മലപ്പുറം: മ‍ഞ്ചേരി മെഡിക്കൽ കോളജിൽ ആളുമാറി ശസ്ത്രക്രിയ ചെയ്ത സംഭവത്തില്‍ മെഡിക്കൽ കോളജ് സൂപ്രണ്ട് മനുഷ്യാവകാശ കമ്മീഷന് റിപ്പോർട്ട് നൽകി. ഓപ്പറേഷൻ തിയറ്ററിലെ വിവിധ തലത്തിലുള്ള ജീവനക്കാരുടെയും ഓപ്പറേഷൻ ചെയ്ത സർജന്‍റെയും ശ്രദ്ധക്കുറവാണ് ആളുമാറി ശസ്ത്രക്രിയ നടത്തുന്നതിന് കാരണമായതെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്.

ഐഡന്‍റിറ്റി കാർഡ് നോക്കി രോഗിയെയും സർജ്ജറിയും ഉറപ്പ് വരുത്തുന്നതിൽ വലിയ ജാഗ്രതക്കുറവുണ്ടായി. ഡാനിഷ് എന്ന ഏഴ് വയസ്സുകാരന് മൂക്കിൽ ശസ്ത്രക്രിയ ചെയ്യേണ്ടതിന് പകരം ഹർണിയയ്ക്കുള്ള ശസ്ത്രക്രിയയാണ് ചെയ്തത്. ശസ്ത്രക്രിയക്കുള്ള സമ്മതപത്രം രക്ഷിതാക്കളിൽ നിന്ന് എഴുതി വാങ്ങിയില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. പിഴവ് പറ്റിയെന്ന് കാണിച്ച് സൂപ്രണ്ട് നേരത്തെ ആരോഗ്യ വകുപ്പ് സെക്രട്ടറിക്കും റിപ്പോർട്ട് നൽകിയിരുന്നു.