മാനന്തവാടി: മാനന്തവാടി മുതിരേരി അതിക്രമത്തിലെ പ്രതികളായ അഞ്ച് സിപിഎം പ്രവർത്തകർ കീഴടങ്ങി. പ്രതികളായ നിനോജ്‌, അനൂപ്, അനീഷ്, ബിനീഷ്, അജീഷ് എന്നിവരാണ് വെള്ളമുണ്ട സിഐക്ക് മുന്നിൽ കീഴടങ്ങിയത്. പെൺകുട്ടികളെ അധിക്ഷേപിക്കുകയും കുളിക്കുമ്പോൾ ദൃശ്യങ്ങൾ പകർത്തുകയും ചെയ്ത കേസിലെ പ്രതികളാണ് ഇവര്‍. അതിക്രമം ചോദ്യം ചെയ്തതിന് പെൺകുട്ടികളുടെ അച്ഛനെ ഇവർ ക്രൂരമായി മർദ്ദിക്കുകയും ചെയ്തിരുന്നു. കാന്റയിൻമെൻറ് സോൺ ആയ മാനന്തവാടിക്ക് പുറത്തു ഒളിവിൽ കഴിഞ്ഞ പ്രതികളെ അറസ്റ്റ് രേഖപ്പെടുത്തി ക്വാറന്റൈൻ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

മെയ് 8 നായിരുന്നു സംഭവം. കുളിക്കടവില്‍വച്ച് സിപിഎം പ്രവർത്തകർ പെൺകുട്ടികളെ അധിക്ഷേപിക്കുകയും, ഇത് ചോദ്യം ചെയ്ത പിതാവിനെ ക്രൂരമായി മർദിക്കുകയും ചെയ്ത സംഭവം ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുകൊണ്ടുവന്നത്. പ്രതികളെ സംരക്ഷിക്കാന്‍ പോലീസ് ശ്രമിക്കുകയാണെന്നായിരുന്നു കുടുംബത്തിന്‍റെ പരാതി. സംഭവം നടന്ന് 10 ദിവസത്തിന് ശേഷമാണ് പ്രതികള്‍ പൊലീസിന് മുന്നിൽ കീഴടങ്ങുന്നത്. 

മാനന്തവാടി അതിക്രമം: പ്രതികളെ ന്യായീകരിച്ച് സിപിഎം ജില്ലാ സെക്രട്ടറി

സംഭവത്തില്‍ കേസെടുത്ത മാനന്തവാടി പോലീസ് ഒളിവില്‍പോയ പ്രതികൾക്കായി തിരച്ചില്‍ തുടരുകയാണെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ വാർത്ത പുറത്തുവന്നതിന് പിന്നാലെ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു, അന്വേഷണസംഘത്തോട് റിപ്പോർട്ടും ആവശ്യപ്പെട്ടു. ഇതോടെ സമ്മർദ്ദത്തിലായതോടെയാണ് പൊലീസ് നടപടികൾ ഊർജിതമാക്കിയത്.