ഇടുക്കി: ഇടുക്കി അയ്യപ്പൻ കോവിലിൽ കൊവിഡ് നിരീക്ഷണത്തിലിരുന്ന ആൾ മരിച്ചു. അയ്യപ്പൻ കോവിൽ സ്വദേശി നാരായണനാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചാണ് മരണം. 

അനധികൃതമായി തമിഴ്നാട്ടിൽ നിന്ന് അയ്യപ്പൻ കോവിലിലെത്തിയ നാരായണനെയും മകനെയും വിവരമറിഞ്ഞ ആരോഗ്യപ്രവർത്തകർ വീട്ടില്‍ നിരീക്ഷണത്തിലാക്കിയിരുന്നു. ആദ്യ സ്രവം പരിശോധനയിൽ ഇരുവർക്കും കൊവിഡ് സ്ഥിരീകരിച്ചു. ആരോഗ്യനില മോശമായിരുന്ന നാരായണനെ നേരെ കോട്ടയത്തേക്ക് കൊണ്ടുപോകുകയായിരുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ കൊവിഡ് എന്ന് ഉറപ്പിക്കാനാവൂ എന്നാണ് കോട്ടയം മെഡിക്കൽ കോളേജിൽ നിന്നുള്ള വിവരം.