ചെന്നൈ: മദ്യക്ഷാമത്തെ തുടർന്നുള്ള മരണങ്ങൾ തമിഴ്നാട്ടിൽ തുടരുന്നു. മദ്യം ലഭിക്കാത്തതിനെ തുടർന്ന് സാനിറ്റൈസറിൽ വെള്ളമൊഴിച്ച് കുടിയച്ചയാൾ തമിഴ്നാട്ടി മരിച്ചു. കോയമ്പത്തൂർ സ്വദേശിയായ യുവാവാണ് മദ്യത്തിന് പകരം സാനിറ്റൈസർ ഉപയോഗിച്ചത്. നേരത്തെ ലോക്ക് ഡൗൺ നിലവിൽ വന്നതിന് പിന്നാലെ നിരവധി പേ‍ർ തമിഴ്നാട്ടിൽ മദ്യം ലഭിക്കാത്തതിലുള്ള അസ്വസ്ഥത മൂലം ആത്മഹത്യ ചെയ്തിരുന്നു. ചിലർക്ക് സാനിറ്റൈസറുകളും മറ്റു ലായനികളും കുടിച്ചതിനെ ജീവൻ നഷ്ടമായി.

തമിഴ്നാട്ടിൽ എട്ട് ഡോക്ടർമാരടക്കം കൊവിഡ് ബാധിതർ 969 ആയി. ചെന്നൈയിലെ മൂന്ന് ഡോക്ടർമാർക്ക് ഉള്‍പ്പടെ 58 പേര്‍ക്ക് കൂടിയാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.  ഇവരുമായി സമ്പർക്കം പുലർത്തിയ ആശുപത്രി ജീവനക്കാരെയും രോഗികളെയും നിരീക്ഷണത്തിലാക്കും. 

ചെന്നൈയിലും കോയമ്പത്തൂരുമാണ് രോഗബാധിതർ കൂടുതൽ. ചെന്നൈയിൽ കടുത്ത നിയന്ത്രണങ്ങൾ തുടരുകയാണ്. തമിഴ്നാട്ടിൽ ഇതുവരെ കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം പത്തായി. കൊവിഡ് നിരീക്ഷണത്തിലായിരുന്ന അറുപതുകാരൻ അരിയാലൂർ സർക്കാർ ആശുപത്രിയിൽ തൂങ്ങി മരിച്ചു. 

 രോഗവ്യാപനം തുടരുന്ന സാഹചര്യത്തിൽ അന്തർ സംസ്ഥാന യാത്രകൾക്കുള്ള നിയന്ത്രണം തുടരണമെന്ന് തമിഴ്നാട് സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഇതിനിടെ 84 വയസുള്ള സ്ത്രീ ഉൾപ്പടെ മൂന്ന് പേർ ചെന്നൈയിൽ ഇന്ന് രോഗം ഭേദമായി ആശുപത്രി വിട്ടു.