തിരുവനന്തപുരം: മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായം നല്‍കാന്‍ വ്യത്യസ്ത ആശയവുമായി യുവാവ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണമടക്കുന്നവര്‍ക്ക് താന്‍ വരച്ച കൊളാഷ് അയച്ചുനല്‍കുമെന്ന് ബിമല്‍ ശ്യാം എന്ന കലാകാരനാണ് അറിയിച്ചത്. ഫേസ്ബുക്കിലൂടെയാണ് ഓട്ടിസം ബാധിതനായ അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്. 

3000 രൂപ വീതം വിലവരുന്ന ആറുകൊളാഷുകളാണ് ബിമല്‍ വില്‍പ്പനയ്ക്കായി വെച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  പണം നല്‍കിയതിന്‍റെ രസീതും ഒപ്പം വിലാസവും മെയില്‍ ചെയ്യുന്നവര്‍ക്ക് കൊളാഷ് അയച്ചു നല്‍കുമെന്ന് ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ ബിമല്‍ പറഞ്ഞു. ഇപ്പോള്‍ കുവൈറ്റില്‍ താമസിക്കുന്ന താന്‍ കേരളത്തിലെത്തുമ്പോള്‍ കൊളാഷുകള്‍ അര്‍ഹതപ്പെട്ട വിലാസത്തില്‍ അയയ്ക്കുമെന്നും അതിനാല്‍ കൃത്യമായ വിലാസം രേഖപ്പെടുത്തണമെന്നും ബിമല്‍ വ്യക്തമാക്കി. bimalsham@gmail.com എന്ന വിലാസത്തിലാണ് പണമടച്ച രസീത് മെയില്‍ ചെയ്യേണ്ടത്.