ട്രെയിനിൽ കയറിയ യാത്രക്കാരുടെ മുഴുവൻ വിവരങ്ങൾ പൊലീസും റെയിൽവെയും പരിശോധിച്ചിരുന്നു. ഇതിൽ എറണാകുളത്ത് നിന്ന് കയറേണ്ട ജയ്സിംഗ് കയറിയിട്ടില്ലെന്ന് വ്യക്തമായി
പാലക്കാട്: വ്യാജ ബോംബ് ഭീഷണിയെ തുടർന്ന് രാജധാനി എക്സ്പ്രസ് യാത്രക്കാരനെ പിടികൂടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. എറണാകുളത്ത് നിന്ന് കയറേണ്ട യാത്രക്കാരനായിരുന്ന ജയ്‌സിംഗ് റാത്തറാണ് ട്രെയിൻ കിട്ടാതെ വന്നതിനാൽ വ്യാജ ബോംബ് ഭീഷണി മുഴക്കി ട്രെയിൻ വൈകിപ്പിച്ചത്. ഇയാൾ സ്വന്തം ഫോണിൽ നിന്നാണ് ബോംബ് ഭീഷണി മുഴക്കിയത്. 108 കിലോമീറ്റർ യാത്ര ചെയ്ത് ഷൊർണൂരിലെത്തിയ പ്രതി കൃത്യമായി പൊലീസിന്റെ വലയിൽ തന്നെ ചാടി.
കുബുദ്ധി പണിയായി: ബോംബ് ഭീഷണി മുഴക്കി ട്രെയിൻ വൈകിപ്പിക്കാൻ ശ്രമം, യാത്രക്കാരൻ ഷൊർണൂരിൽ പിടിയിൽ
ഷൊർണൂരിൽ ഇന്നലെ രാത്രിയാണ് രാജധാനി എക്സ്പ്രസ് പിടിച്ചിട്ടത്. തിരുവനന്തപുരത്ത് നിന്ന് ദില്ലിയിലേക്കുള്ള ട്രെയിനിന് എറണാകുളം പിന്നിട്ടപ്പോഴാണ് വ്യാജ ബോംബ് ഭീഷണി ഉണ്ടായത്. എറണാകുളത്ത് നിന്ന് കയറേണ്ട ജയ്സിംഗ് ട്രെയിനിൽ കയറാൻ വേണ്ടി പ്രയോഗിച്ച തന്ത്രമാണ് ഇതിന് കാരണമായത്. ഭീഷണിയെ തുടർന്ന് ഷൊർണൂരിൽ ട്രെയിൻ നിർത്തിയിട്ടു. ബോംബ് സ്ക്വാഡും പൊലീസും ആർപിഎഫും ചേർന്ന് ട്രെയിൻ അരിച്ചുപെറുക്കി. ഈ സമയത്ത് എറണാകുളത്ത് നിന്ന് മറ്റൊരു ട്രെയിനിൽ ജയ്സിംഗ് റാത്തർ യാത്ര പുറപ്പെട്ടു.
അതേസമയം ട്രെയിനിൽ കയറിയ യാത്രക്കാരുടെ മുഴുവൻ വിവരങ്ങൾ പൊലീസും റെയിൽവെയും പരിശോധിച്ചിരുന്നു. ഇതിൽ എറണാകുളത്ത് നിന്ന് കയറേണ്ട ജയ്സിംഗ് കയറിയിട്ടില്ലെന്ന് വ്യക്തമായി. എന്നാൽ ഷൊർണൂരിൽ ബോംബ് പരിശോധനക്കിടെ ജയ്സിംഗിനെ സീറ്റിൽ കണ്ട പൊലീസിന് സംശയം ഉയർന്നു. ഇയാളോട് പൊലീസ് ചോദ്യങ്ങൾ ചോദിച്ചു. ഇതിനിടെ റെയിൽവെ കൺട്രോൾ റൂമിലേക്ക് ഭീഷണി സന്ദേശം വന്ന ഫോൺ നമ്പറും പൊലീസിന് കിട്ടി. ഇതും അന്വേഷണത്തിൽ നിർണായകമായി. ജയ്സിംഗ് സ്വന്തം ഫോണിൽ നിന്നാണ് ഭീഷണി മുഴക്കിയതെന്ന് വ്യക്തമായതോടെയാണ് അറസ്റ്റിലേക്ക് നീങ്ങിയത്.
രണ്ടുവിമാനവും മിസ്സായി; കലിപ്പിലായ സൈനികൻ ബോംബ് ഭീഷണി മുഴക്കി, വിമാനത്താവളം വിടും മുമ്പേ പൊക്കി പൊലീസ്
ഇന്നലെ അർധരാത്രിയോടെയാണ് സംഭവമെല്ലാം നടന്നത്. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട രാജധാനി എക്സ്പ്രസ് എറണാകുളത്ത് 11.30 യ്ക്ക് എത്തി. ജയ്‌സിംഗ് ഇവിടെ നിന്ന് ട്രെയിനിൽ കയറേണ്ടതായിരുന്നു, പക്ഷെ കഴിഞ്ഞില്ല. ബോംബ് ഭീഷണി മുഴക്കി ട്രെയിൻ പരിശോധനയ്ക്ക് പിടിച്ചിട്ടാൽ പിന്നാലെ പോയി ട്രെയിനിൽ കയറാമെന്ന നിഗമനത്തിലാണ് ജയ്സിംഗ് ഈ ഉദ്യമത്തിലേക്ക് തിരിഞ്ഞത്. പദ്ധതിയിട്ട പോലെ ട്രെയിൻ വൈകിപ്പിക്കാനും പിന്നാലെ പോയി ട്രെയിനിൽ കയറാനും സാധിച്ചെങ്കിലും പൊലീസ് പിടിച്ചതോടെ യാത്ര മുടങ്ങി. ആർപിഎഫിന്റെ കസ്റ്റഡിയിലാണ് പ്രതി. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തേക്കും.
