അനുവിന്റെ വീട്ടിൽ നിന്നും നൂറ് മീറ്റർ അകലെയാണ് എസ് എം വി ഹയർ സെക്കൻററി സ്കൂൾ. വിദ്യാർത്ഥികള്‍ വീടിന് മുൻവശത്ത് കൂടിയാണ് സ്കൂളിലേക്ക് പോരുന്നത്
വർക്കല: വിദ്യാർത്ഥികളുടെ ലഹരി ഉപയോഗവും ബൈക്കുകളിലെ മത്സര ഓട്ടവും ചോദ്യം ചെയ്ത യുവാവിനെ ക്രൂരമായി മർദ്ദിച്ചിട്ട് ഒരാഴ്ച കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാതെ പൊലീസ്. വർക്കല ചെമ്മരുതി സ്വദേശി അനുവിനെയാണ് മൂന്ന് പ്ലസ് ടു വിദ്യാർത്ഥികള്‍ ചേർന്ന് ക്രൂരമായി മർദ്ദിച്ചത്. പരീക്ഷ നടക്കുന്നത് കൊണ്ടാണ് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്യാത്തതെന്നാണ് പൊലീസ് വിശദീകരണം.
അനുവിന്റെ വീട്ടിൽ നിന്നും നൂറ് മീറ്റർ അകലെയാണ് എസ് എം വി ഹയർ സെക്കൻററി സ്കൂൾ. വിദ്യാർത്ഥികള്‍ വീടിന് മുൻവശത്ത് കൂടിയാണ് സ്കൂളിലേക്ക് പോരുന്നത്. ഈ വഴി ഇരുചക്ര വാഹനത്തിലുള്ള മരണപാച്ചിലും വിദ്യാർത്ഥികളുടെ ലഹരി ഉപയോഗവും ചോദ്യം ചെയ്തതിനാണ് അനുവിന് മർദ്ദനമേറ്റത്. നാട്ടിലെ ഏതുപൊതുകാര്യത്തിനും മുന്നിട്ടിറങ്ങുന്നയാളാണ് അനു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ 30 പേർ ഒപ്പിട്ട പരാതിയാണ് എസ് എം വി ഹയർ സെക്കൻററി സ്കൂള്‍ പ്രിൻസിപ്പിലിന് നൽകിയത്. സ്കൂള്‍ സമയത്ത് പോലും മറ്റുള്ളവർക്കൊപ്പം പൊതുവഴിയിലൂടെ വിദ്യാർത്ഥികൾ ബൈക്കിൽ മത്സരപാച്ചിൽ നടത്താറുള്ളതായി നാട്ടുകാർ ആരോപിക്കുന്നു.
സ്കൂളിൽ പരാതി നൽകിയ ശേഷം വീടിന് സമീപത്തുള്ള ഒരു വിദ്യാർത്ഥിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ സംഘം അനുവിന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി. ഇതിന് അയിരൂർ പൊലീസിൽ പരാതി നൽകി, പക്ഷെ നടപടിയുണ്ടായില്ല. നാട്ടുകാർ പരാതി കടുപ്പിച്ചതോടെ പൊലീസും മോട്ടോർ വാഹനവകുപ്പും സ്ഥലത്ത് പരിശോധന നടത്തി. മത്സരയോട്ടം നടത്തിയ വാഹനങ്ങള്‍ പിടികൂടി. ഇതോടെ വിദ്യാർത്ഥികൾക്ക് അനുവിനോടുള്ള വിരോധം കൂടി.
ഒരാഴ്ച മുമ്പ് രാത്രിയിലാണ് അനുവിനെ ആക്രമിച്ചത്. സമീപത്തെ ക്ഷേത്രത്തിൽ ഉത്സവം കണ്ട് മടങ്ങുന്നതിനിടെയാണ് മൂന്നു വിദ്യർത്ഥികള്‍ അനുവിനെ ക്രൂരമായി മർദ്ദിച്ചത്. അനുവിന്റെ മുഖത്ത് സാരമായി പരിക്കേറ്റു. പ്രതികളായ വിദ്യാർത്ഥികളെ തിരിച്ചറിഞ്ഞിട്ടും പൊലീസ് പിടികൂടിയില്ല. വിദ്യാർത്ഥികള്‍ നിരീക്ഷണത്തിലാണെന്നും പരീക്ഷ എഴുതുന്നതിനാൽ അറസ്റ്റ് ചെയ്യാത്താണെന്നും പൊലീസ് വിശദീകരിക്കുന്നു.
അതേസമയം നാട്ടുകാർ തന്ന പരാതി അപ്പോള്‍ തന്നെ പൊലീസിന് കൈമാറിയെന്ന് സ്കൂള്‍ അധികൃതർ അറിയിച്ചു. വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗത്തിനെതിരെ സ്കൂൾ അധികൃതരും നാട്ടുകാരും ചേർന്ന് ജാഗ്രതാ സമിതികൾ ഉണ്ടാക്കണമെന്നാണ് എക്സൈസും പൊലീസ് പറയുന്നത്. എന്നാൽ ലഹരിക്കെതിരെ പ്രചാരണത്തിനിറങ്ങിയ യുവാവിനെ വിദ്യാർത്ഥികൾ ചേർന്ന് ക്രൂരമായി മർദ്ദിച്ചത് കണ്ടിട്ടും അനങ്ങാപ്പാറ നയമാണ് പൊലീസിന്റേത്.
