Asianet News MalayalamAsianet News Malayalam

മൻസൂര്‍ വധം: അറസ്റ്റിലായ നാലാം പ്രതി മരിച്ച രതീഷിനൊപ്പം ഉണ്ടായിരുന്നതായി പൊലീസ്

ഇവരോടൊപ്പം മറ്റു രണ്ട് പ്രതികളും ഇവര്‍ക്ക് ഒളിവിൽ കഴിയാൻ സഹായം ചെയ്ത ഒരാളുമുണ്ടായിരുന്നുവെന്നാണ് വിവരം.  

mansoor murder case accuse ratheesh death
Author
Kozhikode, First Published Apr 12, 2021, 1:43 PM IST

കോഴിക്കോട്: മൻസൂർ വധക്കേസിൽ അറസ്റ്റിലായ നാലാം പ്രതി ശ്രീരാഗും മരിച്ച നിലയിൽ കണ്ടെത്തിയ രണ്ടാം പ്രതി രതീഷും ഒന്നിച്ച് ഒളിവിൽ കഴിഞ്ഞതായി പൊലീസിന്റെ കണ്ടെത്തൽ. ചെക്യാട് ഭാഗത്ത് വീടുകളിലും പറമ്പിലുമായാണ് ഇരുവരും ഒളിച്ച് താമസിച്ചത്. ഇവരോടൊപ്പം മറ്റു രണ്ട് പ്രതികളും ഇവര്‍ക്ക് ഒളിവിൽ കഴിയാൻ സഹായം ചെയ്ത ഒരാളുമുണ്ടായിരുന്നുവെന്നാണ് വിവരം.  

ചെക്യാട്ട് അരൂണ്ട കൂളിപ്പാറയിലെ ആളൊഴിഞ്ഞ പറമ്പിലെ കശുമാവിൽ തൂങ്ങിയ നിലയിൽ രതീഷിന്റെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടം പരിശോധനയിൽ രതീഷിൻ്റെ ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റതായി കണ്ടെത്തിയിരുന്നു. രതീഷിൻ്റേത് തൂങ്ങിമരണമല്ല കൊലപാതകമാണ് എന്ന നിഗമനത്തിലാണ് പൊലീസ്. 

പ്രതികൾ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ രതീഷ് കൊല്ലപ്പെട്ടതെന്ന് കെ.സുധാകരൻ എംപി ഇന്ന് ആരോപിച്ചിരുന്നു. ഒരു സിപിഎം നേതാവിനെ ഭയപ്പെടുത്തി സംസാരിക്കാൻ രതീഷ് ശ്രമിച്ചതാണ് അയാളുടെ ജീവനെടുത്തതെന്നും അപ്രതീക്ഷിതമുണ്ടായ വാക്കേറ്റത്തിനും സംഘര്‍ഷത്തിനും ഒടുവിൽ കൊല്ലപ്പെട്ട രതീഷിനെ ഒപ്പമുണ്ടായിരുന്നവര്‍ കെട്ടിത്തൂക്കിയതാണെന്നും കെ.സുധാകരൻ ആരോപിച്ചിരുന്നു. 

അതിനിടെ പാനൂരിലെ യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂർ കൊലക്കേസിൽ സിപിഎം പ്രതിരോധത്തിലായതോടെ രാഷ്ട്രീയ വിശദീകരണ യോഗങ്ങളുമായി നേതൃത്വം. പാർട്ടിയുടെ പ്രാദേശിക നേതാളും പ്രവർത്തകരും പ്രതിപ്പട്ടികയിലുള്ള സാഹചര്യത്തിൽ യുഡിഎഫ് പ്രചാരണം ചെറുക്കുകയാണ് ലക്ഷ്യം. ഇന്ന് ഉച്ചകഴിഞ്ഞ് മുന്ന് മണിയോടെ  കടവത്തൂർ മുതൽ പെരിങ്ങത്തൂർ വരെ കാൽനടയായി  സമാധാന സന്ദേശ യാത്ര നടത്തും.  മന്ത്രി ഇപി ജയരാജൻ എംവി ജയരാജൻ പി ജയരാജൻ എന്നിവർ  മൂന്ന് കേന്ദ്രങ്ങളിൽ സംസാരിക്കും. അതേസമയം ഒളിവിൽ പോയ  പ്രതികളെ പിടികൂടാൻ വൈകുന്നതിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് കളക്ടറേറ്റ് ധർണ്ണ നടത്തി.

Follow Us:
Download App:
  • android
  • ios