Asianet News MalayalamAsianet News Malayalam

ചടയമംഗലത്തെ യുവതിയുടെ ആത്മഹത്യയിൽ ഭർത്താവ് അറസ്റ്റിൽ

യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽ ഭർത്താവ് നിരന്തരം പീഡിപ്പിച്ചിരുന്നതായി രേഖപ്പെടുത്തിയിരുന്നു

Man arrested on the death of wife
Author
First Published Sep 25, 2022, 5:26 PM IST

കൊല്ലം: ചടയമംഗലത്ത് യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് പിടിയിൽ. ചടയമംഗലം അക്കോണം സ്വദേശി കിഷോർ എന്ന ഹരി എസ് കൃഷ്ണനാണ് അറസ്റ്റിലായത്. ആത്മഹത്യാപ്രേരണ കുറ്റമാണ് ഇയാളുടെ മേൽ ചുമത്തിയിരിക്കുന്നത്.  അടൂർ പഴകുളം സ്വദേശിനി 24 കാരിയായ ലക്ഷ്മി പിള്ളയാണ് കഴിഞ്ഞ ചൊവ്വാഴ്ച്ച ആത്മഹത്യ ചെയ്തത്. യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽ ഭർത്താവ് നിരന്തരം പീഡിപ്പിച്ചിരുന്നതായി രേഖപ്പെടുത്തിയിരുന്നു. ഫോൺ രേഖകളും പരിശോധിച്ച ശേഷമാണ് പൊലീസ് ഹരിയെ അറസ്റ്റ് ചെയ്തത്. പ്രതി ഗൾഫിൽ  നിന്നും നാട്ടിലെത്തിയ ദിവസമായിരുന്നു യുവതിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവത്തിൽ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ പരാതിയുമായി പെൺകുട്ടിയുടെ കുടുംബം രംഗത്ത് എത്തിയിരുന്നു. ഭർത്താവിൻ്റെ വീട്ടിൽ നിന്നുള്ള മാനസിക പീഡനമാണ് ലക്ഷ്മി പിള്ള ആത്മഹത്യ ചെയ്യാൻ കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. കേസിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ലക്ഷ്മിയുടെ അമ്മ രമാദേവി മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.

ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇരുപത്തിനാല് വയസുള്ള ലക്ഷ്മി പിള്ള ഭർത്താവ് കിഷോറിന്റെ വീട്ടിൽ വച്ച് തൂങ്ങി മരിച്ചത്.  വിദേശത്ത് ജോലി ചെയ്യുന്ന കിഷോ‌ർ അവധിക്ക് വീട്ടിൽ വന്ന ദിവസമായിരുന്നു യുവതിയുടെ ആത്മഹത്യ. ഒരു വർഷം മുന്പാണ് ലക്ഷ്മിയുടേയും കിഷോറിന്റെയും വിവാഹം നടന്നത്. 45 പവൻ സ്വർണവും 50 സെന്റ് സ്ഥലവും സ്ത്രീധനമായി നൽകി. എന്നാൽ വിവാഹം കഴിഞ്ഞ് കുറച്ച് ദിവസത്തിന് ശേഷം കിഷോറിന്റെ ലോൺ അടക്കാൻ ലക്ഷ്മിയുടെ അനിയത്തിയുടെ അക്കൗണ്ടിലുള്ള 10 ലക്ഷം രൂപ  ആവശ്യപ്പെട്ടു. അത് കൊടുക്കാതിരുന്നതോടെയാണ് ലക്ഷ്മിയെ മാനസികമായി പീഡിപ്പിക്കാൻ തുടങ്ങിയതെന്ന് അമ്മ രമാദേവി

നാട്ടിലേക്ക് വരുന്നതിന്റെ മൂന്ന് ദിവസം മുൻപ് കിഷോർ ലക്ഷ്മിയുടെ ഫോൺ ബ്ലോക്ക് ചെയ്തെന്നും അമ്മ പറയുന്നു. ലക്ഷ്മി മുറിയിൽ തൂങ്ങി നിൽക്കുന്നത് കണ്ടിട്ടും ഭർത്താവും ബന്ധുക്കളും ആശുപത്രിയിൽ എത്തിക്കാനും പൊലീസിനെ വിളിക്കാനും  തയ്യാറായില്ലെന്നുമാണ് ലക്ഷ്മിയുടെ കുടുംബത്തിൻ്റെ മറ്റൊരു ആരോപണം. 

കിഷോർ, അമ്മ, സഹോദരി, അമ്മയുടെ സഹോദരി എന്നിവരാണ് മരണത്തിന് കാരണം എന്നാണ് ലക്ഷ്മിയുടെ കുടുംബം പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്.സംഭവത്തിൽ ചടയമംഗലം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തുകയാണ് 

Follow Us:
Download App:
  • android
  • ios