Asianet News MalayalamAsianet News Malayalam

സുഹൃത്തുക്കളുമായി ബാറിലിരുന്ന യുവാവിനെ പിന്നെ കണ്ടത് റോഡരികിൽ; 3 മാസത്തിന് ശേഷം മരണം, ഒന്നുമറിയാതെ വീട്ടുകാർ

ഒപ്പമിരുന്ന് മദ്യപിച്ച സുഹൃത്തുക്കൾക്ക് സംഭവത്തിൽ പങ്കുണ്ടെന്ന് അരുണിന്റെ കുടുംബം ആരോപിക്കുന്നുണ്ട്. എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും വ്യക്തമല്ല.

man was inside a bar with friends but later found heavily injured near a road and family is clueless
Author
First Published Aug 31, 2024, 2:59 AM IST | Last Updated Aug 31, 2024, 2:59 AM IST

ആലപ്പുഴ: മ‍‍ർദ്ദനമേറ്റ് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളിയായ യുവാവ് മരിച്ച സംഭവത്തിൽ കുറ്റക്കാരെ കണ്ടെത്തണമെന്ന് കുടുംബം. മെയ് 16ന് മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന പുറക്കാട് സ്വദേശി അരുൺ കഴിഞ്ഞ ദിവസമാണ് മരിച്ചത്. പോലിസ് അന്വേഷണം തൃപ്തികരമല്ലെന്നും ബാറിൽ വച്ചുണ്ടായ അടിപിടിയെ കുറിച്ച് ഉൾപ്പടെ അന്വേഷണം വേണമെന്നും കുടുംബം പറഞ്ഞു.

കഴിഞ്ഞ മെയ് 16ന് രാത്രി സുഹൃത്തുക്കളുമായി അമ്പലപ്പുഴയിലെ ബാറിൽ മദ്യപിക്കാനായി എത്തിയതായിരുന്നു പുറക്കാട് സ്വദേശി അരുൺ. ബാറിൽ സംഘർഷം ഉണ്ടായതായി പറയുന്നു. പിന്നീട് റോഡരികിൽ ബോധരഹിതനായാണ് അരുണിനെ കണ്ടെത്തുന്നത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തിയാണ് ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. കൂട്ടുകാർക്ക് സംഭവത്തിൽ പങ്കുണ്ടെന്നും അവർ പലതും മറച്ചു വയ്ക്കുന്നതായും വീട്ടുകാർ പറയുന്നു. 

​ഗുരുതരമായി പരിക്കേറ്റ് തലയ്ക്ക് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ അരുൺ 100 ദിവസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചത്. അമ്പലപ്പുഴ പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുത്തതല്ലാതെ ഒരു നടപടിയും ഉണ്ടാകാതിരുന്നതോടെ ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകി. എന്നാൽ ആരാണ് അരുണിനെ മ‍ർദ്ദിച്ചതെന്ന് ഇതുവരെ കണ്ടത്തിയിട്ടില്ല. സംഭവത്തിൽ ദുരൂഹത ഉണ്ടെന്നാണ് വീട്ടുകാരുടെ ആരോപണം. ഒരു വ‍ർഷം മുമ്പാണ് അരുണിന്റെ വിവാഹം കഴിഞ്ഞത്. മകനെ കൊന്നതാണെന്നും കുറ്റക്കാരെ നിയമത്തിന് മുമ്പിൽ കൊണ്ടുവരണമെന്നുമാണ് ഈ മത്സ്യത്തൊഴിലാളി കുടുംബം ആവശ്യപ്പെടുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios