Asianet News MalayalamAsianet News Malayalam

തമിഴ്‍നാട് അതിര്‍ത്തിയില്‍ കൊവിഡ് വര്‍ധന; കുളത്തൂപ്പുഴയില്‍ 50 പേര്‍ നിരീക്ഷണത്തില്‍, കൊല്ലം ജാഗ്രതയില്‍

കുളത്തൂപ്പുഴ പഞ്ചായത്തിലെ കുമരംകരിക്കം സ്വദേശിയായ 31 കാരന് തമിഴ്‌നാട് പുളിയൻകുടിയിൽ നിന്ന് വന്ന ശേഷമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

many more under covid observation in Kulathupuzha
Author
Kollam, First Published Apr 22, 2020, 10:18 AM IST

കൊല്ലം: തമിഴ്‍നാട് കേരള അതിര്‍ത്തിപ്രദേശമായ കുളത്തൂപ്പുഴ അതീവ ജാഗ്രതയില്‍. പ്രദേശവാസിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണിത്. നിരവധിപേരുമായി രോഗബാധിതന്‍ സമ്പര്‍ക്കം പുലര്‍ത്തിയത് ആശങ്ക ഉയര്‍ത്തുന്നതാണ്. യുവാവിന്‍റേത് വിപുലമായ സമ്പര്‍ക്ക പട്ടികയായതിനാല്‍ ജനപ്രതിനിധികള്‍ അടക്കം അമ്പതിലേറെ പേര്‍ നിരീക്ഷണത്തിലാണ്. 

കുളത്തൂപ്പുഴ പഞ്ചായത്തിലെ കുമരംകരിക്കം സ്വദേശിയായ 31 കാരന് തമിഴ്‌നാട് പുളിയൻകുടിയിൽ നിന്ന് വന്ന ശേഷമാണ് കൊവിഡ് സ്ഥിരീകരിച്ചത്.  കൊവിഡ് വലിയ രീതിയില്‍ വ്യാപിച്ച പ്രദേശമാണ്  പുളിയൻകുടി. ഇയാൾ യാത്രാ വിവരം മറച്ചുവച്ച് പ്രദേശത്തെ ആളുകളുമായി ഇടപഴകിയിരുന്നു. അമ്പലക്കുളത്തില്‍ കുളിക്കാന്‍ പോവുകയും, ചായക്കടയില്‍ പോവുകയും ചെയ്തിട്ടുണ്ട്. രോഗി നിരവധി പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയെന്ന് കണ്ടെത്തിയതോടെ കൊല്ലം കുളത്തൂപ്പുഴ, ആര്യങ്കാവ്, തെന്മല എന്നീ പഞ്ചായത്തുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. 

ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് കാൽ നടയായും പച്ചക്കറി ലോറിയിലുമാണ് യുവാവ് അതിര്‍ത്തി കടന്ന് പോയത് . അതുകൊണ്ട് തന്നെ അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന വനപാതകളില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട് . ഇയാൾക്കൊപ്പം വീട്ടിലുണ്ടായിരുന്ന ബന്ധുവിനെ പരിശോധിച്ചെങ്കിലും നെഗറ്റീവ് ആണ്. ഈ യുവാവ് ഉൾപ്പെടെ ആറ് പേരാണ് ജില്ലയിൽ ഇപ്പോൾ ചികിത്സയിൽ ഉള്ളത്.

 

Follow Us:
Download App:
  • android
  • ios