കോഴിക്കോട്: കോഴിക്കോട് പനി ബാധിച്ച് മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വടകര ചോമ്പാല സ്വദേശി പുരുഷോത്തമനാണ് കൊവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡി. കോളേജില്‍ ചികിത്സയില്‍ ഇരിക്കവെയാണ് മരണം. ഇതോടെ ഇന്ന് ഏഴ് കൊവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. 

അതേസമയം പൊലീസ് ആസ്ഥാനത്തെ രണ്ട് പൊലീസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആന്‍റിജന്‍ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. ഇതോടെ പൊലീസ് ആസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം നാലായി. തിരുവനന്തപുരം നഗരത്തിലെ ബണ്ട് കോളനിയിലും രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. ബണ്ട് കോളനിയിൽ ഇന്ന് മാത്രം 17 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ബണ്ട് കോളനിയിലെ 55 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആറ്റിങ്ങൽ ഡിവൈഎസ്പി വൈ സുരേഷ് ഉൾപ്പെടെ 10 പൊലീസുകാർക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു.