പേപ്പറുകൾ കാണിച്ച് ഒപ്പിടാൻ നിർബന്ധിക്കുന്നു. ഏകീകൃത കുർബാന അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ ഒരിക്കലും അംഗീകരിക്കില്ല. സ്ഥലം മാറ്റിയ വൈദികർക്ക് ചുമതല തിരിച്ചു നൽകിയില്ലെങ്കിൽ  പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും വിമത വൈദികർ.

കൊച്ചി: പ്രശ്നപരിഹാരത്തിനായി വന്ന വത്തിക്കാൻ പ്രതിനിധി എന്ന പേരിൽ വന്നയാൾ ഭീഷണിപ്പെടുത്തുന്നെന്ന് എറണാകുളം അങ്കാമാലി രൂപതയിലെ വൈദികർ. പേപ്പറുകൾ കാണിച്ച് ഒപ്പിടാൻ നിർബന്ധിക്കുന്നെന്നും സ്ഥലം മാറ്റിയ വൈദികർക്ക് ചുമതല തിരിച്ചു നൽകിയില്ലെങ്കിൽ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും ഏകീകൃത കുർബാന അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ ഒരിക്കലും അംഗീകരിക്കില്ലെന്നും വിമത വൈദികർ പറഞ്ഞു. സിറോ മലബാർ സഭ എറണാകുളം അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന അർപ്പിക്കാത്ത മൈനർ സെമിനാരിയിലെ 4 വൈദികരെ സ്ഥലം മാറ്റിയിരുന്നു.

സിനഡാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. ഈ സ്ഥലം മാറ്റം റദ്ദാക്കണം എന്നാവശ്യപ്പെട്ട് വിമത വിഭാഗത്തിലെ രണ്ട് വൈദികർ പ്രതിഷേധിച്ചിരുന്നു. കുര്യാക്കോസ് മുണ്ടടാൻ, സെബാസ്റ്റ്യൻ തളിയൻ എന്നീ വൈദികരാണ് കൊച്ചിയില്‍ ഉപവാസം തുടങ്ങിയത്. ഏകീകൃത കുർബാന നടപ്പാക്കാൻ വിസമ്മതിച്ച തൃക്കാക്കര മൈനർ സെമിനാരിയിലെ വൈദികരായ ജോമോൻ മാടവനക്കാട്, അലക്സ് കരീമഠം, വക്കച്ചൻ കുന്പയിൽ, വർഗീസ് അമ്പലത്തിൽ എന്നിവരെ സ്ഥലം മാറ്റിയ നടപടിയാണ് സിറോ മലബാർ സഭ ആസ്ഥാനത്തെ പ്രതിഷേധത്തിന് കാരണമായത്. സത്യാഗ്രഹം നടത്തിയ വൈദികരെ മൗണ്ട് സെന്റ് തോമസിൽ നിന്ന് പൊലീസ് എത്തി മാറ്റുകയായിരുന്നു.

Read More: വിമത പ്രതിഷേധം ശക്തം: എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ ഏകീകൃത കുർബാന ഉപേക്ഷിച്ചു

എറണാകുളം അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന നടത്താൻ വത്തിക്കാൻ പ്രതിനിധി നൽകിയ നിർദ്ദേശം നടപ്പില്ലായിരുന്നില്ല. ഭൂരിഭാഗം പള്ളികളിലും ജനാഭിമുഖ കുർബാനയാണ് ഇപ്പോഴും നടക്കുന്നത്. വത്തിക്കാൻ പ്രതിനിധിയുടെ നിർദേശം പാലിക്കില്ലെന്ന് വിമത വിഭാഗം ആദ്യമേ നിലപാട് എടുത്തിരുന്നു. കേരളത്തിലെത്തിയ മാർപാപ്പയുടെ പ്രതിനിധി ആർച്ച് ബിഷപ്പ് സിറിൽ വാസിൽ എറണാകുളം സെന്റ് മേരിസ് ബസലിക്കയിൽ പ്രാർത്ഥനക്ക് എത്തിയപ്പോൾ വലിയ പ്രതിഷേധമാണ് ഉണ്ടായത്.

സ്ഥലത്ത് തടിച്ചുകൂടിയ പ്രതിഷേധക്കാരായ വിശ്വാസികൾ ആർച്ച് ബിഷപ്പിനെ തടയുകയും ആർച്ച് ബിഷപ്പിന് നേരെ കുപ്പിയെറിയുകയും ചെയ്തിരുന്നു എന്നാൽ സ്ഥലത്തുണ്ടായിരുന്ന വൻ പൊലീസ് സന്നാഹം പ്രതിഷേധക്കാരെ ബലംപ്രയോഗിച്ച് നീക്കി ആർച്ച് ബിഷപ്പിനെ സെന്റ് മേരീസ് ബസലിക്കയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്