കൊച്ചി: തോപ്പുംപടി ബിഒടി പാലത്തിനു സമീപം 4.438 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. വാത്തുരുത്തി സ്വദേശി അജ്മൽ (24) ആണ് അറസ്റ്റിലായത്. ഒട്ടോറിക്ഷയിൽ കടത്തികൊണ്ടുവന്ന കഞ്ചാവ് വിൽക്കുന്നതിനിടെയാണ് എക്സൈസ് ഉദ്യോ​ഗസ്ഥർ അജ്മലിനെ പിടികൂടിയത്. 

വിശാഖപട്ടണം, ഒറീസ എന്നിവിടങ്ങളിൽ നിന്ന് വാങ്ങിയ കഞ്ചാവ് ശരീരത്തിൽ കെട്ടിവച്ചാണ് അജ്മൽ കൊച്ചിയിലെത്തിച്ചത്. മയക്കുമരുന്ന് കടത്ത് ഉൾപ്പടെ 24 കേസുകളിൽ പ്രതിയാണ് അജ്മൽ. വിവിധ കേസുകളിൽ ജയിൽശിക്ഷ കഴിഞ്ഞിറങ്ങിയ പ്രതി കഴിഞ്ഞ ഒരുവർഷമായി  പല വീടുകൾ മാറി താമസിച്ച് കഞ്ചാവ് വിൽപന നടത്തുകയായിരുന്നു. ജയിലുകളിൽ കഴിയുന്നവർക്ക് ക‍ഞ്ചാവ് എത്തിക്കുകയാണ് തന്റെ വിൽപന രീതിയെന്ന് ചോ​ദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. 

800 രൂപ വിലയുള്ള ക‍ഞ്ചാവ് 3000 രൂപയ്ക്കാണ് വിൽക്കുന്നത്. കേസിൽ പ്രതിയുടെ സഹായിയായ ശ്രീരാജിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കാൽ കിലോ കഞ്ചാവുമായാണ് ഇയാളെ പൊലീസ് പിടികൂടിയത്.