കോഴിക്കോട്: കോഴിക്കോട് പന്നിയങ്കരയിൽ കൊവിഡ് നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന ആള്‍ മരിച്ചു. പന്നിയങ്കര മേലേരിപ്പാടത്തെ എം പി മുഹമ്മദ് കോയ ആണ് മരിച്ചത്. ഇയാളുടെ കുടുംബാംഗങ്ങൾ കൊവിഡ് ബാധിതരായി ചികിത്സയിലാണ്. മുഹമ്മദ് കോയയുടെ ആദ്യ പരിശോധനയിൽ നെഗറ്റീവ് ആയിരുന്നു.

അതിനിടെ, സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് നിന്നെത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നതിനിടെ മരിച്ച മലപ്പുറം കാളികാവ് സ്വദേശിക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ചോക്കാട് സ്വദേശി ഇർഷാദലി(29)യാണ് മരിച്ചത്. വിദേശത്ത് നിന്നെത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു ഇയാള്‍.

ദുബൈയിൽ വച്ച് ഇർഷാദലിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗം ഭേദമായ ശേഷമാണ് നാട്ടിലേക്ക് മടങ്ങിയതെന്നാണ് വ്യക്തമാക്കിയിരുന്നത്. തിരിച്ചെത്തിയ ശേഷം വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് ഇർഷാദലിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടത്തിയത്.