അമ്പലപ്പുഴയിൽ കനത്ത ചൂട് സഹിക്കാനാവാതെ വീടിന്റെ മുറ്റത്ത് കിടന്നുറങ്ങിയ ഭാര്യയെ ഭർത്താവ് ക്രൂരമായി മർദ്ദിച്ചു. അമ്മയെ രക്ഷിക്കാൻ ശ്രമിച്ച പതിനാറുകാരിയായ മകൾക്കും മർദ്ദനമേറ്റു. സംഭവത്തിൽ ഭാര്യയുടെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

അമ്പലപ്പുഴ: ഭാര്യയെയും പ്രായപൂർത്തിയാകാത്ത മകളെയും ക്രൂരമായി മർദിച്ച സംഭവത്തിൽ അമ്പലപ്പുഴ പുതുവൽ സ്വദേശി സിബിമോനെതിരെ പോലീസ് കേസെടുത്തു. ഭാര്യയെയും, 16 വയസ്സുകാരിയായ മകളെയും മർദിച്ചതിനാണ് കേസ്. ഏപ്രിൽ 15-ന് രാത്രി 10:30-നും 11-നും ഇടയിലാണ് സംഭവം നടന്നത്. കഠിനമായ ചൂട് സഹിക്കാനാവാതെ രാത്രിയിൽ മുറിയിൽ നിന്നും ഇറങ്ങി, വീടിന്റെ മുറ്റത്ത് തുണി വിരിച്ച് കിടന്നതിനായിരുന്നു മർദനമെന്ന് പൊലീസിൻ്റെ എഫ്ഐആറിൽ പറയുന്നു. പ്രതി അസഭ്യവാക്കുകൾ പറഞ്ഞ് അധിക്ഷേപിച്ചെന്നും എഫ്ഐആറിലുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

"ആരെ കാണിക്കാനാണ് ഇവിടെ തുണി വിരിക്കുന്നത്" എന്ന് ചോദിച്ചുകൊണ്ടാണ് സിബിമോൻ മർദിച്ചതെന്ന് എഫ്ഐആറിൽ പറയുന്നു. ഭാര്യയുടെ നടുവിന് ചവിട്ടുകയും മുടിയിൽ പിടിച്ചു വലിച്ച് മുഖത്ത് ക്രൂരമായി കൈവീശി അടിക്കുകയും ചെയ്തതായി എഫ്ഐആറിലുണ്ട്. മർദനം തടയാൻ എത്തിയ 16 വയസ്സുകാരിയായ മകളെയും പ്രതി അസഭ്യം പറയുകയും കൈകൊണ്ട് പലതവണ അടിക്കുകയും ചെയ്തു. നിഷാമോൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിത സെക്ഷൻ 296(b), 115(2) എന്നിവ പ്രകാരവും, മകളെ മർദിച്ചതിന് ജുവനൈൽ ജസ്റ്റിസ് (JJ) ആക്റ്റിലെ സെക്ഷൻ 75 പ്രകാരവുമാണ് അമ്പലപ്പുഴ പോലീസ് കേസെടുത്തിരിക്കുന്നത്. അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ നവാസ് എച്ചിനാണ് അന്വേഷണ ചുമതല.