പാലക്കാട്: പാലക്കാട് ഒലവക്കോട് ഭാര്യയെ തീ കൊളുത്തി കൊല്ലാൻ ഭർത്താവിന്റെ ശ്രമം. മലമ്പുഴ സ്വദേശി സരിതയാണ് ആക്രമണത്തിനിരയായത്. സരിത ബ്യൂട്ടീഷൻ കോഴ്സ് പഠിക്കുന്ന സ്ഥാപനത്തിലെത്തിയ ഭർത്താവ് ബാബുരാജ് ദേഹത്തേക്ക് പെട്രോളൊഴിച്ച് തീ കൊളുത്താൻ ശ്രമം നടത്തുകയായിരുന്നു. ഓടി മാറിയതിനാലാണ് സരിത രക്ഷപ്പെട്ടത്.

ഒഴിഞ്ഞുമാറാനായത് കൊണ്ട് മാത്രമാണ് വലിയ ദുരന്തം ഒഴിവായത്. സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട ബാബുരാജ് പിന്നീട് മലമ്പുഴ സ്റ്റേഷനിൽ കീഴടങ്ങി. കുടുംബ പ്രശ്നങ്ങളാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. കൊല്ലുമെന്ന ഭീഷണി പൊലീസിനെ അറിയിച്ചിട്ടും അവഗണിക്കുകയായിരുന്നുവെന്നും പൊലീസിൽ നിന്ന് നീതി കിട്ടിയില്ലെന്നും സരിതയുടെ അമ്മ രാധ ആരോപിക്കുന്നു. കുടുംബത്തിന് സംരക്ഷണം വേണമെന്നും സരിതയുടെ അമ്മ ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളി ആണ് ബാബുരാജ്. 

ബാബുരാജിന് പ്രാദേശിക ബിജെപി പ്രവർത്തകരുടെ സംരക്ഷണം ഉണ്ടെന്ന് സരിതയുടെ കുടുംബാംഗങ്ങൾ ആരോപിക്കുന്നു. ആശുപത്രിയിലെത്തിയ അന്വേഷണ സംഘം സരിതയിൽ നിന്ന് വിശദമായി മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്