മുഹമ്മദിന്റെ മകളുടെ വീട് പെയിന്‍റിങ്ങിന്‍റെ കരാര്‍ വിജിത്ത് ഏറ്റെടുത്തിരുന്നു. ഈ വകയില്‍ വിജിത്തിന് പണം ലഭിക്കാനുണ്ടായിരുന്നു

കോഴിക്കോട്: ജോലി ചെയ്ത മുഴുവന്‍ തുകയും ലഭിക്കാതെ വന്നതിനെ തുടര്‍ന്ന് പെയിന്‍റിങ് തൊഴിലാളി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കക്കട്ട് കൈവേലി കുമ്പളച്ചോല സ്വദേശി തറോല്‍ വിജിത്ത്(45) ആണ് തീകൊളുത്തി ആത്മഹത്യ ചെയ്തത്. ഇന്നലെ ഉച്ചയ്ക്ക് 1.15ഓടെ പൂവത്തിങ്കല്‍ മുഹമ്മദ് എന്നയാളുടെ വീടിന് മുന്‍പില്‍ വച്ചാണ് ദാരുണ സംഭവമുണ്ടായത്. വിജിത്ത് ശരീരത്തില്‍ പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും വഴിമധ്യേ മരിച്ചു.

വിജിത്തും മുഹമ്മദും തമ്മില്‍ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. മുഹമ്മദിന്റെ മകളുടെ വീട് പെയിന്‍റിങ്ങിന്‍റെ കരാര്‍ വിജിത്ത് ഏറ്റെടുത്തിരുന്നു. ഈ വകയില്‍ 45,000 രൂപ ഇയാള്‍ വിജിത്തിന് നല്‍കാനുണ്ടായിരുന്നു എന്ന് സൂചനയുണ്ട്. മുഴുവന്‍ തുകയും ലഭിക്കാത്തതിന്റെ മനോവിഷമത്തിലാണ് യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ജോലി ചെയ്ത പണം ആവശ്യപ്പെടുമ്പോള്‍ ജോലി പൂര്‍ണമായും കഴിഞ്ഞിട്ടില്ലെന്നും പുട്ടി ഇട്ടത് ശരിയായില്ലെന്നും മറ്റും പറഞ്ഞ് വിജിത്തിനെ ഒഴിവാക്കുന്ന സമീപനമാണ് മുഹമ്മദ് സ്വീകരിച്ചതെന്നും ബന്ധുക്കള്‍ ആരോപിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. പിന്നീട് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ബിന്ദുവാണ് വിജിത്തിന്റെ ഭാര്യ. മക്കള്‍: അഷിത, അഷിക. സംഭവത്തില്‍ കുറ്റ്യാടി പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

YouTube video player