന്യാകുളങ്ങരയിൽ 16 കാരിയെ കുത്തി പരിക്കേൽപ്പിച്ച പ്രതി പിടിയിൽ. പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പകയിലാണ് പ്രതി സഹദ് പെൺകുട്ടിയെ ആക്രമിച്ചത്

തിരുവനന്തപുരം: തിരുവനന്തപുരം കന്യാകുളങ്ങരയിൽ 16 കാരിയെ കുത്തി പരിക്കേൽപ്പിച്ച പ്രതി പിടിയിൽ. പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പകയിലാണ് പ്രതി സഹദ് പെൺകുട്ടിയെ ആക്രമിച്ചത്. പെൺകുട്ടി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് വൈകിട്ട് രണ്ട് മണിയോടെ പെൺകുട്ടിയുടെ വീടിന് സമീപത്ത് വെച്ചാണ് സംഭവം. സ്ഥലത്ത് കാറിലെത്തിയ പ്രതി പെൺകുട്ടി വീടിന് പുറത്തിറങ്ങുന്നതുവരെ കാത്തു നിന്നു. 2 മണിയോടെ ടെക്സ്റ്റ് ബുക്ക് വാങ്ങുന്നതിനായി പെൺകുട്ടി വീടിന് പുറത്തിറങ്ങി. സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്ന് സഹദ് പെൺകുട്ടിയുടെ കഴുത്തിൽ കുത്തി. ആക്രമണത്തിൽ പെൺകുട്ടിയുടെ മുഖത്തും പരിക്കേറ്റു. കുത്തേറ്റ പെൺകുട്ടി ഇടവഴിയിലൂടെ ഓടി രക്ഷപ്പെട്ടു. രക്തം വാ‍ർന്ന നിലയിൽ പെൺകുട്ടി ഓടുന്നത് കണ്ട പ്രദേശവാസികളാണ് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്.

കൃത്യം നടത്തിയ ശേഷം സഹദ് കാറിൽ സ്ഥലത്തു നിന്നും രക്ഷപ്പെട്ടു. തുട‍ർന്ന് കാറുപേക്ഷിച്ചു. മൊബൈൽ ഫോൺസ്വിച്ച് ഒഫ് ചെയ്തു. ബന്ധുവിനൊപ്പം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് വട്ടപ്പാറ സ്റ്റേഷൻ പരിധിയിൽ നിന്ന് പൊലീസ് സഹദിനെ പിടികൂടിയത്. പലതവണ സഹദ് പെൺകുട്ടിയോട് പ്രണയാഭ്യർത്ഥന നടത്തിയിട്ടുണ്ട്. പെൺകുട്ടി ഇത് നിരസിച്ചു. ഇതിന്റെ വൈരാഗ്യത്തിലാണ് പ്രതി പെൺകുട്ടിയെ കുത്തിയതെന്നാണ് പൊലീസ് പറയുന്നത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് പിടിയിലായ സഹദ്.

YouTube video player