മൂത്ത മകന്‍റെ വിവാഹാവശ്യത്തിനായി എട്ട് വര്‍ഷം മുമ്പാണ് വിജയൻ ഒല്ലൂക്കര സഹകരണ ബാങ്കില്‍ നിന്ന്  നാലര ലക്ഷം രൂപ വായ്പയെടുത്തത്. 

തൃശ്ശൂര്‍: ബാങ്കില്‍ നിന്ന് വായ്പ തിരിച്ചടവ് നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. തൃശ്ശൂര്‍ (Thrissur) നല്ലങ്കര സ്വദേശി വിജയനാണ് മരിച്ചത്. നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് ഓട്ടോറിക്ഷ ഡ്രൈവറായ വിജയൻ ഏറെ മാനസികസമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് കുടുംബം പറയുന്നു. മൂത്ത മകന്‍റെ വിവാഹാവശ്യത്തിനായി എട്ട് വര്‍ഷം മുമ്പാണ് വിജയൻ ഒല്ലൂക്കര സഹകരണ ബാങ്കില്‍ നിന്ന് നാലര ലക്ഷം രൂപ വായ്പയെടുത്തത്. കൊത്തുപണിക്കാരനായിരുന്ന മൂത്ത മകന് അസുഖം മൂലം ജോലിക്ക് പോകാൻ കഴിയാതായി. സാമ്പത്തിക പ്രതിസന്ധി കാരണം വായ്പ തിരിച്ചടവ് മുടങ്ങി. 

ഇതോടെ പലിശ സഹിതം എട്ടര ലക്ഷമായി കുടിശ്ശിക. കൊവിഡ് കാരണം ഓട്ടോറിക്ഷക്ക് ഓട്ടം കുറഞ്ഞതോടെ വീട്ടില്‍ നിത്യ ചെലവിനു പോലും പണം തികയാതായി. ബില്ലടക്കാത്തതിനാല്‍ വൈദ്യതി ബന്ധവും വിച്ഛേദിച്ചു. ഇതിനിടെയാണ് ബാങ്കില്‍ നിന്ന് നോട്ടീസ് വന്നത്. ഈ മാസം 25 നകം പണം തിരിച്ചടക്കണമെന്നായിരുന്നു നിര്‍ദേശം. വീടിന് പുറകിലെ മരത്തില്‍ വളര്‍ത്തുനായയുടെ കഴുത്തിലെ ബെല്‍റ്റ് സ്വന്തം കഴുത്തില്‍ മുറുക്കി വിജയൻ ജീവനൊടുക്കി. ബാക്കിയായ വായ്പ കുടിശിക എങ്ങനെ അടച്ചുതീര്‍ക്കുമെന്ന് ഈ കുടുംബത്തിന് അറിയില്ല. അതേസമയം മാര്‍ച്ച് 31നകം വായ്പ തിരിച്ചടച്ചാല്‍ ആനൂകൂല്യം ലഭിക്കുമെന്നതിനാല്‍ 1200 ഓളം പേര്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു.

  • കെ റെയില്‍ വിശദീകരണം; മുഖ്യന്ത്രിക്ക് നേരെ പ്രതിഷേധിക്കാനെത്തിയ യൂത്ത് ലീ​ഗ് പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തു

കോഴിക്കോട്: കെ റെയില്‍ വിശദീകരണത്തിന് കോഴിക്കോട് എത്തിയ മുഖ്യന്ത്രി പിണറായി വിജയന് നേരെ പ്രതിഷേധിക്കാന്‍ എത്തിയ യൂത്ത് ലീ​ഗ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ജില്ലാ പ്രസിഡന്‍റ് മിസ്ഹബ് കീഴരിയൂര്‍ അടക്കമുള്ളവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇവരെ നടക്കാവ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. മുഖ്യമന്ത്രി എത്തിയ പരിപാടിയിലെ തിരക്ക് കാരണം റോഡ് ബ്ലോക്കായത് ചോദ്യം ചെയ്ത് ബഹളമുണ്ടാക്കിയയാളെ വെള്ളയിൽ പൊലീസ് കസ്റ്റഡിയിലെടുത്തു.

പൊലീസുകാരെ അസഭ്യം പറഞ്ഞതിന് കൊടിക്കുന്നില്‍ സുരേഷിനെതിരെ കേസ്

ആലപ്പുഴ: കെ. റെയിൽ പ്രതിഷേധത്തിനിടെ പൊലീസ് ഉദ്യോസ്ഥനെ അസഭ്യം പറഞ്ഞതിനും ജോലി തടസ്സപ്പെടുത്തിയതിനും കൊടിക്കുന്നിൽ സുരേഷ് എംപിക്ക് എതിരെ പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകൾ അടക്കം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ചെങ്ങന്നൂർ മുളക്കുഴയിൽ ഇന്നലെ ആയിരുന്നു സംഭവം. കഴിഞ്ഞ കുറച്ച് ദിവസമായി സിൽവർ ലൈൻ പദ്ധതിക്കായി റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഇവിടെ സർവ്വേ നടക്കുകയാണ്. ഇതിനെതിരെ പ്രദേശവാസികൾ ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്. 

പോലീസ് പ്രതിഷേധക്കാരെ ക്രൂരമായി നേരിട്ടപ്പോൾ നാടൻ ഭാഷയിൽ" സംസാരിക്കേണ്ടി വന്നുവെന്നാണ് സംഭവത്തെക്കുറിച്ചുള്ള എംപിയുടെ വിശദീകരണം. അതേസമയം കെ റെയിൽ കല്ലിടലിനെതിരെ തുടർച്ചയായ മൂന്നാം ദിവസവും മുളക്കുഴ മേഖലയിൽ ശക്തമായ പ്രതിഷേധമാണ് ഉണ്ടായത്. ബിജെപി ആലപ്പുഴ ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തിൽ സ‍ർവ്വേ കല്ലിടുന്നത് തടഞ്ഞു. ഇതേ തുട‍‍ർന്ന് പൊലീസും ബിജെപി പ്രവർത്തകരും തമ്മിൽ സംഘർഷം ഉണ്ടായി. ബിജെപി പ്രവ‍ർത്തകരെ പിന്നീട് പൊലീസ് നീക്കി.