വളർത്തുനായയെ അഴിച്ചു വിട്ടതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് സഹോദരന്‍റെ വാരിയെല്ല് ചവിട്ടി ഒടിച്ചയാൾ പിടിയിൽ

പത്തനംതിട്ട: വളർത്തുനായയെ അഴിച്ചു വിട്ടതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് സഹോദരന്‍റെ വാരിയെല്ല് ചവിട്ടി ഒടിച്ചയാൾ പിടിയിൽ. പത്തനംതിട്ട ഓമല്ലൂർ സ്വദേശി സന്തോഷി(50)നെയാണ് ഇളയ സഹോദരനായ ഷാജി (45) ആക്രമിച്ചത്. താക്കോൽക്കൂട്ടം കൊണ്ട് മുഖത്തും ശരീരത്തും ഇടിച്ച് ക്രൂരമായി പരിക്കേൽപ്പിക്കുകയും ചെയ്തു. ഓഗസ്റ്റ് 29 ശനിയാഴ്ച വൈകിട്ട് 6 മണിയോടെയായിരുന്നുകേസിന് ആസ്പദമായ സംഭവം ഉണ്ടായത്. ഷാജിയുടെ വളർത്തു നായയെ ആരോ അഴിച്ച് വിട്ടിരുന്നു. തിരികെ വന്ന നായയുടെ ശരീരത്ത് മുറിവുകൾ കാണപ്പെട്ടു. സന്തോഷാണ് പട്ടിയെ അഴിച്ചുവിട്ടതെന്ന് ആരോപിച്ചായിരുന്നു ആക്രമണം.

പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പത്തനംതിട്ട സർക്കിൾ ഇൻസ്പെക്ടർ ജി അരുൺ, എസ്ഐ അനീഷ് എബ്രഹാം, എസ്ഐ ആൻസുദീൻ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.