കൊച്ചി: ഐസൊലേഷന്‍ വാര്‍ഡാക്കി മാറ്റുന്നതിന് പുതിയ വീട് വിട്ടുനല്‍കാന്‍ സന്നദ്ധത അറിയിച്ച് യുവാവ്. എറണാകുളം പള്ളിക്കരയില്‍ മൂന്നു മുറികളും എല്ലാവിധ സൗകര്യങ്ങളുമുള്ള വീട് ഐസൊലേഷന്‍ വാര്‍ഡാക്കാന്‍ നല്‍കാമെന്ന് കറുകപ്പാടത്ത് കെ എസ് ഫസലു റഹ്മാന്‍ അറിയിച്ചു.

അന്തേവാസികള്‍ക്കായി കൊച്ചിന്‍ ഫുഡീസ് റിലീഫ് ആര്‍മിയുടെ നേതൃത്വത്തില്‍ ഭക്ഷണം എത്തിക്കാനും തയ്യാറാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. സ്വകാര്യസ്ഥാപനത്തില്‍ റീജണല്‍ മാനേജരായ ഫസലു ഇപ്പോള്‍ കൊടുങ്ങല്ലൂരിലെ കുടുംബവീട്ടിലാണ് താമസിക്കുന്നത്. 

അടിയന്തസാഹചര്യത്തില്‍ ജോലിയെടുക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വീട് വിട്ട് നല്‍കാനും ഫസലു തയ്യാറാണ്. വീടിന്റെ പാലുകാച്ചല്‍ ചടങ്ങ് നടന്നത് രണ്ടുമാസങ്ങള്‍ക്ക് മുമ്പാണ്. കുറച്ചു ദിവസങ്ങള്‍ മാത്രമെ വീട്ടില്‍ താമസിച്ചിട്ടുള്ളൂ എന്നും തന്നാല്‍ കഴിയുന്നത് ചെയ്യണമെന്ന ആഗ്രഹമാണ് ഈ തീരുമാനത്തിന് പിന്നിലെന്നുമാണ് ഫസലു പറയുന്നത്. പോസ്റ്റ് കണ്ട് സന്നദ്ധസംഘടനകള്‍ ഭക്ഷണമെത്തിക്കാന്‍ താല്‍പ്പര്യം അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക