ചാവക്കാട്: ആർഎസ്എസ് പ്രവർത്തകനായിരുന്ന തൊഴിയൂർ സുനിലിനെ കൊലപ്പെടുത്തിയ കേസിൽ ഒരുപ്രതി കൂടി അറസ്റ്റിൽ. തൃശ്ശൂർ പള്ളം സ്വദേശി സുലൈമാൻ ആണ് പിടിയിലായത്. തീവ്രവാദ സംഘടനയായ ജംഇയ്യത്തുൽ ഹിസാനിയയുടെ ആദ്യകാല കണ്ണൂർ, കാസർകോഡ് ജില്ലകളുടെ കമാൻഡറായിരുന്നു ഇയാൾ.

കേസിലെ മുഖ്യപ്രതി മൊയിനുദ്ദീൻ, അഞ്ചങ്ങാടി സ്വദേശി യൂസഫ് അലി, കൊളത്തൂർ സ്വദേശി ഉസ്മാൻ എന്നിവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. വിദേശത്തായിരുന്ന യൂസഫ് അലി നാട്ടിലെത്തിയപ്പോൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വച്ചാണ് അറസ്റ്റിലായത്. കഴിഞ്ഞ ഞായറാഴ്ച ചാവക്കാട് നിന്നാണ് തിരുവത്ര കറുപ്പം വീട്ടിൽ മൊയ്‍നു എന്ന മൊയ്‍നുദ്ദീനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു മറ്റ് രണ്ടു പ്രതികളെയും ക്രൈംബ്രാഞ്ച് പിടികൂടിയത്. കേസിലാകെ എട്ട് പ്രതികളാണുള്ളത്.

Read More:ആർഎസ്എസ് പ്രവർത്തകനായ തൊഴിയൂർ സുനിലിന്‍റെ വധം: രണ്ട് പേർ കൂടി കസ്റ്റഡിയിൽ

1994 ഡിസംബർ നാലിന് പുലർച്ചെ രണ്ട് മണിയോടെയാണ് തൊഴിയൂർ സുനിലിനെ വെട്ടിക്കൊല്ലുന്നത്. ലോക്കൽ പൊലീസ് കേസന്വേഷിച്ചപ്പോൾ, സിപിഎം പ്രവർത്തകരായ മൂന്ന് പേരെയാണ് അറസ്റ്റ് ചെയ്തത്. കേസിലാദ്യം ലോക്കൽ പൊലീസ് ഒമ്പത് പേരെ പ്രതികളാക്കി കേസെടുത്തു. ഇതിൽ നാല് പേരെ, 1997 മാർച്ചിൽ ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിച്ചു. മുതുവട്ടൂർ സ്വദേശികളായ വി ജി ബിജി, രായംമരയ്ക്കാർ വീട്ടിൽ റഫീഖ്, തൈക്കാട് ബാബുരാജ്, ഹരിദാസൻ എന്നിവർ ജയിലിലായി. എന്നാൽ 2012-ൽ ഈ ശിക്ഷ റദ്ദാക്കി ഹൈക്കോടതി പുനരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

കേസ് പിന്നീട് അന്വേഷിച്ച ക്രൈംബ്രാഞ്ച് 25 വർഷത്തിന് ശേഷമാണ് പ്രതികളെ കണ്ടെത്തുന്നത്. അറസ്റ്റിലായ പ്രതികളെല്ലാം തീവ്രവാദ സംഘടനയായ ജംഇയ്യത്തുൽ ഹിസാനിയയുടെ പ്രവർത്തകരാണ്. രണ്ട് വർഷത്തോളം നിരീക്ഷിച്ച ശേഷമാണ് പ്രതികളെ പൊലീസ് പിടികൂടുന്നത്.