തിരുവനന്തപുരം: കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങളോടെ രണ്ടാം ദിവസവും എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ പൂർത്തായി. എസ്എസ്എൽസിക്ക് 356 ഉം ഹയർസെക്കണ്ടറിയിൽ 4458 പേരും പരീക്ഷ എഴുതാനെത്തിയില്ല. കാസർകോട് അതിർത്തി വഴി കർണാടകയിൽ നിന്നെത്തേണ്ട കുട്ടികളാണ് കൂടുതളും പരീക്ഷക്ക് എത്താനാകാതിരുന്നത്. കാസര്‍കോട് ജില്ലയില്‍ പ്ലസ് ടുവിലെ 160 വിദ്യാര്‍ത്ഥികളും പ്ലസ് വണ്ണിലെ 182 പേരും പരീക്ഷ എഴുതിയില്ല. ഇതിൽ ആറുപേര്‍ വീടുകളിൽ നിരീക്ഷണത്തിലുള്ളവരാണ്. വിഎച്ച് എസ് ഇ വിഭാഗത്തിൽ 18 പേർ ഹാജരായില്ല.

എന്നാല്‍ ലോക്ക് ഡൗണിന് മുമ്പ് നടന്ന പരീക്ഷകളിലും ഇത്രയധികം പേർ പരീക്ഷക്ക് എത്തിയിരുന്നില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ വിശദീകരണം.പ്ലസ് വൺ-പ്ലസ് ടു, വിഎച്ച്എസ്സി വിഭാഗങ്ങളിലായി 3,63,000 പേരാണ് രാവിലെ പരീക്ഷ എഴുതിയത്. ഉച്ചതിരിഞ്ഞ് എസ്എസ്എൽസി പരീക്ഷ എഴുതിയത് 4,22,000 പേർ. പരീക്ഷാ നടത്തിപ്പിൽ കാര്യമായ പാളിച്ചകളില്ലാത്തതിന്‍റെ ആശ്വാസത്തിലാണ് സ്കൂൾ അധികൃതർ. നിരീക്ഷണങ്ങൾ ഉളളവർക്കും അതിർത്തി മേഖലയിലും തീവ്രബാധിത മേഖലകളിലും അതീവ ജാഗ്രതയോടെയായിരുന്നു പരീക്ഷ നടത്തിപ്പ്. പനി ഉളളവർക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും പരീക്ഷ എഴുതാൻ പ്രത്യേകസൗകര്യമൊരുക്കി. നാളെ കെമിസ്ട്രി പരീക്ഷയോടെ എസ്എസ്എൽസി പരീക്ഷ പൂർത്തിയാകും.