Asianet News MalayalamAsianet News Malayalam

മഞ്ജു വാര്യര്‍ ആദിവാസികള്‍ക്ക് വീട് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് വഞ്ചിച്ചെന്ന പരാതിയില്‍ ഒത്തുതീർപ്പ്

10 ലക്ഷം രൂപ സർക്കാരിന് നൽകി കോളനിയുടെ നവീകരണത്തിൽ പങ്കാളിയാകുമെന്നും ഈ വിഷയത്തിൽ ഇനിയും അപമാനം സഹിക്കാൻ വയ്യെന്നും മഞ്ജു കത്തിലൂടെ ലീഗല്‍ സര്‍വീസസ് അതോറിറ്റിയെ അറിയിച്ചു.

manju warrier foundation cheating case has been settled
Author
Wayanad, First Published Jul 15, 2019, 6:09 PM IST

വയനാട്: നടി മഞ്ജു വാര്യര്‍ ആദിവാസി കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ച് നല്‍കാമെന്ന് വാഗ്ദാനം നല്‍കി വഞ്ചിച്ചുവെന്ന പരാതിയില്‍ ഒത്തുതീർപ്പായി.  10 ലക്ഷം രൂപ സർക്കാരിന് നൽകി കോളനിയുടെ നവീകരണത്തിൽ പങ്കാളിയാകുമെന്നും ഈ വിഷയത്തിൽ ഇനിയും അപമാനം സഹിക്കാൻ വയ്യെന്നും മഞ്ജു കത്തിലൂടെ ലീഗല്‍ സര്‍വീസസ് അതോറിറ്റിയെ അറിയിച്ചു. പദ്ധതി നടപ്പാക്കാനുള്ള തുക കണ്ടെത്താൻ ഒറ്റയ്ക്ക് സാധിക്കില്ലെന്നാണ് കത്തിലെ വിശദീകരണം. കോളനിയിയുടെ നവീകരണത്തിനായി മൂന്നര ലക്ഷത്തോളം രൂപ ഇതിനോടകം ചെലവഴിച്ചെന്നും കത്തില്‍ പറയുന്നു.  

വയനാട് പനമരം പഞ്ചായത്തിലെ പരക്കുനി ആദിവാസി കോളനിയിലെ 57 കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ച് നല്‍കാമെന്ന് മഞ്ജു വാര്യർ ഫൗണ്ടേഷന്‍ വാഗ്ദാനം നല്‍കിയെന്നും ഇതുവരെ അത് പാലിച്ചില്ലെന്നുമായിരുന്നു കോളനി നിവാസികളുടെ പരാതി. 2017 ല്‍ നല്‍കിയ വാഗ്ദാനം ഒന്നര വര്‍ഷമായിട്ടും വാക്ക് പാലിക്കുന്നില്ലെന്നാണ് ആരോപണം ഉയര്‍ന്നത്. മഞ്ജു വാര്യരുടെ വാഗ്ദാനമുള്ളതിനാല്‍ ഭവനനിര്‍മ്മാണത്തിനുള്ള സര്‍ക്കാരിന്‍റെ വിവിധ സഹായങ്ങള്‍ ലഭിക്കാതെയായെന്നും കോളനിക്കാര്‍ ആരോപിച്ചിരുന്നു. ഈ കാര്യത്തില്‍ ഒരു തീരുമാനമുണ്ടായില്ലെങ്കില്‍ മഞ്ജു വാര്യരുടെ വീടിന് മുന്നിൽ കുടിൽ കെട്ടി സമരം ചെയ്യുമെന്നും ആദിവാസികൾ പറഞ്ഞിരുന്നു. 

manju warrier foundation cheating case has been settled

ആദിവാസി കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞ് വഞ്ചിച്ചിട്ടില്ലെന്നായിരുന്നു മഞ്ജു വാര്യരുടെ മറുപടി. ആദിവാസികളെ ആരോ തെറ്റിദ്ധരിപ്പിച്ചതാകാമെന്നും മഞ്ജു വാര്യർ വിശദമാക്കിയിരുന്നു. പദ്ധതിക്ക് വേണ്ടി സര്‍വേ നടത്തിയിരുന്നു. എന്നാല്‍, തനിക്ക് മാത്രം ചെയ്യാൻ കഴിയാത്തതിനാൽ സർക്കാറിന്‍റെ സഹായം തേടിയിരുന്നതായും മഞ്ജു വാര്യര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പരാതിയില്‍ മഞ്ജു വാര്യരോട് നേരിട്ട് ഹാജരാകണമെന്ന് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ആവശ്യപ്പെട്ടിരുന്നെങ്കിലും മഞ്ജുവിന് വേണ്ടി വക്കീലാണ് വിശദീകരണ കത്ത് നല്‍കിയത്. സർക്കാർ സഹായത്തിലൂടെയെങ്കിലും കോളനിയിൽ പദ്ധതി നടപ്പാകുമെന്നാണ് പ്രതീക്ഷയെന്ന് കോളനി നിവാസികൾ ഹിയറിങ്ങിന് ശേഷം പ്രതികരിച്ചു.

Also Read: ആദിവാസികള്‍ക്ക് വീട് നിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞ് പറ്റിച്ചെന്ന ആരോപണം: മറുപടിയുമായി മഞ്ജു വാര്യര്‍

Follow Us:
Download App:
  • android
  • ios