താമരശ്ശേരി പോലീസെത്തി ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിലേക്ക് മാറ്റി.
കോഴിക്കോട്: പുതുപ്പാടിയിൽ ഗൃഹനാഥൻ റബ്ബർ തോട്ടത്തിൽ (Rubber Plantation) മരിച്ച നിലയിൽ കണ്ടെത്തി. വള്ളിയാട് റാട്ടകുന്നുമ്മൽ താമസിക്കുന്ന വില്യമംഗലത്ത് ജോൺസൻ (56) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി കാണാതായ ജോൺസണെ (Johnson) ഇന്ന് രാവിലെയാണ് വീടിനടുത്തുള്ള റബ്ബർ തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്.
താമരശ്ശേരി പോലീസെത്തി ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് (Calicut Medical College) ആശുപത്രിലേക്ക് മാറ്റി. ഭാര്യ:പരേതയായ കുഞ്ഞുമോള്‍. മക്കൾ: ഡോൻസി, ജാൻസി, ആൻസി മരുമക്കൾ :കൃഷ്ണകുമാർ എറണാകുളം, മുംതാസ് എറണാകുളം, ജിൻസൺ വള്ളിയാട്.
വർക്കല തീപിടുത്തം: അഭിരാമിയും കുഞ്ഞും അവസാന യാത്ര ഒരുമിച്ച്; പ്രതാപനും കുടുംബത്തിനും നാടിന്റെ യാത്രാമൊഴി
വർക്കലയിൽ തീ പിടുത്തത്തിൽ മരിച്ച പ്രതാപന്റെയും കുടുംബത്തിനും നാടിന്റെ യാത്രാമൊഴി. സംസ്കാര ചടങ്ങുകൾ അയന്തിയിലെ വീട്ടുവളപ്പിൽ നടന്നു. പ്രതാപന്റെ മരുമകൾ അഭിരാമിയെയും കുഞ്ഞിനെയും ഒരു കുഴിയിൽ അടക്കം ചെയ്തു. പ്രതാപൻൻ്റെയും ഭാര്യ ഷേർളിയുടേയും ഇളയമകൻ അഹിലിന്‍റെയും മൃതദേഹങ്ങൾ തൊട്ടടുത്ത് തന്നെ സംസ്കരിച്ചു.
തീപിടുത്തം നടന്ന വീടിൻറെ തൊട്ടടുത്തുള്ള, പ്രതാപന്റെ മൂത്തമകൻ രാഹുലിൻറെ വീടിനുമുന്നിൽ മൃതദേഹങ്ങൾ പൊതുദർശനത്തിന് വച്ചിരുന്നു. രാവിലെ പത്ത് മണിയോടെ പ്രതാപന്റെ പച്ചക്കറി കടയ്ക്ക് മുമ്പിൽ പൊതുദർശനമുണ്ടായിരുന്നു. അതിന് ശേഷം വിലാപയാത്രയായി മൃതദേഹങ്ങൾ വർക്കല അയന്തിയിലെത്തിച്ചു. രണ്ട് മണിയോടെ സംസ്കാര ചടങ്ങുകൾ തുടങ്ങി. മരിച്ച അഭിരാമിയുടെയും കുഞ്ഞിന്റെയും മൃതദേഹം അഭിരാമിയുടെ വക്കത്തെ വീട്ടിൽ രാവിലെ പൊതുദർശനത്തിന് വച്ചു. പിന്നീട് അയന്തിയിലേക്ക് എത്തിച്ച് മൃതദേഹങ്ങൾ ഒന്നിച്ച് സംസ്കരിക്കുകയായിരുന്നു. അപകടം നടന്ന വീടിന് സമീപമാണ് ചിത ഒരുക്കിയത്.
ചൊവ്വാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. അയന്തി പന്തുവിള രാഹുൽ നിവാസിൽ പ്രതാപൻ , ഭാര്യ ഷേർളി, മകൻ അഹിൽ , മകൻ നിഹുലിന്റെ ഭാര്യ അഭിരാമി , ഇവരുടെ മകൻ റയാൻ എന്നിവരാണു മരിച്ചത്. അപകടത്തിൽപ്പെട്ട നിഹുൽ ഇപ്പോഴും ചികിത്സയിലാണ്.
ഷോർട്ട് സർക്യൂട്ട് തന്നെയാണ് തീപിടിത്തതിന് കാരണമെന്നാണ് വീട്ടിൽ ഇന്നലെ പരിശോധന നടത്തിയ ഇലട്രിക് ഇൻസ്പെക്ഷൻ വിഭാഗത്തിൻറെ നിഗമനം. ഷോർട്ട് സർക്യൂട്ടോ അതോ എന്തെങ്കിലും അസ്വാഭാവികതയോ. വർക്കലയിൽ വീടിനുള്ളിൽ തീപീടിച്ച് അഞ്ച് പേർ മരിച്ച സംഭവത്തിലെ യാഥാർത്ഥ്യം കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ഇന്നലെ രാവിലെ ഇലട്രിക് പരിശോധനാ വിഭാഗം ഉദ്യോഗസ്ഥൻ റഫ്യുദ്ദിൻറെ നേതൃത്വത്തിലുള്ള സംഘം വർക്കല അയന്തിയിലെ രാഹുൽ നിവാസിലെത്തി. മീറ്റർ ബോക്സും വയറിംഗും വിശദമായി പരിശോധിച്ചു. സർക്യൂട്ട് ബ്രേക്കറിന് കാര്യമായി നാശം സംഭവിച്ചിട്ടുണ്ട്. വിശദമായ പരിശോധന നടത്തി പൊലീസിന് ഇവർ റിപ്പോർട്ട് നൽകും.
ഫോറൻസിക് പരിശോധ ഫലവും വീടിനുള്ളിലെ നശിച്ച സിസിടിവി ദൃശ്യങ്ങളും അന്വേഷണത്തിൽ നിർണ്ണായകമാണ്. രണ്ട് ദിവസത്തിൽ ഇക്കാര്യങ്ങൾ ലഭിക്കുമെന്ന് തിരുവനന്തപുരം റേഞ്ച് ഡിഐജി ആർ നിശാന്തിനി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തീപിടുത്തതിൽ ഗുരുതരമായി പരിക്കേറ്റ നിഹുലിൻറെ ആരോഗ്യ നില മെച്ചപ്പെടുന്നതായി ബന്ധുക്കൾ അറിയിച്ചു. തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ഇദ്ദേഹത്തിൻറെ മൊഴിയും നിർണ്ണായകമാണ്. അപ്രതീക്ഷിതമായി ഉണ്ടായ ദുരന്തത്തിൻറെ ഞെട്ടലിൽ നിന്ന് നാട് ഇനിയും മുക്തമായിട്ടില്ല.
