തിരുവനന്തരപുരം: കോടിയേരിക്കെതിരെ മാണി സി കാപ്പൻ മൊഴി നൽകിയിരുന്നുവെന്ന് മുൻ സിബിഐ ഡിവൈഎസ്പി എം.കെ തിവാരി. ദിനേശ് മേനോന്റെ വാക്കാലുള്ള പരാതിയിൽ ഇടപെട്ട് മാണി സി കാപ്പനെ താന്‍ വിളിപ്പിച്ചിരുന്നു. പണം തിരികെ നൽകണമെന്ന് അദ്ദേഹത്തോട് പറഞ്ഞു. ഇതേ തുടര്‍ന്ന് കാപ്പന്‍ തനിക്കെതിരെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുകയും തനിക്കെതിരെ വകുപ്പ് തല അച്ചടക്ക നടപടിയുണ്ടാവുകയും ചെയ്തുവെന്നും തിവാരി ഏഷ്യാനെറ്റ് ന്യൂസിനോട് സ്ഥിരീകരിച്ചു. 

തനിക്കെതിരായ പരാതിയില്‍ അന്നത്തെ സിബിഐ എസ്പി പിവി ഹരികൃഷ്ണ മുന്‍പാകെ ഹാജരായി മാണി സി കാപ്പന്‍ മൊഴി നല്‍കിയിരുന്നു. ആ മൊഴി ഇപ്പോള്‍ പൂര്‍ണമായും ഓര്‍മ്മിച്ചെടുക്കാന്‍ സാധിക്കുന്നില്ല. എന്നാല്‍ പി.വി. ഹരികൃഷ്ണയ്ക്ക് നൽകിയ മൊഴിയിൽ കോടിയേരിയുടെ പേര് കാപ്പന്‍ പരാമർശിച്ചിരുന്നു.  

ദിനേശ് മേനോനും കാപ്പനുമായുള്ള സാമ്പത്തിക തർക്കത്തിൽ മേനോന്‍ ആവശ്യപ്പെട്ട പ്രകാരമാമ് താന്‍ ഇടപെട്ടത്. ദിനേശ് മേനോനെ കൂടാതെ മുന്‍ എസ്പി ജോസഫിനും പണം നഷ്ടമായിരുന്നു.  ഇതിനെതിരെ കാപ്പൻ മേലുദ്യോഗസ്ഥർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ  ദില്ലിയിൽ നിന്ന് ചണ്ഡിഗഢിലേക്ക് സ്ഥലം മാറ്റുകയും പ്രമോഷൻ തടയുകയും ചെയ്തിരുന്നു. 

തിവാരിക്കെതിരായ തന്‍റെ പരാതിയിൽ നടപടിയുണ്ടായെന്ന് കാപ്പൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇതേക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ തിവാരി വെളിപ്പെടുത്തുന്നത്. ദിനേശ് മേനോന് നല്‍കാനുള്ള പണം നല്‍കി പ്രശ്നം പരിഹരിക്കണമെന്ന് താന്‍ കാപ്പനോട് ആവശ്യപ്പെട്ടിരുന്നുവെന്നും തിവാരി കൂട്ടിച്ചേര്‍ക്കുന്നു.