മലപ്പുറം: കൊവിഡ് ആശുപത്രിയായ   മഞ്ചേരി ഗവണ്‍മെന്‍റ് മെഡിക്കൽ കോളജിൽ പണമില്ലാത്തതിനാല്‍  താത്ക്കാലിക ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങി. കോവിഡ് ഡ്യൂട്ടിയിലുള്ളവർക്ക് ജൂൺ മാസത്തെ ശമ്പളം പോലും  ഇതുവരെ കിട്ടിയില്ല.

ശുചീകരണതൊഴിലാളികളും നഴ്സുമാരും സുരക്ഷാ ജീവനക്കാരുമടക്കമുള്ള താൽക്കാലിക ജീവനക്കാരാണ് ശമ്പളമില്ലാതെ ദുരിതത്തിലായത്. കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ഹോസ്പിറ്റല്‍ മാനേജ് കമ്മിറ്റി  കരാര്‍ അടിസ്ഥാനത്തില്‍  നിയമിച്ച 526   ജീവനക്കാരാണ് പ്രതിസന്ധിയിലായത്. 

മെഡിക്കല്‍ കോളേജ് ആശുപത്രി കൊവിഡ് ആശുപത്രിയാക്കിയതോടെ  വരുമാനം നിലച്ചതാണ് ശമ്പളം മുടങ്ങാൻ കാരണം. ഇനിയും  ശമ്പളം വൈകുകയാണെങ്കില്‍ ജോലി നിര്‍ത്തിവച്ചുള്ള സമരത്തിനൊരുങ്ങുകയാണ് കരാര്‍ ജീവനക്കാര്‍.