പാലക്കാട് 5 കിലോ കഞ്ചാവുമായി പിടിയിലായ പ്രതിക്ക് കോടതി 8 വർഷം കഠിന തടവും 2 ലക്ഷം രൂപ പിഴയും വിധിച്ചു. 2017-ൽ നടന്ന സംഭവത്തിൽ തെങ്കര സ്വദേശി സഹാദിനാണ് ശിക്ഷ.
പാലക്കാട്: പാലക്കാട്ട് അഞ്ച് കിലോഗ്രാം കഞ്ചാവ് ബാഗിൽ കടത്തിക്കൊണ്ട് വന്ന കേസിലെ പ്രതിക്ക് കോടതി എട്ട് വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പാലക്കാട് തെങ്കര സ്വദേശി സഹാദിനെയാണ് കോടതി ശിക്ഷിച്ചത്. എട്ട് വർഷം മുമ്പ് നടന്ന സംഭവത്തിലാണ് അന്വേഷണവും വിചാരണയും പൂർത്തിയാക്കി കോടതി വിധി പറഞ്ഞത്.
2017 ജൂലൈ 31ന് കൂട്ടുപാത ജംഗ്ഷനിൽ വച്ച് കഞ്ചാവുമായി രണ്ട് പേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. പാലക്കാട് എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ഡി. ശ്രീകുമറും സംഘവും നടത്തിയ പരിശോധനയിലാണ് ഇവർ പടിയിലായത്. സഹാദിനെ കൂടാതെ കേസിൽ ഉൾപ്പെട്ട മറ്റൊരു പ്രതിയായ മണ്ണാർക്കാട് സ്വദേശി മുഹമ്മദ് അലി വിചാരണ വേളയിൽ ഒളിവിൽ പോയി.
പാലക്കാട് എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടറായിരുന്ന രാകേഷ് എം ആണ് കേസിന്റെ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പാലക്കാട് സെക്കൻഡ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ഡി.സുധീർ ഡേവിഡാണ് പ്രതിയ്ക്കുള്ള ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി എൻഡിപിഎസ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ശ്രീനാഥ് വേണു കോടയിൽ ഹാജരായി.
