കൊച്ചി: ബിജെപി നടത്തിയ പ്രതിഷേധ മാർച്ചിന് മുന്നിൽ ചെങ്കൊടിയുമായി നിന്ന് മുദ്രാവാക്യം വിളിച്ചയാള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഖുറാൻ വിവാദത്തിൽ സംസ്ഥാന സർക്കാരിനെതിരെ നടത്തിയ സമരത്തിനെതിരെയായിരുന്നു എറണാകുളത്ത് ഒറ്റയാള്‍ പോരാട്ടം നടന്നത്. മാര്‍ച്ചിനെ ചെങ്കൊടിയുമായി എതിര്‍ത്തയാളുടെ വീഡിയോയും ചിത്രങ്ങളും വൈറലാവുകയും ചെയ്തിരുന്നു.

ഒറ്റയ്ക്ക് നടന്ന സമരമായിരുന്നെങ്കിലും അത് ആരാണെന്ന് കണ്ടെത്തിയിരുന്നില്ല. ആ ചിത്രത്തെച്ചൊല്ലിയുള്ള പോര്‍വിളികളും അവകാശവാദങ്ങളും സമൂഹമാധ്യമങ്ങളില‍ നടക്കുമ്പോള്‍ ഇതിനേക്കുറിച്ചൊന്നും അറിയാതെ ഇടപ്പള്ളിയിലുണ്ടായിരുന്നു ഈ സഖാവ്. സിപിഎം പ്രവര്‍ത്തകനും കെട്ടിടനിര്‍മ്മാണ തൊഴിലാളിയുമായ രതീഷ് പരശുരാമനാണ് ആ സഖാവ്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതിനാല്‍ തന്നെക്കുറിച്ച് സമൂഹമാധ്യങ്ങളില്‍ നടക്കുന്ന പ്രചാരണങ്ങളേക്കുറിച്ച് മുപ്പത്തിയേഴുകാരനായ രതീഷ് കഴിഞ്ഞ ദിവസമാണ് മനസിലാക്കുന്നത്. 

സെന്‍റ് ആല്‍ബര്‍ട്ട്സിലെ പ്രീഡിഗ്രി പഠനകാലം മുതല്‍ തുടങ്ങിയതാണ് ഇടതുപക്ഷത്തോടുള്ള ബന്ധമെന്ന് രതീഷ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറയുന്നു. പ്രീഡിഗ്രി പഠനത്തിന് ശേഷവും എസ്എഫ്ഐ സമരങ്ങളില്‍ ഭാഗമായിരുന്നു. തികച്ചും അനാവശ്യമായ കാര്യത്തിനാണ് ബിജെപി സമരം ചെയ്യുന്നത്. കമ്മീഷണര്‍ ഓഫീസിലേക്ക് സമരം വരുന്നുണ്ട് എന്നറിഞ്ഞപ്പോള്‍ പഴയ എസ്എഫ്ഐക്കാരന്‍  പാര്‍ട്ടി ഓഫീസിന് മുന്നിലുണ്ടായിരുന്ന ചെങ്കൊടിയുമായി നിരത്തിലേക്ക് ഇറങ്ങുകയായിരുന്നുവെന്ന് രതീഷ് പറയുന്നു. ഇടതുപക്ഷത്തെ ഇത്തരത്തില്‍ വേട്ടയാടുന്നതിനെ അല്‍പം പോലും പിന്തുണയ്ക്കാന്‍ പറ്റില്ലെന്നും രതീഷ് പറയുന്നു.

ഇടപ്പള്ളി സ്വദേശിയായ രതീഷ് എറണാകുളം പോണേക്കരയിലാണ് താമസം. അടുത്ത സുഹൃത്തും പാർട്ടി ജില്ലാ കമ്മിറ്റി അംഗവുമായ സി.കെ സനലിനോട് സംഭവത്തെക്കുറിച്ച് പറഞ്ഞപ്പോഴാണ് ഒറ്റയാള്‍ പോരാളി രതീഷാണെന്ന വിവരം പുറത്താവുന്നത്.